സോണിയ,വന്നാട്ടെ പോന്നോട്ടെ! പഞ്ചാബി ഹൗസിലെ ആ ഗുസ്തിക്കാരന്‍ കാക്കനാടുണ്ട്
ദിലീപ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച പഞ്ചാബി ഹൗസ് മലയാളികളുടെ ഇഷ്ട സിനിമകളിലൊന്നാണ്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത സിനിമയിലെ നര്‍മ്മരംഗങ്ങള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ചാനലുകളില്‍ പഞ്ചാബി ഹൗസ് വരുമ്പോള്‍ ലഭിക്കാറുളളത്. ചിത്രത്തിലെ ഹരിശ്രീ അശോകന്റെ സോണിയ വന്നാട്ടെ പോന്നാട്ടെ ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഗുസ്തിയില്‍ പഞ്ചാബികളെ തോല്‍പ്പിച്ചാല്‍ പിടിച്ചുവെച്ച ബോട്ട് വിട്ടുകൊടുക്കാമെന്ന ജനാര്‍ദനന്റെ വാക്കു കേട്ട് ഗോദയിലിറങ്ങിയ ഹരിശ്രീ അശോകനെ നേരിടാനെത്തുന്ന പഞ്ചാബി കഥാപാത്രമാണ് സോണിയ. സിനിമയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ച സംശുദ്ധ് എന്ന ഏബല്‍ ഇപ്പോള്‍ കാക്കനാട്ടെ ജിമ്മില്‍ ഫിറ്റ്‌നസ് ട്രെയിനറാണ്. ഫോര്‍ട്ട് വൈപ്പിന്‍ അഴീക്കല്‍ പൊളേളപ്പറമ്പില്‍ സംശുദ്ധ് എന്ന 41 കാരന്‍ നാഷണല്‍ പഞ്ചഗുസ്തി മല്‍സരത്തിലെ സില്‍വര്‍ മെഡല്‍ ജേതാവ് കൂടിയാണ്.
ജിമ്മിലെത്തുന്ന പലരും 'സോണിയയെ' തിരിച്ചറിയുന്നുണ്ട്. പഞ്ചാബി ഹൗസിന് ശേഷം ഏതാനും സിനിമകളില്‍ സംശുദ്ധ് അഭിനയിച്ചിരുന്നു. ഇനിയും അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ പോകുമെന്ന് സംശുദ്ധ് പറഞ്ഞു. എറണാകുളത്തെ ജിമ്മില്‍ വര്‍ക്ക് ചെയ്യുന്നതിനിടയിലാണ് പഞ്ചാബി ഹൗസിലെ ഗുസ്തിക്കാരന്റെ റോളിലേക്ക് സംശുദ്ധിന് ക്ഷണം ലഭിച്ചത്.


Click it and Unblock the Notifications











