കമൽ ഹാസനെ പിന്തുണയ്ക്കുന്നു; പക്ഷെ പോസ്റ്റ് നീക്കം ചെയ്ത് രാം ഗോപാൽ വർമ്മ
ഒരു നീണ്ട ഇടവേളക്ക് ശേഷം കമൽ ഹാസൻ തീയറ്ററുകളിലേക്ക് മടങ്ങിയെത്തുകയാണ്. സീനിയർ താരം പ്രശസ്ത സംവിധായകൻ മണി രത്നവുമായി കൈകോർക്കുന്ന തഗ് ലൈഫ് എന്ന ചിത്രം, ജൂൺ 5ന് തീയറ്ററുകളിൽ എത്തുകയാണ്. എന്നാൽ, പ്രതീക്ഷിച്ചതു പോലെ സുഖകരമല്ല കമൽ ഹാസന് ഈ റിലീസ്. തഗ് ലൈഫ് പ്രീ-റിലീസ് പരിപാടിക്കിടയിൽ കന്നഡ ഭാഷയെക്കുറിച്ച് ഉലകനായകൻ നടത്തിയ ഒരു പരാമർശം വലിയ കോളിളക്കമാണ് കന്നഡ സിനിമ മേഖലയിൽ സൃഷ്ടിച്ചത്.
കമൽ ഹാസന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായി പ്രതികരിച്ച കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്, തഗ് ലൈഫിന്റെ റിലീസിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ രാം ഗോപാൽ വർമ്മ അടക്കമുള്ള സിനിമ രംഗത്തുള്ളവർ നടന് പിന്തുണയുമായെത്തി. എന്നാൽ കൗതുകമായത്, കമലിന് വേണ്ടി എഴുതിയ പോസ്റ്റ് സംവിധായകൻ അധികം വൈകാതെ നീക്കം ചെയ്തു എന്നതാണ്.
കമൽ ഹാസന് പിന്തുണ അറിയിച്ച് രാം ഗോപാൽ വർമ്മ

തന്റെ എക്സ് പേജിലൂടെ എല്ലാ പ്രധാന വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നു പറയാറുള്ള രാം ഗോപാൽ വർമ്മ, കമൽ ഹാസന്റെ കന്നഡ പരാമർശ വിവാദത്തിൽ നടന് പൂർണ്ണ പിന്തുണ നൽകി. "ഡെമോക്രസിയുടെ പുതിയ പേര് അസഹിഷ്ണുത എന്നാണ്.. വസ്തുതകൾ എത്ര ശരിയാണെങ്കിലും, കമൽ ഹാസൻ മാപ്പ് പറഞ്ഞില്ലെങ്കിൽ കർണാടകയിൽ 'തഗ് ലൈഫ്' നിരോധിക്കുമെന്ന ഭീഷണികൾ ഒരു പുതിയ തരം ഹൂളിഗാനിസത്തിന് തുല്യമാണ്," സത്യ സംവിധായകൻ തന്റെ എക്സ് പേജിൽ കുറിച്ചു.
രാം ഗോപാൽ വർമ്മയുടെ പ്രതികരണത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നുണ്ടായത്. തമിഴ് പ്രേക്ഷകരും, സിനിമ പ്രേമികളും, നിഷ്പക്ഷമായി ഈ വിവാദത്തെ നോക്കിക്കാണുന്നവരും, കമൽ ഹാസന് പിന്തുണയും, രാം ഗോപാൽ വർമ്മയ്ക്ക് അഭിനന്ദനവുമായി എത്തി. എന്നാൽ, പ്രശസ്ത നടന്റെ പ്രസ്താവന ഉൾക്കൊള്ളാനാവാത്ത കന്നഡ ഭാഷ സ്നേഹികളെ, ഇത് കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത്.

കമലിനെ പിന്തുണച്ച രാം ഗോപാൽ വർമ്മയ്ക്ക് കടുത്ത സോഷ്യൽ മീഡിയ ആക്രമണം നേരിടേണ്ടി വരും എന്ന ഘട്ടം എത്തിയതുകൊണ്ടാവണം, അദ്ദേഹം അധികം വൈകാതെ കമൽ ഹാസന് വേണ്ടി കുറിച്ച പിന്തുണ പോസ്റ്റ് തന്റെ പേജിൽ നിന്നും നീക്കം ചെയ്തു. എന്നാൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് നീക്കം ചെയ്തത് എന്ത് കൊണ്ടാണെന്ന് കമ്പനി സംവിധായകൻ തുറന്നു പറഞ്ഞിട്ടില്ല. രാം ഗോപാൽ വർമ്മയുടെ ഈ നീക്കം, അദ്ദേഹത്തിന്റെയും കമൽ ഹാസന്റെയും ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
തഗ് ലൈഫിനായി കമൽ ഹാസൻ കോടതിയിൽ
തന്റെ പരാമർശത്തിന്റെ പേരിൽ മാപ്പ് പറയാനില്ല എന്ന ഉറച്ച തീരുമാനത്തിലാണ് കമൽ ഹാസൻ ഇപ്പോഴും. അത് കൊണ്ട് തന്നെ, തഗ് ലൈഫിന് കർണാടകയിൽ റിലീസ് വിലക്കിയ സംസ്ഥാനത്തെ സിനിമ സംഘടനകൾക്കെതിരെ നിയമപോരാട്ടം നടത്താനാണ്, ചിത്രത്തിന്റെ സഹ-നിർമാതാവ് കൂടിയായ നായകൻ തീരുമാനിച്ചിരിക്കുന്നത്. തന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ വഴി കർണാടക ഹൈ കോടതിയിൽ നിവേദനം സമർപ്പിച്ചിരിക്കുകയാണ് നടൻ.
തന്റെ സിനിമയ്ക്ക് കർണാടകയിൽ ഉടനീളം പ്രദർശനം അനുവദിക്കണമെന്നാണ് തന്റെ അപേക്ഷയിൽ കമൽ ഹാസൻ അപേക്ഷിച്ചിരിക്കുന്നത്. കോടതിയുടെ തീരുമാനത്തെ, കന്നഡ അനുകൂലികൾക്കും, കർണാടകം ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് തീരുമാനത്തിനും സ്വാധീനിക്കാൻ കഴിയില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് തഗ് ലൈഫ് ടീം അംഗങ്ങൾ.


Click it and Unblock the Notifications











