ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍ മുടങ്ങിയോ? വിശദീകരണവുമായി സംവിധായകന്‍ തന്നെ രംഗത്ത്!!
ജനപ്രിയ നായകന്‍ ദിലീപിന്റെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ എല്ലായ്‌പ്പോഴും ആവേശത്തോടെയാണ് കാത്തിരിക്കാറുളളത്. ദിലീപിന്റെതായി ഒടുവില് തിയ്യേറ്ററുകളിലെത്തിയ കമ്മാര സംഭവത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികളും ആരാധകരും നല്‍കിയത്. ദിലീപ് വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ എത്തിയ ചിത്രം നവാഗതനായ രതീഷ് അമ്പാട്ടായിരുന്നു സംവിധാനം ചെയ്തിരുന്നത്.
വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. കമ്മാര സംഭവത്തിന് ശേഷം ദിലീപിന്റെതായി പ്രഖ്യാപിച്ചിട്ടുളളത് പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രമാണ്. എന്നാല്‍ സിനിമ മുടങ്ങിയെന്നും അനിശ്ചിതത്വത്തിലാണെന്നുമുളള തരത്തില്‍ നേരത്തെ നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെല്ലാം വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രാമചന്ദ്ര ബാബു.

പ്രൊഫസര്‍ ഡിങ്കന്‍
ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയതുമുതല്‍ ദിലീപ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രത്തില്‍ ഒരു മാജിക്കുകാരന്റെ വേഷത്തിലാണ് താരം എത്തുന്നത്. ദിലീപിന്റെ ഇതുവരെയുളള സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായൊരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്.ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെതായി പുറത്തിറങ്ങിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പതിവ് ദിലീപ് ചിത്രങ്ങള്‍ പോലെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നതെന്നും അറിയുന്നു. എല്ലാ തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന തരത്തിലാണ് സിനിമയൊരുക്കുന്നതെന്നാണ് അറിയുന്നത്.

റാഫിയുടെ തിരക്കഥ
മലയാളത്തിലെ ഹിറ്റ് സംവിധായകരിലൊരാളായ റാഫിയാണ് പ്രൊഫസര്‍ ഡിങ്കനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് റാഫി. ദിലീപും റാഫിയും ഒന്നിച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ഷാഫി സംവിധാനം ചെയ്ത 2 കണ്‍ട്രീസ് എന്ന ചിത്രത്തിലായിരുന്നു ഈ കൂട്ടുക്കെട്ട് ഒടുവില്‍ ഒന്നിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ 2 കണ്‍ട്രീസിനു ശേഷം ഈ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളമാണ്.

ചിത്രത്തിലെ നായിക
നമിതാ പ്രമോദാണ് പ്രൊഫസര്‍ ഡിങ്കനില്‍ ദിലീപിന്റെ നായികയായി എത്തുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവം എന്ന ചിത്രത്തിലും നമിത തന്നെയായിരുന്നു ദിലീപിന്റെ നായികയായി എത്തിയിരുന്നത്. ചിത്രത്തില്‍ ഇരുതാരങ്ങളുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നമിത ദിലീപിനൊപ്പം അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പറയുന്നത്. പ്രശസ്ത ചായാഗ്രാഹകനായ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരഭമാണ് പ്രൊഫസര്‍ ഡിങ്കന്‍. ത്രീഡി ഫോര്‍മാറ്റിലാണ് രാമചന്ദ്രബാബു ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

മറ്റു താരങ്ങള്‍
അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്,ശ്രിന്ദ അഷബ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ന്യൂടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുബായ്, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ ഫസ്റ്റ്‌ലുക്ക് ഫോട്ടോഷൂട്ട് ഒരു കൊല്ലം മുന്‍പേ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ചിത്രം പ്രഖ്യാപിച്ച് ഒരു വര്‍ഷമായിട്ടും ഷൂട്ടിംഗ് മുടങ്ങിയെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. സിനിമ അനിശ്ചിതത്വത്തിലാണെന്നും മുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇതിനെല്ലാം വിശദീകരണവുമായി സംവിധായകന്‍ എത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല
പ്രൊഫസര് ഡിങ്കന്റെ ഷൂട്ടിംഗ് നിലവില്‍ ആരംഭിച്ചിട്ടില്ലെന്ന് സംവിധായകനായ രാമചന്ദ്രബാബു സ്ഥിരീകരിച്ചു. ഷൂട്ടിംഗ് തിയ്യതി ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ ജൂണില്‍ തുടങ്ങാനാണ് തങ്ങളുടെ പദ്ധതിയെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയതായി സംവിധായകന്‍ രാമചന്ദ്രബാബു നേരത്ത അറിയിച്ചിരുന്നു. കുടുംബപ്രേക്ഷകര്‍ക്ക് കൂടി ഇഷ്ടപ്പെടുന്ന രീതിയില്‍ തിരക്കഥ മാറ്റിയെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.


Click it and Unblock the Notifications