ഷെയ്ൻ നിഗത്തിന്റെ ഖുർബാനിക്ക് കൊച്ചിയിൽ തുടക്കമായി
ഷെയ്ൻ നിഗം നായകനായ പുതിയ സിനിമ ഖുർബാനിയുടെ പൂജ കൊച്ചിയിൽ നടന്നു. ജിയോ വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമ വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് നിർമ്മിക്കുന്നത്. ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ സിനിമാരംഗത്തെ ഒട്ടേറെപ്പേർ പങ്കെടുത്തു.
സംവിധായകരായ എം പത്മകുമാർ, ജോണി ആന്റണി, എം മോഹനൻ, നിർമ്മാതാവ് എം. രഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, ഷെയ്ൻ നിഗത്തിന്റെ മാതാവ് സുനില, ഫാ. റോബി കണ്ണഞ്ചിറ തുടങ്ങിയവർ പൂജയ്ക്കെത്തിയിരുന്നു. എം. മോഹനൻ ആണ് ക്യാമറ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. തിരക്കഥാകൃത്ത് ജോൺപോൾ ആദ്യ ക്ലാപ്പടിച്ചു.

ബിയോണ്ട് ദ ലവ്വ് എന്ന ടാഗ്ലൈനോടുകൂടി എത്തുന്ന ഖുർബാനിയിൽ ദേവിക സഞ്ജയ് ആണ് ഷെയ്ൻ നിഗത്തിന്റെ നായിക. ചാരുഹാസനും സുപ്രധാനവേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിന്റെ ഡ്രാമയ്ക്കുശേഷം മഹാ സുബൈർ നിർമ്മിക്കുന്ന സിനിമയാണ് ഖുർബാനി.

കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക് തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ ഷെയ്ൻ നിഗത്തിന്റെ ഈ ചിത്രത്തിനും പ്രതീക്ഷകളേറെയാണ്. ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിനു ശേഷമായിരിക്കും ഷെയ്ൻ നിഗം ഖുർബാനിയിൽ ജോയിൻ ചെയ്യുക.


Click it and Unblock the Notifications











