ജി ഫോര്‍ ഗോള്‍ഡ് അത്‌ലറ്റിന്റെ കഥ
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ജി ഫോര്‍ ഗോള്‍ഡ് എന്ന ചിത്രത്തെക്കുറിച്ചറിയാന്‍ ഏറെനാളായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. താനൊരുക്കുന്ന ചിത്രത്തിന്റെ പേര് ജി ഫോര്‍ ഗോള്‍ഡ് എന്നാണെന്നും നേരത്തേ പറഞ്ഞതുപോലെ ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും ഇല്ലെന്നും കഴിഞ്ഞ ദിവസം രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ഒരു അത്‌ലറ്റിന്റെ കഥയാണ് ജി ഫോര്‍ ഗോള്‍ഡിന്റെ പ്രമേയമെന്നാണ് ആദ്യ വിവരം. ട്രാക്കില്‍ സ്വര്‍ണം മാത്രം ലക്ഷ്യം വച്ച് ജീവിയ്ക്കുന്ന ഒരു കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍ പക്ഷേ യുവതാരങ്ങളില്‍ ആരെങ്കിലും ഒരാള്‍ ചിത്രത്തിലുണ്ടാകും. പൃഥ്വിരാജ് തന്റെ ചിത്രത്തിലില്ല എന്ന് രഞ്ജിത്ത് പറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ കുഞ്ചാക്കോ ബോബനായിരിക്കും ജി ഫോര്‍ ഗോള്‍ഡിലെ യുവതാരമെന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തില്‍ കാര്‍ത്തിക നായരായിരിക്കും നായികയായി എത്തുകയെന്നും കേള്‍ക്കുന്നുണ്ട്. രഞ്ജിത്ത് ഒരുക്കിയിരിക്കുന്ന തിരക്കഥയുടെ മൂലകഥ ശങ്കര്‍ രാമകൃഷ്ണന്റേതാണ് എന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് ഗോള്‍ഡ് എന്ന പേരില്‍ ഇത് തിരക്കഥയാക്കുകയും ശങ്കര്‍ രാമകൃഷ്ണന്‍ സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് നല്‍കുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍ പല പ്രശ്‌നങ്ങളാണ് ആ പ്രൊജക്ട് നടന്നില്ല. അതേകഥയാണ് മാറ്റങ്ങള്‍ വരുത്തി രഞ്ജിത്ത് ജി ഫോര്‍ ഗോള്‍ഡ് ആക്കിയിരിക്കുന്നതെന്നാണ് സൂചന.


Click it and Unblock the Notifications











