ജി ഫോര്‍ ഗോള്‍ഡ് മറ്റൊരു ആറാം തമ്പുരാന്‍?
രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുണ്ടായ ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത കാഴ്ചാനുഭവങ്ങള്‍ നല്‍കിയ ചിത്രങ്ങളാണ്. രഞ്ജിത്ത് ലാലിനെ ഫ്യൂഡല്‍ പ്രഭുവും അമാനുഷനുമാക്കി മാറ്റുകയാണ് ഇത്തരം ചിത്രങ്ങളിലൂടെയെന്ന് പലവട്ടം വിമര്‍ശനങ്ങളുണ്ടായെങ്കിലും ഈ ചിത്രങ്ങളെല്ലാം സാധാരണ പ്രേക്ഷകരെ നന്നേ രസിപ്പിച്ചിട്ടുണ്ടെന്നുള്ളകാര്യത്തില്‍ മറിച്ചൊരു വാദത്തിന് ഇടയില്ല. എന്നാല്‍ പിന്നീട് രഞ്ജിത്ത് കുറച്ചുകൂടി യാഥാര്‍ത്ഥ്യങ്ങളോട് അടുത്തുനില്‍ക്കുന്ന ചിത്രങ്ങളിലേയ്ക്ക് മാറി. സൂപ്പര്‍ഹീറോയായി പിന്നീട് പലവട്ടം ലാല്‍ എത്തിയെങ്കിലും അവയ്‌ക്കൊന്നിനും രഞ്ജിത്ത് ചിത്രങ്ങളുടെ ക്ലാസ് ഇല്ലായിരുന്നുവെന്നാണ് പലപ്പോഴും വിലയിരുത്തപ്പെട്ടത്.
ഇപ്പോള്‍ രഞ്ജിത്ത് വീണ്ടും കളംമാറ്റിച്ചവിട്ടുകയാണ്. മോഹന്‍ലാലുമായിച്ചേര്‍ന്ന് പുതിയൊരു തട്ടുപൊളിപ്പന്‍ ചിത്രവുമായി എത്തുകയാണ് രഞ്ജിത്ത്. രഞ്ജിത്തും മോഹന്‍ലാലും ഒന്നിയ്ക്കുന്നുവെന്ന് കേട്ടപ്പോള്‍ ഇരുവരുടെയും ആരാധകരില്‍ ഏറിയപങ്കും ഒരു ആറാം തമ്പുരാന്‍ ദേവാസുരം ടൈപ്പ് ചിത്രം ആഗ്രഹിച്ചിട്ടുണ്ടാകും. മാത്രമല്ല ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കള്ളക്കടത്തുകാരന്റെ വേഷത്തിലാണ് എത്തുന്നതെന്ന് കേട്ടതോടെ ഈ ആഗ്രഹം പ്രതീക്ഷയായി മാറി. കാരണം ആറാം തമ്പുരാനിലും മറ്റും ലാല്‍ മുംബൈയിലെ അധോലോകത്തുനിന്നെത്തുന്ന നായകനായിട്ടാണ് അഭിനയിച്ചിരുന്നത്. അതുകൊണ്ടു തന്നെ ജി ഫോര്‍ ഗോള്‍ഡിലെ കള്ളക്കടത്തുകാരനും ഇത്തരത്തിലൊരു സൂപ്പര്‍ ഹീറോ ആയിരിക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കാന്‍ തുടങ്ങി.

ഇപ്പോള്‍ വീണ്ടും പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആറാം തമ്പുരാന്റെ രണ്ടാം ഭാഗമായിരിക്കും ജി ഫോര്‍ ഗോള്‍ഡ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ രഞ്ജിത്ത് ഇതുവരെ ഒരു വ്യക്തതയും തന്നിട്ടില്ല. എന്തായാലും ലാല്‍ വീണ്ടും കള്ളക്കടത്തുകാരനായി എത്തുന്ന ചിത്രം മികച്ചൊരു ത്രില്ലറായിരിക്കുമെന്നുതന്നെ പ്രതീക്ഷിയ്ക്കാം. മുമ്പ് ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍, ഇന്ദ്രജാലം, എന്നീ ചിത്രങ്ങളിലെല്ലാം കറതീര്‍ന്ന കള്ളക്കടത്തുകാരനായി ലാല്‍ അഭിനയിച്ചുതകര്‍ത്തിട്ടുണ്ട്.
രഞ്ജിത്ത് എന്ന പ്രതിഭയുടെ പിന്‍ബലംകൂടിയാകുമ്പോള്‍ ജി ഫോര്‍ ഗോള്‍ഡിലെ കള്ളക്കടത്തുകാരനും പ്രേക്ഷകര്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന പണ്ട് ഓര്‍മ്മയിലേയ്‌ക്കൊരു ഫോണ്‍ നമ്പര്‍ കളഞ്ഞിട്ടുപോയ സാഗര്‍ ഏലിയാസ് ജാക്കിയെപ്പോലൊരു കഥാപാത്രമാകുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











