കാല്‍പ്പന്തുകളിയിലെ ഇതിഹാസകഥയ്ക്ക് റഹ്മാന്റെ സംഗീതം
ഹൃദയത്തില്‍ തൊട്ടുതലോടുന്ന സംഗീതം ആസ്വദിക്കുമ്പോഴും കാല്‍പ്പന്തുകളിയുടെ ആവേശം മനസ്സില്‍ നിറയ്ക്കുമ്പോഴും കാലദേശങ്ങളെപ്പറ്റി ആരും വാചാലരാകാറില്ല. അപ്പോള്‍ നമ്മളിലോരോരുത്തര്‍ക്കും ഒരേ വേഗമാണ്..ഒരേ താളമാണ്...കാല്‍പ്പന്തുകളിയുടെ ചടുലതാളത്താല്‍ മൈതാനങ്ങളില്‍ വിസ്മയം തീര്‍ത്ത മഹാപ്രതിഭയുടെ ജീവിതകഥയ്ക്ക് രാഗങ്ങളുടെ ചക്രവര്‍ത്തി സംഗീതം പകര്‍ന്നാല്‍ എങ്ങനെയുണ്ടാകും? അതെ, ബ്രസീല്‍ ലോകത്തിന് സമ്മാനിച്ച ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ ജീവിതം അഭ്രപാളിയിലെത്തുമ്പോള്‍ അതിന് സംഗീതം പകരുന്നത് മദ്രാസ് മൊസാര്‍ട്ട് സാക്ഷാല്‍ എ.ആര്‍. റഹ്മാന്‍!
എന്തായാലും ബ്രസീലില്‍ നിന്ന് റഹ്മാനെത്തേടി വിളിയെത്തിയിരിക്കുകയാണ്. കായികപ്രേമികളെയും സംഗീതപ്രേമികളെയും ഒരുപോലെ ആവേശം കൊളളിക്കുന്ന വാര്‍ത്ത. ഫുട്‌ബോള്‍ മൈതാനങ്ങളെയും ആരാധകരുടെ ഹൃദയങ്ങളെയും ഒരുപോലെ കീഴടക്കിയ പെലെയുടെ ജീവിതകഥയ്ക്ക് സംഗീതം പകരാന്‍ തന്നെ ക്ഷണിച്ചതായ വാര്‍ത്ത എ.ആര്‍. റഹ്മാന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. പ്രശസ്ത ബ്രസീലിയന്‍ സംഗീതജ്ഞ അന്നാ ബിയാട്രീസായിരിക്കും തന്റെ സംഗീതത്തില്‍ പാടുന്നതെന്ന കാര്യം റഹ്മാന്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിട്ടുണ്ട്.

ജെഫ് സിംബാലിസ്റ്റ്, മൈക്കേല്‍ സിംബാലിസ്റ്റ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. കെവിന്‍ ഡെ പോള, വിന്‍സെന്റ് ഡി ഓണോഫ്രിയോ, റോഡ്രിഗോ സന്‍ടോരോ, ഡീഗോ ബൊണെറ്റ, കോം മീനെ എന്നിവരാണ് അഭിനേതാക്കള്‍. ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് സിനിമ റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. എന്തായാലും അടുത്തവര്‍ഷം ആദ്യം ചിത്രം പുറത്തിറക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ' ഹണ്‍ഡ്രഡ് ഫൂട്ട് ജേണി ', 'മില്യന്‍ ഡോളര്‍ ആം' എന്നീ ഹോളിവുഡ് ചിത്രങ്ങള്‍ക്കാണ് അടുത്തിടെ റഹ്മാന്‍ സംഗീതം നിര്‍വഹിച്ചത്.


Click it and Unblock the Notifications