സൈറ നരസിംഹ റെഡ്ഡിയില്‍ സംതൃപ്തനല്ല! നിരാശനാണ് താനെന്ന് രാംചരണിന്‍റെ വെളിപ്പെടുത്തല്‍!
തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു സൈറ നരസിംഹ റെഡ്ഡി. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം അടുത്തിടെയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. പ്രമേയത്തില്‍ മാത്രമല്ല മേക്കിംഗിലും ആ വ്യത്യസ്തത പ്രകടമായിരുന്നു. സിനിമയുടെ പോസ്റ്ററുകളും ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചത് രാംചരണായിരുന്നു. തമിഴ്, മലയാളം തെലുങ്ക് ഭാഷകളിലായാണ് ചിത്രം എത്തിയത്. പവന്‍ കല്യാണ്‍, കമല്‍ ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങിയവരായിരുന്നു വിവിധ ഭാഷകളിലുള്ള പതിപ്പില്‍ വിവരണവുമായെത്തിയത്.
ചിരഞ്ജീവി, നയന്‍താര, തമന്ന, ജഗപതി ബാബു, സുദീപ്, വിജയ് സേതുപതി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, അനുഷ്‌ക ഷെട്ടി, നാസര്‍ തുടങ്ങിയവര്‍ അതിഥിയായും എത്തിയിരുന്നു. പശ്ചാത്തലം ചരിത്രമായിരുന്നുവെങ്കിലും കച്ചവട സിനിമയ്ക്കുള്ള സകല വിഭവവും ഈ ചിത്രത്തിലുണ്ടായിരുന്നു. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ നിര്‍മ്മാണത്തിലും കൈവെച്ച രാംചരണാണ് സിനിമ നിര്‍മ്മിച്ചത്. ഈ സിനിമയുമായി ബന്ധപ്പെട്ട് താന്‍ സംതൃപ്തനല്ലെന്നാണ് താരം പറയുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

താന്‍ നിര്‍മ്മിക്കുന്ന സിനിമകളുടെ കലക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിചില്ലെന്ന തരത്തിലുള്ള നിബന്ധനയാണ് രാംചരണിനുണ്ടായിരുന്നത്. എന്നാല്‍ സൈറ നരസിംഹ റെഡ്ഡിയുടെ കാര്യത്തില്‍ അതായിരുന്നില്ല അവസ്ഥ. സിനിമ 275 കോടിയാണ് ഇതുവരെയായി നേടിയതെന്ന വിവരം അദ്ദേഹം തന്നെ പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം മികച്ച വിജയം സ്വന്തമാക്കിയ സിനിമകളിലൊന്നായി ഇത് മാറിയെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വിവരം പുറത്തുവന്നതിന് പിന്നാലെയായാണ് നേരത്തെ പറഞ്ഞ കാര്യങ്ങളൊക്കെ മാറ്റിയോയെന്ന ചോദ്യവുമായി ആരാധകരെത്തിയത്.

ഈ ചിത്രത്തില്‍ താന്‍ സംതൃപ്തനല്ലെന്നും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും രാംചരണ്‍ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ചിരഞ്ജീവിയും തമന്നയും തമ്മിലുള്ള ഗാനരംഗം ചിത്രീകരിച്ചതിലൂടെ തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്നായിരുന്നു താരം പറഞ്ഞത്. 8 കോടിയാണ് ഇത് ചിത്രീകരിക്കാനായി ചെലവഴിച്ചത്. ഈ ഗാനരംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്ക് വലിയ പ്ലാനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അത്രയും വലിയ നഷ്ടം സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.

ബ്രഹ്മാണ്ഡമായെത്തിയ സിനിമയില്‍ താനും അഭിനയിക്കാനായി തീരുമാനിച്ചിരുന്നുവെന്നും നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനുള്ള ആവേശത്തിലായിരുന്നു താന്‍. എന്നാല്‍ പിന്നീട് അതായിരുന്നില്ല നടന്നത്. തിരക്കഥയെക്കുറിച്ച് പ്ലാന്‍ ചെയ്യുന്നതിനിടയില്‍ത്തന്നെ തന്റെ കഥാപാത്രത്തെ ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പ്രധാനപ്പെട്ട കഥാപാത്രത്തെയായിരുന്നു തനിക്കായി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടുള്ള നീക്കം തന്നെ നിരാശപ്പെടുത്തിയെന്നും രാംചരണ്‍ വ്യക്തമാക്കിയിരുന്നു.

രാജമൗലി ചിത്രമായ ആര്‍ആര്‍ആറിന്റെ തിരക്കിലാണ് രാംചരണ്‍ ഇപ്പോള്‍. ജൂനിയര്‍ എന്‍ടി ആറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാഹുബലിക്ക് ശേഷം അടുത്ത ബ്രഹ്മാണ്ഡ ചിത്രവുമായെത്താനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. സ്വാതന്ത്ര്യ സമരസേനാനികളുടെ കഥ പറയുന്ന സിനിമയുമായാണ് ഇനി വരുന്നത്. ആലിയ ഭട്ട് ഈ സിനിമയിലൂടെ തെന്നിന്ത്യയില്‍ അരങ്ങേറുകയാണ്. അജയ് ദേവ്ഗണ്‍, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2020 ജൂലൈയില്‍ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications











