പ്രളയത്തിന് ശേഷം ആദ്യമെത്തുക പൃഥ്വിരാജ്, വിജയം ആവര്‍ത്തിക്കാന്‍ രണം സെപ്തംബറില്‍
കേരളക്കരയെ പിടിച്ചുലച്ച പ്രളയം മലയാള സിനിമയേയും കാര്യമായി ബാധിച്ചു. ഓണം-ബക്രീദ് റിലീസുകളായി പ്രഖ്യാപിച്ച അഞ്ച് ചിത്രങ്ങളാണ് മറ്റൊരു റിലീസ് തിയതി പോലും പ്രഖ്യാപിക്കാതെ റിലീസ് മാറ്റിയത്. കായംകുളം കൊച്ചുണ്ണി മാത്രമാണ് ഈ ചിത്രങ്ങളില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 11നാണ് ചിത്രം തിയറ്ററിലെത്തുക. സെപ്തംബര്‍ റിലീസായി നേരത്തെ പ്രഖ്യാപിച്ചിരുന്ന പൃഥ്വിരാജ് ചിത്രം രണം സെപ്തംബര്‍ ഏഴിന് തിയറ്ററിലെത്തും.

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പൃഥ്വിരാജ് ചിത്രം സെപ്തംബറില്‍ റിലീസ് ചെയ്യുന്നത്. ഊഴം, ആദം ജോണ്‍ എന്നീ സെപ്തംബര്‍ റിലീസുകള്‍ വിജയം നേടിയിരുന്നു. പ്രളയത്തിന് ശേഷമുള്ള ആദ്യ വലിയ റിലീസായിരിക്കും രണം. ഏഷ്യാനെറ്റ് മിനി സ്‌ക്രീന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ രണത്തിന്റെ കഥാപശ്ചാത്തലം വിദേശമാണ്. ഈ വര്‍ഷം തിയറ്ററിലെത്തിയ പൃഥ്വിരാജ്-പാര്‍വ്വതി ചിത്രം മൈ സ്റ്റോറിയും വിദേശ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു.
നവാഗതനായ നിര്‍മല്‍ സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം റഹ്മാന്‍, ഇഷ തല്‍വാര്‍ എന്നിവരും സുപ്രധാന കഥാപാത്രങ്ങളാകുന്നു. 2016 ജൂലൈ മാസത്തിലായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് രണം പ്രഖ്യാപിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള തന്റെ രണ്ടാമത്തെ ക്രോസ് ഓവര്‍ സിനിമയാണ് രണം എന്നായിരുന്നു പൃഥ്വിരാജ് അന്ന് പ്രഖ്യാപിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെയായിരുന്നു ആദ്യ ചിത്രം. സാങ്കേതിക പ്രശ്‌നങ്ങളാല്‍ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു.
പൃഥ്വിരാജിന്റെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് മംമ്ത മോഹന്‍ദാസിനെയായിരുന്നു. എന്നാല്‍ കാര്‍ബണ്‍ എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന്റെ തിരക്കുകളുമായി ബന്ധപ്പെട്ട് മംമ്ത പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇഷ തല്‍വാര്‍ നായികയായി എത്തുകയായിരുന്നു. ദാമോദര്‍ രത്‌നം എന്ന ശക്തമായ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് തമിഴ് താരം സമ്പത്തിനെയായിരുന്നു. പിന്നീട് ആ കഥാപാത്രമായി റഹ്മാന്‍ എത്തുകയായിരുന്നു.


Click it and Unblock the Notifications











