നിപ്പായില്‍ കുരുങ്ങി സിനിമാലോകവും, നീരാളിയും മൈ സ്റ്റോറിയും പെരുന്നാളിനെത്തില്ലേ? ആശങ്കയോടെ ആരാധകര്‍
Recommended Video

ജൂണ്‍ രണ്ടാം വാരത്തില്‍ പെരുന്നാളിന് മുന്നോടിയായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സൂപ്പര്‍ താരങ്ങളും യുവതരങ്ങളുമടക്കം നിരവധി പേരാണ് സിനിമകളുമായി എത്തുമെന്ന് അറിയിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ചിത്രങ്ങളുമായി ഒരേ സമയം എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നീരാളിയും അബ്രഹാമും ഒരേ സമയം തിയേറ്ററുകളിലേക്കെത്തിയാല്‍ ആരായിരിക്കും ബോക്‌സോഫീസിലെ താരമെന്ന തരത്തിലുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
ജൂണ്‍ 15ന് നീരാളിയും ഞാന്‍ മേരിക്കുട്ടിയും മൈ സ്റ്റോറിയും റിലീസ് ചെയ്യുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നിരുന്നത്. ഈ വര്‍ഷത്തെ ആദ്യ റിലീസുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ജൂണ്‍ 16ന് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും തിയേറ്ററിലേക്കെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവയില്‍ പല സിനിമകളുടെയും റിലീസുകളും മാറ്റുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുളള ചര്‍ച്ചകള്‍ അരങ്ങേറുന്നത്. സിനിമാപ്രേമികളുടെ ആശങ്ക ഇപ്പോഴും അതേ പോലെ തുടരുകയാണ്.

റിലീസുകള്‍ മാറുമോ?
മലബാര്‍ മേഖലയിലെ നിപ്പ പനി ഭീതിയും വരാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പുമാണ് റിലീസുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. അതിനാല്‍ പല സിനിമകളും റിലീസുമായി മുന്നോട്ട് പോവുന്നില്ലെന്ന തരത്തില്‍ തീരുമാനിച്ചുവെന്നുളള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം പിടിച്ച സിനിമകള്‍ തിയേറ്ററുകളിലേക്കെത്താനായി ഇനിയും കാത്തിരിക്കണം. ഇതോടെ ആരാധകര്‍ ആകെ നിരാശയിലായിരിക്കുകയാണ്.

അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
ഈ വര്‍ഷത്തെ ആദ്യ റിലീസ് ചിത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള സിനിമയായ നീരാളിയുടെ ചിത്രങ്ങളും പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡയയിലൂടെ വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും നദിയ മൊയ്തുവും ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്. നീരാളിയുടെ റിലീസ് മാറ്റിയേക്കുമെന്നുള്ള അനൗദ്യോഗിക റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അണിയറപ്രവര്‍ത്തകരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

നീരാളിയുടെ റിലീസ് മാറ്റുമോ?
മലയാള സിനിമയെത്തന്നെ ഒന്നടങ്കം വിഴുങ്ങാനെത്തുന്ന നീരാളിക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. മലബാര്‍ മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് സിനിമയുടെ റിലീസ് നീട്ടുമെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തെജൂലായ് 14നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീടത് 15 ലേക്ക് മാറ്റുകയായിരുന്നു. ജൂലായ് 22ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മൈ സറ്റോറിയുടെ റിലീസ്
പൃഥ്വിരാജും പാര്‍വതിയും നായികനായകന്‍മാരായെത്തുന്ന റൊമാന്റിക് ചിത്രമായ മൈ സ്റ്റോറിയുടെ റിലീസ് തീയതിയും മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 15 ലക്ഷ്യമാക്കിയായിരുന്നു റിലീസ് തീരുമാനിച്ചത്. എന്നാല്‍ നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ചിത്രവും പെരുന്നാളിന് റിലീസ് ചെയ്യാന്‍ സാധ്യതയില്ലെന്നാണ്. വരുംദിനങ്ങളില്‍ ഇതേക്കുറിച്ചുള്ള പ്രതികരണവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മമ്മൂട്ടിയും മാറ്റുമോ?
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ചിത്രങ്ങളുടെ റിലീസുകള്‍ മാറ്റിയാല്‍ സ്വഭാവികമായും മമ്മൂട്ടിയുടെ അബ്രഹാമും മാറുമെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ വീണ്ടും തോക്കെടുക്കുകയാണ് ഈ ചിത്രത്തിലൂടെ.

കലക്ഷനിലെ തിരിച്ചടി മുന്നില്‍ക്കണ്ട്
കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവങ്ങളായിരുന്നു അടുത്തിടെ നടന്നത്. നിപ്പ പനി ഉയര്‍ത്തിയ ഭീഷണി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതിനോടകം തന്നെ 17 പേരാണ് നിപ്പയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. നിപ്പ ഭീതിയെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. ഈ സാഹചര്യം മനസ്സിലാക്കിയാണ് സിനിമകള്‍ റിലീസ് ചെയ്യുന്നത് മാറ്റാന്‍ തീരുമാനിച്ചത്. മലബാര്‍ മേഖലയിലെ കലക്ഷനില്‍ ഇത് കൃത്യമായി പ്രകടമാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.


Click it and Unblock the Notifications