മോഹന്‍ലാല്‍ അല്ലായിരുന്നെങ്കില്‍ ഇട്ടിമാണി ചെയ്യില്ലായിരുന്നു! തുറന്നുപറഞ്ഞ് രാധിക ശരത്കുമാര്‍
Recommended Video
തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി ഒരു കാലത്ത് തിളങ്ങിയ താരമാണ് രാധിക ശരത്കുമാര്‍. വിവാഹ ശേഷവും നടി സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നു. സഹനടിയായും അമ്മ വേഷങ്ങളിലുമാണ് രാധിക ശരത്കുമാര്‍ കൂടുതലായും അഭിനയിച്ചിരുന്നത്. ദിലീപിന്റെ രാമലീലയിലൂടെ മലയാളത്തിലേക്കും നടി ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയിരുന്നു.
മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ ഇട്ടിമാണിയില്‍ ഒരു പ്രധാന വേഷത്തില്‍ രാധിക ശരത്കുമാര്‍ അഭിനയിക്കുന്നുണ്ട്. ലൂസിഫറിന് ശേഷം മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. സൂപ്പര്‍ താരത്തെക്കുറിച്ച് നടി ട്വിറ്ററില്‍ കുറിച്ച കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

ഇട്ടിമാണി മേഡ് ഇന്‍ ചൈന
ലൂസിഫറിന്റെ വിജയത്തിനു പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി,ജോജു തുടങ്ങിയവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ഹണി റോസ് നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായിട്ടാണ് രാധികാ ശരത്കുമാറും എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചിരുന്നത്.

തൃശ്ശൂര്‍കാരനായി ലാലേട്ടന്‍
തൃശ്ശൂര്‍കാരനായി ലാലേട്ടന്‍ ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന. ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ഇട്ടിമാണിയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലൂസിഫര്‍ പ്രൊമോഷന്‍ പരിപാടികള്‍ ക്കിടെയെല്ലാം ഇട്ടിമാണിയുടെ ഗെറ്റപ്പിലായിരുന്നു ലാലേട്ടനെ കണ്ടിരുന്നത്. ലൂസിഫറിനു ശേഷമുളള അടുത്ത ഹിറ്റ് ചിത്രമായി ഇട്ടിമാണി മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

34 വര്‍ഷങ്ങള്‍ക്കു ശേഷമാണ്
അതേസമയം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിച്ചതിന്റെ സന്തോഷമായിരുന്നു രാധിക ശരത്കുമാര്‍ പങ്കുവെച്ചിരുന്നത്. 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സൂപ്പര്‍ താരത്തിനൊപ്പം ഒരു ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. രാമലീലയുടെ വന്‍ വിജയത്തിന് ശേഷം രാധിക മലയാളത്തില്‍ അഭിനയിക്കുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.

രാധികയുടെ ട്വീറ്റ്
മോഹന്‍ലാലിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് രാധിക ശരത്കുമാര്‍ പറയുന്നു. കൂടുതല്‍ അഭിമാനിക്കുന്നത് ഞാന്‍ സിനിമ സ്വീകരിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞതുകൊണ്ടാണ്. മോഹന്‍ലാലിന് ഒപ്പമല്ലായിരുന്നെങ്കില്‍ ഈ സ്‌ക്രിപ്റ്റ് ഒരിക്കലും ചെയ്യില്ലായിരുന്നു. രാധിക തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

കുന്നംകുളത്തിനു പുറമെ ചൈനയിലും
കുന്നംകുളമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായി മാറുക. കുന്നംകുളത്തിനു പുറമെ ചൈനയിലും സിനിമയുടെ ചിത്രീകരണം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിനു മോഹന്‍,ധര്‍മ്മജന്‍,ഹരീഷ് കണാരന്‍,രാധിക ശരത്കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട കുന്നംകുളവും ചെലവുകുറഞ്ഞ ഇലക്ട്രോണിക്‌സ് ഉല്‍പ്പനങ്ങള്‍ക്ക് പേരുകേട്ട ചൈനയും ഈ ചിത്രത്തില്‍ എങ്ങനെ വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications