'താരങ്ങളുടെ പ്രതിഫലം താങ്ങാനാവുന്നില്ല, നിർമാതാക്കൾ നാടുവിട്ടുപോകേണ്ട ഗതികേടിൽ'; ജൂൺ ഒന്ന് മുതൽ സിനിമ സമരം
മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അഭിനേതാക്കളുടെ പ്രതിഫലം നിർമാതാക്കൾക്ക് താങ്ങാൻ കഴിയുന്നില്ലെന്നും നിർമാതാവ് ജി സുരേഷ് കുമാർ. ജി എസ് ടിക്കൊപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമ സമരം നടക്കും. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം.
പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണുള്ളതെന്നും പുതിയ ആളുകൾ പോലും വൻ തുക ഈടാക്കുന്നുവെന്നും സുരേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം നിർമാതാക്കളുടെ സംഘടനയോടൊപ്പം ഫെഫ്ക, എക്സിബിറ്റേഴ്‌സ്, വിതരണക്കാർ തുടങ്ങിയ യൂണിയനുകളുമായി നടന്ന സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.

മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം ഇരുന്നൂറ് സിനിമകൾ ഇറങ്ങിയതിൽ 24 സിനിമകൾ മാത്രമാണ് ഓടിയത്. വിജയം വെറും 12 ശതമാനമാണ്. കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ടാണ് പത്ത് ശതമാനത്തിൽ നിന്ന് പന്ത്രണ്ട് ശതമാനത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും 176 സിനിമകൾ ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞു. അത് ഉണ്ടാക്കിയ നഷ്ടം 650 മുതൽ 750 കോടി രൂപയ്ക്ക് ഇടയിലാണെന്ന് സുരേഷ് കുമാർ പറയന്നു.
സുരേഷ് കുമാറിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... പല നിർമാതാക്കൾക്കും നാടുവിട്ടുപോകേണ്ട ഗതികേടാണ് ഉണ്ടായത്. ഇപ്പോൾ ഞങ്ങൾ ഓരോ മാസവും കണക്കുകൾ എടുത്ത് തുടങ്ങി. ഈ ജനുവരിയിലെ കണക്ക് പ്രകാരം പുറത്തിറങ്ങിയ 28 ചിത്രങ്ങളിൽ ഒരു സിനിമ മാത്രമാണ് സാമ്പത്തികമായി വിജയിച്ചുവെന്ന് നമുക്ക് പറയാൻ കഴിയുന്നത്. ബാക്കിയെല്ലാം നഷ്ടം.
ഇപ്പോൾ ഇറങ്ങിയ രണ്ട് ചിത്രങ്ങൾ തരക്കേടില്ലാതെ പോകുന്നുണ്ട്. അതിന്റെ കണക്കുകൾ അടുത്ത മാസമെ കിട്ടൂ. ഈ കഴിഞ്ഞ മാസത്തെ നഷ്ടം മാത്രം 110 കോടി രൂപ വരും. ഇങ്ങനെ മുൻപോട്ട് പോയിക്കഴിഞ്ഞാൽ ഇൻഡസ്ട്രി തകർന്നടിഞ്ഞു പോകും. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ പറ്റാത്ത അവസ്ഥയാണ് വരുന്നത്. പ്രൊഡക്ഷൻ കോസ്റ്റ് ക്രമാതീതമായി വർധിച്ചു, ആർട്ടിസ്റ്റുകളുടെ പ്രതിഫലം നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത നിലയിലേക്ക് വർധിച്ചു. ഏറ്റവും വലിയ പ്രശ്നം ആർട്ടിസ്റ്റുകളുടെ പ്രതിഫലമാണ്. വലിയൊരു ഭീകരാവസ്ഥയാണ്.
ഇവരൊക്കെ വാങ്ങുന്ന പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങാൻ കഴിയുന്നതിന്റെ പത്തിരട്ടിയാണ്. ഇവർക്കൊന്നും യാതൊരു പ്രതിബദ്ധതയും ഈ ഒരു ഇൻഡസ്ട്രിയോട് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അമിതമായ പ്രതിഫലമാണ് ഇവർ വാങ്ങുന്നത് ആ പ്രതിഫലം കുറക്കാതെ നമുക്ക് മുമ്പോട്ട് പോകാൻ കഴിയില്ല. ഇതെല്ലാം കൂട്ടി നോക്കുമ്പോൾ മലയാളം സിനിമാ മേഖല തകർന്ന് കിടക്കുന്ന അവസ്ഥയാണ്.

നമ്മുടെ അസോസിയേഷനിൽ പണ്ട് ഒരു മാസം 25-30 പ്രോജക്റ്റ് വന്നിട്ടുണ്ടെങ്കിൽ ഇന്ന് വരുന്നത് അഞ്ചും ആറും പ്രോജക്ടാണ്. പല സാങ്കേതിക പ്രവർത്തകരും വീട്ടിൽ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. താഴെക്കിടയിലുള്ള 60 ശതമാനത്തിൽ അധികം ടെക്‌നീഷ്യൻസ് ജോലിയില്ലാതെ ഇരിക്കുകയാണ്. സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു രീതിയിലുള്ള സഹകരണവും ഇല്ല.
നമ്മൾ സിനിമയ്ക്ക് നികുതി ഇളവുകൾ നൽകാൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. ബജറ്റിലും ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ല. ഒരു രാജ്യം ഒരു നികുതി എന്നത് നടപ്പാക്കിയതിന് കേരളത്തിലും തമിഴ്‌നാട്ടിലും വിനോദ നികുതി ഏർപ്പെടുത്തി.
ഈ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമേ അത് ഏർപ്പെടുത്തിയുള്ളൂ. വിനോദ നികുതിയുടെ പുറത്ത് ജിഎസ്ടി കൂടി ഏർപ്പെടുത്തി 30 ശതമാനമാണ് നികുതി വരുന്നത്. അതായത് ഒരു രൂപ കിട്ടിയാൽ 30 പൈസ അവിടെ പോവുകയാണ്. സർക്കാരിന് ഇത്രയും പണം കിട്ടിയിട്ടും അഞ്ച് നയാപൈസയുടെ സഹായം ഇൻഡസ്ട്രിക്ക് വേണ്ടി ചെയ്യുന്നില്ല എന്നതാണ് ദുഖകരമായ സത്യമെന്നും സുരേഷ് കുമാർ പറഞ്ഞു.


Click it and Unblock the Notifications











