മഞ്ജുവുണ്ട്, റാണി പദ്മിനി 20 തുടങ്ങും
റിമ കല്ലിങ്കലിനെയും മഞ്ജു വാര്യരെയും മുഖ്യ കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനി എന്ന ചിത്രം ഈ മാസം 20 ന് ഷൂട്ടിങ് ആരംഭിയ്ക്കും. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആഷിഖ് അബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യും.
പ്രിയരേ, 'റാണി പദ്മിനി'ഏപ്രിൽ 20ന് ചിത്രീകരണം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ !. ഒക്ടോബർ റിലീസ്.
Posted by Aashiq Abu on Monday, April 6, 2015
റാണി, പദ്മിനി എന്നീ രണ്ട് സ്ത്രീകളുടെ കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയാണ് റാണി പദ്മിനി. പിന്നീട് അവര്‍ ആ യാത്ര ജമ്മു കാശ്മീരിലേക്കും ഹിമാഞ്ചല്‍ പ്രദേശിലേക്കും നീട്ടുന്നു.

നേരത്തെ ചിത്രത്തില്‍ നിന്നും മഞ്ജു വാര്യരെ പുറത്താക്കി എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ആഷിഖ് അബു തന്നെ രംഗത്തെത്തി. വിവാഹ ശേഷം റിമ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് റാണി പദ്മിനി.
ആഷിഖ് അബുവിന് ഈ ചിത്രം ഒരു വെല്ലുവിളി കൂടെയാണ്. ഒടുവില്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രം തകര്‍പ്പന്‍ പരാജയമായിരുന്നു. അതില്‍ നിന്നുള്ളൊരു തിരിച്ചു കയറ്റം കൂടെയാണ് ഈ സ്ത്രീപക്ഷ ചിത്രം.
ശ്യാം പുഷ്‌ക്കറും രവി ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നു. പിഎം ഹാരിസും വിഎസ് മുഹമ്മദും ചേര്‍ന്നാണ് റാണി പദ്മിനി നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications