മാലിക്കിന് പിന്നാലെ പുതിയ ചിത്രവുമായി ഫഹദും മഹേഷ് നാരായണനും! എതിര്‍പ്പുമായി നിര്‍മ്മാതാക്കളുടെ സംഘടന
ലോക് ഡൗണ്‍ കാരണം മുടങ്ങിയ സിനിമകളുടെ ചിത്രീകരണം അടുത്തിടെയായിരുന്നു പുനരാരംഭിച്ചിരുന്നത്. ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സുനാമിയായിരുന്നു ആദ്യ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം. സുനാമിക്ക് പുറമെ പത്തോളം ചിത്രങ്ങളുടെ ഷൂട്ടിംഗും ഇപ്പോള്‍ നടക്കുന്നുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് എല്ലാവരും മുന്നോട്ടുപോവുന്നത്. നേരത്തെ അവസാന ഘട്ടത്തില്‍ എത്തിനിന്ന സമയത്തായിരുന്നു മിക്ക സിനിമകളെയും ലോക് ഡൗണ്‍ ബാധിച്ചിരുന്നത്.
നിലവില്‍ സിനിമകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുളള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിനിടെ ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രവും തുടങ്ങാനിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാലിക്കിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് സീ യൂ സൂണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

അതേസമയം ഫഹദ് ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. ലോക്ഡൗണ്‍ കാരണം നിന്നുപോയ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം മാത്രം പുതിയ ചിത്രങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് സംഘടനകളുടെ തീരുമാനം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും ഇത്തരക്കാരുമായി ഭാവിയില്‍ സഹകരിക്കില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.

അതേസമയം മാലിക്കിന് ശേഷമുളള ഫഹദ്- മഹേഷ് നാരായണ്‍ ചിത്രം കൊച്ചിയിലാണ് ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാതാക്കളുടെ തീരുമാനത്തെ തുടര്‍ന്ന് സിനിമ പ്രതിസന്ധിയിലായിരിക്കുകയാണ്. മാലികിന്റെ ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സമയത്താണ് പുതിയ സിനിമ ചെയ്യാനായി ഇരുവരും തീരുമാനിച്ചതെന്ന് അറിയുന്നു.

ടേക്ക് ഓഫിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിച്ച ചിത്രമാണ് മാലിക്ക്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്കായി ഫഹദ് ശരീര ഭാരം കുറച്ചതൊക്കെ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സിനിമയ്ക്കായി 20 കിലോയോളം ശരീരഭാരം ഫഹദ് കുറച്ചിരുന്നു. നടന്റെ കരിയറിലെ എറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്ക്.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു. മാലിക്ക് റിലീസിങ്ങിനൊരുങ്ങിയ സമയത്തായിരുന്നു ലോക് ഡൗണ്‍ വന്നത്. അന്‍പത്തിയഞ്ചുകാരന്‍ സുലൈമാന്‍ മാലിക്കായി ഫഹദ് എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങിയിരുന്നു. വേറിട്ട മേക്കോവറിലാണ് സിനിമയില്‍ നടന്‍ എത്തുന്നത്.

മാലിക്കിന്റെ രണ്ട് കാലഘട്ടങ്ങളിലായുളള ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. നിമിഷ സജയന്‍ നായികയാവുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുളള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ. സുശിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബാഹുബലിക്ക് സംഘടനമൊരുക്കിയ ലീ വിറ്റേക്കറാണ് മാലിക്കിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.


Click it and Unblock the Notifications