ചിരഞ്ജീവിയുടെ ആഗ്രഹം നിറവേറുന്നു; ഇരട്ട കുട്ടികളെ വരവേൽക്കാനൊരുങ്ങി രാം ചരണും ഉപാസനയും
ഒരു പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യജീവിതത്തിനു ശേഷമാണ് ടോളിവുഡ് നടൻ രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും മാതാപിതാക്കളാകുന്നത്. 2023 ൽ ഇരുവർക്കും ക്ലിൻ കാര കൊനിഡേല എന്നൊരു മകൾ ജനിച്ചു. ഇപ്പോൾ, ഏകദേശം രണ്ട് വർഷത്തിന് ശേഷം, അവർ തങ്ങളുടെ വീണ്ടും മാതാപിതാക്കളാകാൻ പോവുകയാണെന്ന്, അടുത്തിടെ വെളിപ്പെടിത്തിയിരുന്നു. ഉപാസനയുടെ സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു കൊണ്ടാണ് ഇരുവരും ഈ സന്തോഷവാർത്ത വെളിപ്പെടുത്തിയത്.
ഇതിനിടെ, രാം ചരണിന്റെ അച്ഛനും, മെഗാസ്റ്റാറുമായ ചിരഞ്ജീവിയുടെ നീണ്ട കാല ആഗ്രഹം സഫലമായേക്കുമെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. കുറച്ചു കാലം മുൻപ്, തന്റെ മകന് ഇനി ജനിക്കുന്നത് ഒരു ആൺകുട്ടിയാകണമെന്ന് ആഗ്രഹിക്കുന്നതായി ആചാര്യ താരം വെളിപ്പെടുത്തിയിരുന്നു. ഭാര്യയും, പെൺമക്കളും, മരുമകളും, പേരക്കുട്ടികളും ഒക്കെയായി വീട്ടിൽ സ്ത്രീകളുടെ എണ്ണം വർദ്ധിച്ചത് കൊണ്ട്, ഒരു ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്നത് പോലെയാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

അന്ന് അത് വലിയ വിവാദമായെങ്കിലും, ഇപ്പോൾ ചിരഞ്ജീവിയുടെ ആ ആഗ്രഹം അവസാനം നടക്കാൻ പോവുകയാണെന്നാണ് സോഷ്യൽ മീഡിയ വിശ്വസിക്കുന്നത്. അതിന് കാരണം, സീമന്തം ചടങ്ങിന്റെ തീം തന്നെയാണ്. അമ്മയാകാൻ പോകുന്ന ഉപാസനയുടെ ഡ്രെസ്സിന്റെ നിറവും, രാം ചരണും ഭാര്യയും ഷെയർ ചെയ്ത വീഡിയോയിലെ 'ശ്രീ രാമ' എന്ന പാട്ടും, ജനിക്കാനിരിക്കുന്നത് ആൺ കുട്ടിയാണെന്ന സൂചനയാണ് നൽകുന്നതെന്ന് സോഷ്യൽ മീഡിയയിലെ ഒരു വലിയ വിഭാഗം പ്രേക്ഷകർ വിശ്വസിക്കുന്നുണ്ട്. പക്ഷെ, അതിനിടെ, പ്രശസ്ത താരവും ഭാര്യയും ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകാൻ ഒരുങ്ങുകയാണെന്നാണ് മറ്റു ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

വ്യാഴാഴ്ച, ഉപാസനയും രാമും അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ ആവേശകരമായ പ്രഖ്യാപനം നടത്തി, ഇത് അവരുടെ ആരാധകരെയും, സിനിമ വ്യവസായത്തിലെ സുഹൃത്തുക്കളെയും ആഹ്ലാദഭരിതരാക്കി. പ്രഖ്യാപനം മുതൽ, ഇന്റർനെറ്റ് അഭിനന്ദന സന്ദേശങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ദീപാവലിയുടെ ശുഭകരമായ അവസരത്തിൽ ഹൈദരാബാദിലാണ് ബേബി ഷവർ പരിപാടി സംഘടിപ്പിച്ചത്. ദമ്പതികൾ തീർച്ചയായും അവരുടെ കുടുംബങ്ങൾക്കും ആരാധകർക്കും ആഘോഷിക്കാൻ ഇരട്ട കാരണങ്ങൾ നൽകിയിട്ടുണ്ട്.
വാർത്ത പങ്കുവെച്ചുകൊണ്ട് അവർ അവരുടെ പോസ്റ്റിൽ ഇങ്ങനെ കുറിച്ചു, "ഈ ദീപാവലി ആഘോഷത്തിന്റെ ഇരട്ടി, സ്നേഹം ഇരട്ടി, അനുഗ്രഹങ്ങളുടെ ഇരട്ടി..." ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ ഇത് ചില ആശയക്കുഴപ്പങ്ങൾക്ക് കാരണമായെങ്കിലും, റാമിന്റെ ടീം വാർത്ത സ്ഥിരീകരിച്ചു. ഒരു പ്രസ്താവനയിലൂടെ അവർ പറഞ്ഞു, "ഇരട്ടകൾ അവരുടെ ജീവിതത്തിലേക്ക് വരുന്നു. താര ദമ്പതികൾ അവരുടെ കുടുംബത്തിലേക്ക് രണ്ട് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷിക്കുന്നു." ഇതോടെ, ഇത്തവണ ചിരഞ്ജീവിയുടെ ആഗ്രഹം നിറവേറുമെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.
കരിയർ എടുത്താൽ, ഗെയിം ചേഞ്ചർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ കനത്ത പരാജയത്തിൽ ആകെ ഉലഞ്ഞു നിൽക്കുകയാണ് രാം ചരൺ. എസ് എസ് രാജമൗലിയുടെ ആർ.ആർ.ആറിന് ശേഷം എടുത്തു പറയത്തക്ക വിജയങ്ങളൊന്നും നടന്റെ സിനിമ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പെഡി എന്ന സ്പോർട്സ് ഡ്രാമ ചിത്രത്തിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുക.


Click it and Unblock the Notifications











