റഹ്മാന്‍ മമ്മൂട്ടിയെ പറ്റിച്ചു, പക്ഷെ മമ്മൂട്ടി പറ്റിയോ?
ചന്തുവിനെ തോല്‍പിക്കാനാകില്ല മക്കളെ എന്നൊക്കെ മമ്മൂട്ടി സിനിമയില്‍ ഡയലോഗ് വിടും. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ നല്ല അസ്സലായി മമ്മൂട്ടിയെ റഹ്മാന്‍ പറ്റിച്ചിട്ടുണ്ട്. പക്ഷെ അന്നത്തെ പറ്റിക്കലില്‍ മമ്മൂട്ടി ശരിയ്ക്കും പറ്റിയോ എന്ന കാര്യത്തില്‍ റഹ്മാന് ഇത്തിരി സംശയമുണ്ട്.
സംഭവം നടക്കുന്നത് കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ്. റഹ്മാന്‍ ദുബായില്‍ നിന്നും ഏറ്റവും പുതിയ മോഡല്‍ കാര്‍ വാങ്ങിയിരുന്നു. കേരളത്തിലന്ന് റഹ്മാന് മാത്രമേ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അങ്ങനെ ഒരു കാറ് ഉണ്ടായിരുന്നുള്ളൂ. മമ്മൂട്ടിയടക്കം പലരും റഹ്മാന്റെ പുതിയ കാറ് കണ്ട് ഒന്ന് അന്തം വിടുകയും ചെയ്തു. കാറിനുള്ളില്‍ ടിവി, മ്യൂസിക് സിസ്റ്റം, സിഡി പ്ലെയര്‍, 12 സിഡി ഒരുമിച്ചിടാനുള്ള സൗകര്യം, സ്‌പോര്‍ട്‌സ് ടയേഴ്‌സ്, ഓട്ടോമറ്റിക് വിന്റോസ് എന്നുവേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്.

അന്ന് പലര്‍ക്കും അതൊരു പുതിയ അനുഭവമായിരുന്നു. ഈ കാറിലാണ് എന്നും റഹ്മാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ പോകുന്നതും തിരിച്ച് ഹോട്ടലിലേക്ക് വരുന്നതും. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടിയും റഹ്മാനും ഈ കാറില്‍ തിരിച്ച് ഹോട്ടലിലേക്ക് വരികയാണ്. കാറിന്റെ ഗ്ലാസുകളിലെല്ലാം നല്ല ഡാര്‍ക്ക് സണ്‍ഫിലിം ഒട്ടിച്ചിരിക്കുന്നതിനാല്‍ കാറിനുള്ളില്‍ അല്പം പോലും വെളിച്ചമെത്തില്ല. പോരാത്തതിന് രാത്രിയായതുകൊണ്ട് നല്ല ഇരുട്ടും.
മമ്മൂട്ടി ആദ്യമായിട്ടാണ് റഹ്മാന്റെ അത്യാധുനിക സൗകര്യമുള്ള കാറില്‍ കയറുന്നത്. 12 സിഡികള്‍ ഒരുമിച്ചിടുന്നതിന്റെ സൗകര്യമുള്ളത് ഡിക്കിയിലാണ്. ഈ സി ഡികളിലെ ഏത് പാട്ടുവേണമെങ്കിലും ഡ്രൈവര്‍ സീറ്റിലിരുന്നുകൊണ്ട് ഓപ്പറേറ്റ് ചെയ്യാം. റഹ്മാന്റെ സ്റ്റിയറിംഗിന്റെ റൈറ്റ് സൈഡിലാണ് അതിന്റെ ബട്ടണ്‍. റിമോട്ടില്‍ ഈസിയായി വര്‍ക്കു ചെയ്യാവുന്നതേയുള്ളു. ഏതാണ്ട് രണ്ടായിരം പാട്ടുകളോളം ഈ സീഡിയിലുണ്ട്.
കാറിനെ കുറിച്ച് പൊക്കി പറയുന്നതിനിടെ, ഞാന്‍ പറയുന്നത് അനുസരിച്ച് ഇതില്‍ പാട്ടുകള്‍ മാറിവരുമെന്ന് റഹ്മാന്‍ മമ്മൂട്ടിയോട് തട്ടിവിട്ടു. അങ്ങനയുണ്ടോയെന്ന് മമ്മൂട്ട തെല്ല് സംശയത്തോടെ ചോദിച്ചു. അതെയെന്നുപറഞ്ഞുകൊണ്ട് റഹ്മാന്‍ മ്യൂസിക് ചെയിഞ്ച് എന്നുറക്കെ പറഞ്ഞു. റിമോട്ട് ഉപയോഗിച്ച് പാട്ടുമാറ്റി. വീണ്ടും മ്യൂസിക് ചെയിഞ്ചൊന്നും മ്യൂസിക് ഫാസ്‌റ്റെന്നുമൊക്കെ പറഞ്ഞ് റഹ്മാന്‍ പാട്ടുകള്‍ മാറ്റിക്കൊണ്ടിരുന്നു.
കാറിനുള്ളില്‍ നല്ല ഇരുട്ടായതിനാല്‍ റഹ്മാന്‍ റിമോട്ട് ഉപയോഗിക്കുന്നതൊന്നും കാണാനില്ല. ആധുനിക സംവിധാനങ്ങളുള്ള ഈ കാറിന്റെ മറവില്‍ ഞാന്‍ ചിലരൊയൊക്കെ കബളിപ്പിച്ചിട്ടുമുണ്ടെന്ന് റഹ്മാന്‍ തന്നെ പറയുന്നു. അതിലൊരാളായിരുന്നു മമ്മൂക്ക. പക്ഷേ, എന്റെ കബളിപ്പിക്കല്‍ പരിപാടിയില്‍ മമ്മുക്ക കബളിപ്പിക്കപ്പെട്ടുവോ എന്ന കാര്യം എനിക്കറിയില്ലെന്ന് റഹ്മാന്‍ പറയുന്നു
കടപ്പാട്: നാന


Click it and Unblock the Notifications