മോഹന്‍ലാലും ഇന്ദ്രജിത്തും ഒന്നിയ്ക്കുന്ന 'രസം'
മോഹന്‍ലാലിനെ നായനകാക്കി രാജീവ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'രസം' എന്ന് പേരിട്ടു. ലാലിനൊപ്പം നൈല ഉഷയും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പാചകത്തിന്റെയും രുചികളുടെയും പശ്ചാത്തലത്തിലൊരുങ്ങുന്നൊരു ചിത്രമാണ്. പാചകവും രുചികളുമെല്ലാം വരുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ഷൂട്ടിങില്‍ ഏറിയ പങ്കും നടക്കുന്നത് ദുബയിലായിരിക്കും.
കേരളത്തില്‍ കാറ്ററിങ് സര്‍വ്വീസ് നടത്തുന്ന നമ്പൂതിരി യുവാവ് ദുബയില്‍ നടക്കുന്ന ഒരു വിവാഹത്തിന് വിരുന്നൊരുക്കാനായി ക്ഷണിക്കപ്പെടുകയാണ്. അവിടെയെത്തി വിവാഹവിരുന്നൊരുക്കുന്ന ഇയാള്‍ക്ക് ഉപദേശം നല്‍കാനെത്തുന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കാറ്ററിങ് പണി ചെയ്യുന്ന യുവാവായി ഇന്ദ്രജിത്താണ് അഭിനയിക്കുക. ഇവര്‍ക്കൊപ്പം നെടുമുടി വേണുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സുദീപ് കുമാറാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ചിത്രീകരണം ഡിസംബറില്‍ തുടങ്ങുമെന്ന് രാജീവ് നാഥ് പറയുന്നു. നേരത്തേ ആഷിക് അബു ഒരുക്കിയ ഭക്ഷണത്തിന്റെയും രുചികളുടെയും പശ്ചാത്തലത്തിലുള്ള സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം വലിയ വിജയം നേടിയിരുന്നു. അത്തരത്തിലൊരു അന്തരീക്ഷത്തിലാണ് രസവും ഒരുങ്ങുന്നതെന്നാണ് സൂചന.
ഇതിന് മുമ്പ് പവിത്രം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ദേഹണ്ണക്കാരനായി വേഷമിട്ടിരുന്നു. എന്തായാലും പാചകത്തിന്റെ പശ്ചാത്തലത്തില്‍ ലാലും ഇന്ദ്രജിത്തും നെടുമുടി വേണുവും ഒന്നിയ്ക്കുമ്പോള്‍ രസത്തിന് രുചികൂടുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











