ദുല്‍ഖറിന്റെ കഴിഞ്ഞു, രഞ്ജിത്തിന്റെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പം
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറി മാറി നായകന്മാരാക്കി സിനിമകളെടുത്ത സംവിധായകനാണ് രഞ്ജിത്ത്. അവയെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. യുവനിരയില്‍ പൃഥ്വിരാജിനൊപ്പമാണ് തുടക്കം.
ഇപ്പോള്‍ രഞ്ജിത്ത് യുവതാരങ്ങളെ തേടിപ്പിടച്ചാണ് സിനിമ ചെയ്യുന്നതെന്ന് തോന്നുന്നു. പൃഥ്വിരാജിനൊപ്പം 'നന്ദനം' മുതല്‍ 'ഇന്ത്യന്‍ റുപ്പീ'വരെ ചെയ്ത രഞ്ജിത്ത് ഒടുവില്‍ ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്‍. ദുല്‍ഖറിന്റെ ഊഴവും കഴിഞ്ഞു. അടുത്തത് ഫഹദ് ഫാസില്‍.

അതെ രഞ്ജിത്തിന്റെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പമാണത്രെ. ഫഹദിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ രഞ്ജിത്ത് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് പശ്ചാത്തലമായി ആയിരിക്കും ചിത്രമെന്നും അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിയ്ക്കുമെന്നും കേള്‍ക്കുന്നു.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'ഞാന്‍' ഇന്നലെ (19-09-2014-വെള്ളി)യാണ് റിലീസായത്. കെടി എന്‍ കൊട്ടൂറിന്റെ ജീവിതത്തെ ആസ്പദമാക്കിയ ഞാനിന് നല്ല റിവ്യുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
അതിനിടയില്‍ രഞ്ജിത്ത് ജിഎസ് വിജയനുവേണ്ടി സ്‌ക്രിപ്റ്റ് എഴുതാന്‍ ഒരുങ്ങുന്നുണ്ട് എന്നും കേള്‍ക്കുന്നു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'ബാവൂട്ടിയുടെ നാമത്തില്‍' എന്ന ചിത്രത്തിന് വേണ്ടി ഇരുവരും നേരത്തെ ഒന്നിച്ച് പ്രവൃത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications