എനിക്കും നിങ്ങളെ പോലെ നടനാവണം! ഗിന്നസ് പക്രുവിന് നന്ദി അറിയിച്ച് ക്വാഡന്‍ ബെയില്‍സ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഗിന്നസ് പക്രു. സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലുടെയുമാണ് നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്. നടന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും ഗിന്നസ് പക്രു തിളങ്ങിയിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും ഗിന്നസ് പക്രു മലയാളത്തില്‍ തിളങ്ങി. കുട്ടിയും കോലും എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. സംവിധാനത്തിന് പുറമെ അടുത്തിടെ ഫാന്‍സി ഡ്രസ് എന്ന സിനിമ നിര്‍മ്മിക്കുകയും ചെയ്തിരുന്നു താരം.
മിമിക്രി വേദികളില്‍ നിന്നുമാണ് ഗിന്നസ് പക്രു സിനിമയിലേക്ക് എത്തിയത്. കഴിവുകള്‍ കൊണ്ട് വൈകല്യങ്ങളെ തോല്‍പ്പിച്ചയാള്‍ കൂടിയാണ് നടന്‍. അടുത്തിടെ ഉയരമില്ലാത്തതിന്റെ പേരില്‍ സഹപാഠികള്‍ കളിയാക്കിയ ക്വാഡന്‍ ബെയില്‍സിനെ പിന്തുണച്ചുകൊണ്ടുളള ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

താനും ഒരിക്കല്‍ ഉയരക്കുറവിന്റെ പേരില്‍ കളിയാക്കലിന് ഇരയായിരുന്നുവെന്നും ആ കണ്ണീരാണ് പിന്നീട് തന്റെ യാത്രയ്ക്ക് ഊര്‍ജ്ജമായതെന്നും നടന്‍ പറഞ്ഞിരുന്നു. "മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍... നിന്റെ 'അമ്മ തോല്‍ക്കും. ഈ വരികള്‍ ഓര്‍മ്മ വച്ചോളു .ഊതിയാല്‍ അണയില്ല ഉലയിലെ തീ ഉള്ളാകെ ആളുന്നു ഉയിരിലെ തീ- ഇളയ രാജ-.

ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ് എന്നായിരുന്നു അന്ന് ഗിന്നസ് പക്രു കുറിച്ചത്. ഇപ്പോഴിതാ ഗിന്നസ് പക്രുവിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ക്വാഡന്‍ ബെയില്‍. ഓസ്‌ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ക്വാഡന്റെ അമ്മ യാരക്ക് ബെയില്‍സാണ് മാധ്യമത്തോട് സംസാരിച്ചത്.

ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നും താരത്തെ പോലെ നടനാകണമെന്നുളള ക്വാഡന്റെ അഗ്രഹവും അമ്മ പങ്കുവെച്ചു. ഗിന്നസ് പക്രു തന്നെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ഒടുവില്‍ ക്വാഡനും അമ്മയും എന്നോട് സംസാരിക്കുന്നു. അവരുടെ വാക്കുകള്‍ ലിങ്കില്‍. നന്ദി എസ്ബിഎസ് ഓസ്‌ട്രേലിയ എന്നാണ് ഗിന്നസ് പക്രു കുറിച്ചിരിക്കുന്നത്.

ഗിന്നസ് പക്രുവിന് പുറമെ ലോകത്തിന്റെ നാനാഭാഗത്തുനിന്നായി നിരവധി പേരാണ് കുഞ്ഞ് ക്വാഡന് പിന്തുണയുമായി എത്തിയത്. ബോഡി ഷെയിമിങ്ങിന് ഇരയായി പെട്ടിക്കരയുന്ന ഒമ്പത് വയസുകാരനായ ക്വാഡന്‍ ബെയില്‍സിന്റെ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. കൂട്ടുകാര്‍ തന്നെ കുളളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നു തരുമോയെന്നും ആയിരുന്നു സങ്കടപ്പെട്ടുകൊണ്ട് ക്വാഡന്‍ ചോദിച്ചത്. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ക്വാഡന് പിന്തുണയുമായി എത്തിയത്.


Click it and Unblock the Notifications