ഹിമാലയന്‍ യാത്രയ്ക്കിടെ തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി രജനീകാന്ത്
സിനിമാത്തിരക്കുകള്‍ക്കിടെയിലും ഹിമാലയന്‍ യാത്രകള്‍ക്കായി സമയം കണ്ടെത്താറുളള താരമാണ് രജനീകാന്ത്. തലൈവരുടെ പല യാത്രകളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവാറുണ്ട്. ആരാധകരാണ് സൂപ്പര്‍ സ്റ്റാറിന്റെ യാത്രകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാറുളളത്. അടുത്തിടെ ഹിമാലയന്‍ യാത്രക്കിടെ തനിക്കുണ്ടായ ഒരു ഞെട്ടിപ്പിക്കുന്ന അനുഭവം രജനീകാന്ത് തുറന്നുപറഞ്ഞിരുന്നു.

ഗംഗാ നദിയില്‍ കുളിച്ചിറങ്ങുമ്പോള്‍ രുദ്രാക്ഷം നഷ്ടപ്പെട്ടതും തുടര്‍ന്നുണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങളുമാണ് തലൈവര്‍ വിവരിച്ചത്. ഹിമാലയന്‍ യാത്രയില്‍ ഗംഗാ നദിയില്‍ കുളി കഴിഞ്ഞ് കയറിയപ്പോള്‍ തന്റെ കൈയ്യിലുണ്ടായിരുന്ന രുദ്രാക്ഷം നഷ്ടപ്പെട്ടതായി തലൈവര്‍ പറയുന്നു. അവിടെയെല്ലാം അന്വേഷിച്ചെങ്കിലും അത് കണ്ടെത്താനായില്ല. രുദ്രാക്ഷം പ്രിയപ്പെട്ടതായത്‌കൊണ്ട് തന്നെ അത് നഷ്ടപ്പെടുത്താനും മനസ് വന്നില്ല.

തുടര്‍ന്ന് ഞാന്‍ വീണ്ടും അതിനായി തിരഞ്ഞുനടന്നു. ഒരു ഒറ്റയടി പാതയിലൂടെ രുദ്രാക്ഷം തിരക്കി നടക്കുമ്പോഴാണ് ദൂരെ നിന്ന് നല്ല ഉയരമുളള മനുഷ്യന്‍ നടന്ന് വരുന്നത് കണ്ടത്. ഒരു അഘോരി ആയിരുന്നു അയാള്‍. അദ്ദേഹം എന്റെ മുന്നില്‍ വന്ന് നിന്നപ്പോള്‍ ഞാന്‍ നമസ്‌കാരം പറഞ്ഞു. കാല്‍ തൊട്ടു വന്ദിച്ചു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം എന്നെ തന്നെ നോക്കിനില്‍ക്കുകയാണ്.

പിന്നീട് ഞാന്‍ പോക്കറ്റില്‍ നിന്നും പണം എടുത്തു അദ്ദേഹത്തിന്റെ കൈയ്യില്‍ വെച്ചെങ്കിലും വാങ്ങിയില്ല. എനിക്ക് പണം ആവശ്യത്തിനുണ്ട് ഇതു വേണ്ട എന്നായിരുന്നു മറുപടി. തുടര്‍ന്ന് നിങ്ങള്‍ക്ക് രുദ്രാക്ഷം വേണമല്ലെ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ ഞെട്ടിപ്പോയി, വേണമെന്ന് മറുപടി പറഞ്ഞു. തുടര്‍ന്ന് അത് നിങ്ങള്‍ക്ക് ലഭിക്കുമെന്ന് പറഞ്ഞ് അദ്ദേഹം നടന്നുപോയി. പക്ഷേ അന്നും എനിക്ക് രുദ്രാക്ഷം കണ്ടെത്താനായില്ല.

പിറ്റേന്ന് കുറച്ചു ദൂരെയുളള ആശ്രമത്തിലേക്ക് ഞാന്‍ പോയിരുന്നു. രുദ്രാക്ഷം നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് അങ്ങോട്ട് പോകാന്‍ തീരുമാനിച്ചത്. എന്താണെന്ന് അറിയില്ല അന്ന് തന്നെ അവിടേക്ക് പോകാന്‍ തോന്നുകയായിരുന്നു. ആശ്രമത്തിലെത്തിയപ്പോള്‍ അവിടെയുളളവര്‍ പറഞ്ഞു നിങ്ങളെ കാണാന്‍ ഒരു സ്ത്രീ കാത്തിരിക്കുകയാണെന്ന്. അത്ഭുതത്തോടെ ഞാന്‍ അവരുടെ അടുത്തേക്ക് പോയി.

ഇന്ന് നിങ്ങള്‍ ഇവിടെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു എന്നു പറഞ്ഞ് എന്റെ കൈയ്യിലേക്ക് അവര്‍ ആ രുദ്രാക്ഷം എടുത്തുതന്നു. രജനീകാന്ത് പറഞ്ഞു. അടുത്തിടെ നടന്ന കാപ്പാന്‍ ഓഡിയോ ലോഞ്ചില്‍ ആയിരുന്നു തലൈവര്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ചടങ്ങില്‍ നടന്‍ ആര്യയെക്കുറിച്ചും നാന്‍ കടവുള്‍ എന്ന ചിത്രത്തെക്കുറിച്ചും സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ രജനീകാന്ത് ഓര്‍ത്തെടുത്തത്.


Click it and Unblock the Notifications