രഞ്ജിത്ത്-ലാല്‍-മഞ്ജു ചിത്രത്തിന്റെ ബജറ്റ് 12കോടി
ചെറിയൊരു ഇടവേളയ്ക്ക് ശേഷം രഞ്ജിത്ത്-മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ചിത്രത്തെക്കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ്. നേരത്തേ പ്രഖ്യാപനത്തിന് ശേഷം പിന്നീട് ചിത്രത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകളൊന്നും പുറത്തുവന്നിരുന്നില്ല. മാത്രമല്ല ചിത്രം അനിശ്ചിതമായി മാറ്റിവെയ്ക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അധികം താമസിയാതെ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ്. പന്ത്രണ്ട് കോടി രൂപ ചെലവിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. മലയാളത്തെ സംബന്ധിച്ച് ഇതൊരു വന്‍ ബജറ്റ് അല്ലേയെന്ന് ചോദ്യമുയരുന്നുണ്ട്. പക്ഷേ മോഹന്‍ലാലും രഞ്ജിത്തും ഒപ്പം മഞ്ജു വാര്യരും ചേരുമ്പോള്‍ ബജറ്റ് ഒരു പ്രശ്‌നമാകുന്നില്ലെന്നതാണ് അണിയറക്കാര്‍ നല്‍കുന്ന വിശദീകരണം.
മോഹന്‍ലാലിനൊപ്പം തന്നെ മഞ്ജു വാര്യരുടെ സാന്നിധ്യത്തിനും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ചിത്രത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ വലിയൊരു ഘടകം മഞ്ജുവിന്റെ സാന്നിധ്യം തന്നെയായിരിക്കും. അതുകൊണ്ടുതന്നെയാകാം വന്‍ തുക നല്‍കി മഞ്ജുവിനെ ചിത്രത്തിലെത്തിക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചതും. ഈ ചിത്രത്തിന് വേണ്ടി മഞ്ജുവിന് ഒരു കോടി രൂപയാണ് പ്രതിഫലം നല്‍കിയിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.
ചിത്രത്തില്‍ പൃഥ്വിരാജും ഉണ്ടെന്നുള്ള കാര്യം നേരത്തേ തന്നെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയാകുമ്പോള്‍ ഒരു സൂപ്പര്‍താരവും മറ്റ് രണ്ട് യുവസൂപ്പര്‍താരങ്ങളുമാണ് ചിത്രത്തിലുണ്ടാവുക. അക്കണക്കിന് നോക്കിയാല്‍ ചിത്രത്തിന്റെ ബജറ്റ് 12കോടിയില്‍ നില്‍ക്കുന്നുഎന്നതുതന്നെയാണ് അതിശയകരമായ കാര്യം.
ചിത്രത്തിന്റെ കഥയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുംതന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. വരിക്കാശേരി മന ലൊക്കേഷനാക്കി മുമ്പ് പലവട്ടം പറഞ്ഞതുപോലെ രഞ്ജിത്ത് ഒരു ഫ്യൂഡല്‍ ലോര്‍ഡിന്റെ കഥ തന്നെയാണോ പറയാന്‍ പോകുന്നത് എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം കഥകളും കഥപറയല്‍ ശൈലിയലും രഞ്ജിത്ത് വളരെ മുന്നേ തന്നെ മാറ്റിയതാണ്. അപ്പോള്‍ വീണ്ടും സംശയം ബാക്കിയാവുകയാണ് എന്തായാരിക്കും ലാല്‍-പൃഥ്വിരാജ്-മഞ്ജു ചിത്രത്തിന്റെ കഥ. എന്തായാലും കാത്തിരുന്ന് കാണാം.


Click it and Unblock the Notifications