മോഹന്‍ലാലിന്റെ ആംഗ്ലോഇന്ത്യന്‍ കാമുകി
മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയെന്ന ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത് പൂജ കുമാറും രാഗിണി നന്ദ്വാനിയും. ആക്ഷേപഹാസ്യചിത്രമായി ഒരുങ്ങുന്ന പെരുച്ചാഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ വന്‍ജനപ്രീതി നേടിയിരിക്കുകയാണ്. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കാമുകിയുടെ വേഷമാണ് രാഗിണിയ്ക്ക്.
ചിത്രത്തില്‍ ഞാന്‍ മോഹന്‍ലാലിന്റെ കഥാപാത്രം പ്രണയിക്കുന്ന ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായിട്ടാണ് അഭിനയിക്കുന്നത്. എന്റെ കഥാപാത്രം അമേരിക്കയില്‍ ജീവിയ്ക്കുന്നയാളാണ്. ഇവിടെവച്ചാണ് ലാലിന്റെ കഥാപാത്രവുമായി എന്റെ കഥാപാത്രം കണ്ടുമുട്ടുന്നത്- രാഗിണി പറയുന്നു.

ചിത്രം അതിന്റെ പ്രാഥമിക ദശയില്‍ ആയതിനാല്‍ കൂടുതല്‍ വിവരങ്ങളൊന്നും തനിയ്ക്ക് പുറത്തുപറയാന്‍ കഴിയില്ലെന്ന കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ രാഗിണി പറഞ്ഞു.
തമിഴില്‍ വിജയ് നായകനായി എത്തിയ തലൈവ എന്ന ചിത്രത്തിലെ വടക്കേഇന്ത്യന്‍ പെണ്‍കുട്ടിയായി അഭിനയിച്ച രാഗിണി അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ സൂപ്പര്‍താരം വിജയിയ്‌ക്കൊപ്പമാണ് അരങ്ങേറ്റമെങ്കില്‍ മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമാണ് രാഗിണിയുടെ അരങ്ങേറ്റം.
രണ്ട് ഭാഷകളിലിപ്പോള്‍ ഞാന്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമാണ് അഭിനയിച്ചത്. മറ്റ് ഭാഷകളിലും ഇത് തുടരാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ആദ്യമായാണ് ഞാന്‍ മോഹന്‍ലാലിനെ നേരിട്ട് കാണുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. എന്നെപ്പോലെയൊരു തുടക്കക്കാരിയ്ക്ക് ഇത്തരമൊരു അവസരം സ്വപ്‌നസാക്ഷാത്കാരമാണ്. വിജയിയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴും ഇതേ സന്തോഷം ഞാന്‍ അനുഭവിച്ചിരുന്നു- രാഗിണി പറയുന്നു.
മലയാളം ഭാഷ അല്‍പം ബുദ്ധിമുട്ടായി തോന്നുന്നുണ്ടെന്ന് രാഗിണി പറയുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലുമായി പല പ്രൊജക്ടുകളിലേയ്ക്കും രാഗിണിയ്ക്ക് ക്ഷണം വന്നിട്ടുണ്ട്.


Click it and Unblock the Notifications











