പെയ്ന്‍ കില്ലര്‍ കഴിച്ച് സൈക്കിള്‍ ചവിട്ടി!ചതവായിരുന്നില്ല അത്, പരിക്കിനെക്കുറിച്ച് രജിഷ വിജയന്‍!
മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് രജിഷ വിജയന്‍. അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരത്തെ തേടി സിനിമയിലെ അവസരം എത്തിയത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം. പതിവ് നായികാശൈലിയില്‍ നിന്നും മാറ്റിയുള്ള അവതരണവും രജിഷയുടെ കിടിലന്‍ പ്രകടനവുമായിരുന്നു എലിസബത്ത് എന്ന എലിയെ മനോഹരമാക്കിയത്. ആദ്യ സിനിമയിലൂടെ സംസ്ഥാന അവാര്‍ഡ് എന്ന നേട്ടവും സ്വന്തമാക്കിയപ്പോള്‍ മികച്ച അവസരങ്ങളായിരുന്നു രജിഷയെ തേടിയെത്തിയത്.
ആവര്‍ത്തനവിരസത തോന്നിപ്പിക്കാതെ സെലക്ടീവായാണ് താരം സിനിമകള്‍ സ്വീകരിച്ചത്. ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, തുടങ്ങിയ സിനിമകളാണ് ഇതുവരെയായി താരത്തിന്റേതായി ഇറങ്ങിയത്. പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത ഫൈനല്‍സാണ് ഇനി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഇത്തവണത്തെ ഓണത്തിന് താരവും സിനിമയുമായി എത്തുന്നുണ്ട്. ഫൈനല്‍സില്‍ അഭിനയിക്കുന്നതിനായി സൈക്ലിങ് പരിശീലിച്ചതിനെക്കുറിച്ചും ചിത്രീകരണത്തിനിടയില്‍ പരിക്ക് പറ്റിയതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു രജിഷ വിജയന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

മുന്‍പില്ലാത്ത തരത്തില്‍ ശാരീരികമായ തയ്യാറെടുപ്പുകളും ഈ ചിത്രത്തിന് ആവശ്യമായി വന്നിരുന്നു. നേരത്തെ ജൂണിനായി പല്ലില്‍ ക്ലിപ്പിടുകയും നീണ്ട മുടി മുറിക്കുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും ശാരീരികമായ തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. അതിനേക്കാളും ഇരട്ടി അധ്വാനം നടത്തിയാണ് താന്‍ ഫൈനല്‍സിനെ ആലീസിനെ അവതരിപ്പിച്ചതെന്ന് താരം പറയുന്നു. ചിത്രീകരണത്തിനിടയില്‍ രണ്ട് തവണയാണ് അപകടത്തില്‍പ്പെട്ടത്. അതൊന്നും സിനിമയെ ബാധിക്കാത്ത തരത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നു.

മുന്‍പൊരിക്കല്‍ സംവിധായകന്‍ ഈ കഥയെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും സിനിമയാക്കിയാല്‍ വിജയിക്കുമെന്നുമായിരുന്നു അന്ന് താന്‍ പറഞ്ഞിരുന്നതെന്നും താരം ഓര്‍ത്തെടുക്കുന്നു. എന്നാല്‍ തന്നെയാണ് നായികയായി തിരഞ്ഞെടുത്തതെന്നറിഞ്ഞപ്പോള്‍ സൈക്കിള്‍ ബാലന്‍സ് പോലുമില്ലാത്ത താന്‍ എങ്ങനെ ആലീസിനെ അവതരിപ്പിക്കുമെന്ന ആശങ്ക അലട്ടിയിരുന്നതായും താരം പറയുന്നു. അതേക്കുറിച്ച് സംവിധായകനോട് പറഞ്ഞപ്പോള്‍ അത് പഠിച്ചെടുക്കാമെന്നായിരുന്നു മറുപടി. വീണ് അപകടം പറ്റുമെന്ന് പറഞ്ഞ് ചെറുപ്പത്തിലേ വീട്ടുകാര്‍ സൈക്കിള്‍ തൊടാന്‍ സമ്മതിച്ചിരുന്നില്ല.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഓട്ടത്തില്‍ പങ്കെടുക്കുമായിരുന്നു. ആസ്തമ വന്നതോടെ അതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. സ്‌പോര്‍ട്‌സിനോട് അപ്പോഴും താല്‍പര്യമായിരുന്നു. സൈക്കിള്‍ ബാലന്‍സ് നേടിയതിന് പിന്നാലെയായാണ് വിവിധതരം റൈഡിങ് സൈക്കിളുകള്‍ പഠിച്ചെടുത്തത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ 2 തവണയാണ് താന്‍ വീണതെന്നും താരം പറയുന്നു. ആദ്യത്തെ വീഴ്ചയി്ല്‍ പരുക്കൊന്നുമുണ്ടായിരുന്നില്ല, പക്ഷേ, രണ്ടാമത്തെ വീഴ്ച അങ്ങനെയായിരുന്നില്ല.

ഇറക്കത്തില്‍ വെച്ചായിരുന്നു രണ്ടാമത്തെ വീഴ്ച. ഇടയില്‍ ടയറിന്റെ കമ്പ് കുടുങ്ങുകയായിരുന്നു. ബ്രേക്ക് പിടിച്ച് അത്യാവശ്യം സുരക്ഷിതമെന്ന് തോന്നിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റേനെ. ആ സമയത്ത് നല്ല വേദനയായിരുന്നു. അവിടെ ചെറിയ ആശുപത്രി മാത്രമേയുണ്ടായിരുന്നുള്ളൂ. എക്‌സറേ എടുത്തപ്പോള്‍ പൊട്ടലില്ല , ചതവുണ്ടെന്നായിരുന്നു പറഞ്ഞത്. ആ വേദനയായിരിക്കുമെന്ന് കരുതി ആശ്വസിച്ചു. പെയ്ന്‍ കില്ലര്‍ കഴിച്ചായിരുന്നു ഷൂട്ടിങ്ങിനായി പോയതും സൈക്കിള്‍ ചവിട്ടിയതും.

റിമോട്ട് ഏരിയയില്‍ നിന്നും മാറി ഷൂട്ട് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്. അപ്പോഴാണ് മുട്ടിന്റെ രണ്ട് ലിഗമെന്റ് ഇല്ലെന്നും പരുക്ക് ഗുരുതരമാണെന്നും മനസ്സിലാക്കിയത്. ഉടന്‍ സര്‍ജറി വേണമെന്നായിരുന്നു അന്ന് ഡോക്ടര്‍ പറഞ്ഞത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്ന് അത് മാറ്റുകയായിരുന്നു. സര്‍ജറി കഴിഞ്ഞാല്‍ 5 മാസത്തോളം പൂര്‍ണവിശ്രമം വേണം. ഫിസിയോതെറാപ്പി ചെയ്ത് ശരിയാക്കാനാവുമോയെന്നാണ് ഇപ്പോള്‍ നോക്കുന്നത്.
Recommended Video

ഷൂട്ടിങ്ങിനിടയില്‍ പരിക്ക് പറ്റിയപ്പോഴും ഡ്യൂപ്പിനെ ഉപയോഗിക്കാതെ ഇത് പൂര്‍ത്തിയാക്കാന്‍ തനിക്ക് ചെയ്യാനാവുമെന്ന വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് ഫൈനല്‍സ് പൂര്‍ത്തിയാക്കിയത്. സെലക്ടീവായാണ് സിനിമകള്‍ സ്വീകരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. സാദൃശ്യം തോന്നാത്ത തരത്തിലായിരിക്കണം കഥാപാത്രങ്ങള്‍. അത്തരത്തിലുള്ള ശ്രമങ്ങളാണ് നടത്തുന്നത്.


Click it and Unblock the Notifications











