പൃഥ്വിരാജ് ചാടിയിറങ്ങിയത് ചരിത്രം പഠിക്കാതെ; രണ്ടര കോടിയില്‍ പൂര്‍ത്തിയാക്കിയ സിനിമയെ കുറിച്ച് അലി അക്ബര്‍
അലി അക്ബര്‍ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. 1921 ലെ മലബാര്‍ കലാപത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയ്ക്ക് രചന നിര്‍വഹിച്ചതും സംവിധായകന്‍ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യൂ, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനിപ്പോള്‍.
ഏകദേശം രണ്ടര കോടിയോളം രൂപയുടെ മുതല്‍ മുടക്കിലാണ് തന്റെ സിനിമ നിര്‍മ്മിച്ചതെന്നാണ് അലി അക്ബര്‍ പറയുന്നത്. മാത്രമല്ല പൃഥ്വിരാജ് വാരിയന്‍കുന്നന്‍ എന്ന സിനിമ ചെയ്യാന്‍ തയ്യാറായത് ചരിത്രം പഠിക്കാതെയാണെന്നും അത് മനസിലാക്കിയതോടെ പിന്മാറിയെന്നും സംവിധായകന്‍ ആരോപിക്കുന്നു. മനോരമയാണ് സംവിധായകന്റെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
'രണ്ട് വര്‍ഷമായി തനിക്കെതിരെ ട്രോളുകള്‍ സൃഷ്ടിച്ചവരും ആക്രമണം നടത്തിയവരും '1921: പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയിലൂടെ പുറത്ത് വരുന്ന സത്യത്തെ ഭയപ്പെടുന്നവരാണെന്ന് സംവിധായകന്‍ അലി അക്ബര്‍ എന്ന രാമസിംഹന്‍ പറയുന്നു. അത്തരത്തില്‍ ഭയപ്പെടുന്നവരാണ് തന്റെ സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചു കീറുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബിബിസി ഡോക്യുമെന്ററി നാട് നീളെ കാണിക്കുന്നുണ്ട്. എന്നാല്‍ തന്റെ സിനിമയ്‌ക്കെതിരെ വ്യാപകമായ ആക്രമണം നടത്തുകയാണ്. കോര്‍പറേഷനില്‍ പണമടച്ച് അനുവാദം വാങ്ങിയാണ് സിനിമയുടെ പോസ്റ്ററുകള്‍ ഒട്ടിച്ചത്. എന്നാല്‍ പിന്നാലെ ഒരു കൂട്ടരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറി കളയുകയാണ് ചെയ്യുന്നത്.
സത്യം പുറത്തുവരുമെന്ന ഭയമാണ് ട്രോളുകള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നില്‍. തനിക്കെതിരെ ക്രൂരമായ ട്രോളുകള്‍ വരുന്നത് കണ്ട് അനുകമ്പ തോന്നി സിപിഎമ്മുകാര്‍ പോലും സിനിമാ നിര്‍മാണത്തിനു പണം നല്‍കിയിട്ടുണ്ട്. മാത്രമല്ല തന്റെ സിനിമ മുടക്കാന്‍ പലരും പരമാവധി ശ്രമിച്ചിരുന്നുവെന്നും', സംവിധായകന്‍ സൂചിപ്പിക്കുന്നു.
'ആദ്യം ചിത്രീകരണം മുടക്കാനാണ് ശ്രമിച്ചത്. ലൊക്കേഷനില്‍ ഉദ്യോഗസ്ഥരെ അയച്ച് നിരന്തരം ഭീഷണിപ്പെടുത്തി. സിനിമ പൂര്‍ത്തിയായതിന് ശേഷം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ബോര്‍ഡ് തയാറായില്ല. ഇതോടെയാണ് കോടതിയെ സമീപിച്ചത്.
കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടുപോലും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ തടഞ്ഞു. ഒരു വഴിയുമില്ലാതായതോടെ പ്രധാനമന്ത്രിയ്ക്ക് പരാതി അയച്ചു. നാല് ദിവസത്തിനകം പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമായിരുന്നു'.

'പൃഥ്വിരാജ് നായകനായി വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമയെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് വാരിയംകുന്നനെ വിമര്‍ശിച്ച് സിനിമയെടുക്കാന്‍ താന്‍ മുന്നിട്ടിറങ്ങിയത്. 80 കോടി രൂപ ബജറ്റുമായി പൃഥ്വിരാജിന്റെ സിനിമയടക്കം നാലു സിനിമകളാണ് അന്നു പ്രഖ്യാപിക്കപ്പെട്ടത്.
എന്നാല്‍ ജനങ്ങള്‍ നല്‍കിയ പണമുപയോഗിച്ച് നിര്‍മിച്ച തന്റെ സിനിമ മാത്രമാണ് പൂര്‍ത്തിയായി തിയറ്ററുകളിലേക്ക് എത്തിയത്. ചരിത്രം പഠിക്കാതെയാണ് പൃഥ്വിരാജ് സിനിമയിലേക്ക് ചാടിയിറങ്ങിയത്. സത്യം മനസിലാക്കിയപ്പോഴാണ് അദ്ദേഹം പിന്‍തിരിഞ്ഞത്'.
'തന്റെ സിനിമ രണ്ടര കോടിയോളം ബജറ്റിലാണ് പൂര്‍ത്തിയാക്കിയത്. രണ്ട് കോടി രൂപ പൊതുജനങ്ങളില്‍ നിന്നും പിരിച്ചു കിട്ടി. ജനങ്ങള്‍ പണം തന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്. ഇതിനു ജിഎസ്ടി അടച്ചിട്ടുണ്ട്. അക്കൗണ്ട് ഓഡിറ്റ് ചെയ്തിട്ടുണ്ട്. ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ദിവസേന രണ്ടരലക്ഷത്തോളം രൂപ ചെലവില്‍ അമ്പത് ദിവസത്തോളം ചിത്രീകരണം നടത്തി.
പോസ്റ്റ് പ്രൊഡക്ഷനടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി. മലയാളം, ഹിന്ദി പതിപ്പുകളാണ് ഈ തുക കൊണ്ട് റിലീസിനൊരുങ്ങുന്നത്. എന്നിട്ടും ജനങ്ങള്‍ നല്‍കിയ പണം താന്‍ അടിച്ചുമാറ്റിയെന്നാണ് പലരും സമൂഹമാധ്യമങ്ങളിലിരുന്ന് ആരോപിക്കുകയും കരയുകയും ചെയ്യുന്നത്. ആരോപണമുന്നയിച്ച ആരും തനിക്ക് പണം തന്നിട്ടില്ലെന്നും', അലി അക്ബര്‍ പറയുന്നു.
'എന്നെ ട്രോളിയവര്‍ക്കും ആക്രമിച്ചവര്‍ക്കുമുള്ള മറുപടിയുമായിട്ടാണ് സംസ്ഥാനത്തെ 86 തിയറ്ററുകളില്‍ ചിത്രം റിലീസിനെത്തുന്നത്. സിനിമയ്ക്ക് പണം നല്‍കിയത് സാധാരണ ജനങ്ങളാണ്. പടത്തിന് ലാഭമുണ്ടായാല്‍ ഇവരോരോരുത്തര്‍ക്കും മുടക്ക് മുതല്‍ തിരികെ നല്‍കുകയെന്നത് അപ്രായോഗികമാണ്. അതുകൊണ്ട് ഈ തുക സാമൂഹിക സേവനത്തിലൂടെ സമൂഹത്തിനു നല്‍കാനാണ് തീരുമാനമെന്നും', അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











