റിലയന്‍സിന്റെ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ', മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളുടെ കച്ചവടം പൂട്ടുമോ?
'ഇനിയപ്പോള്‍ റിലയന്‍സ് കച്ചവടം പൂട്ടിക്കുമോ?', മുകേഷ് അംബാനിയുടെ പുതിയ 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' പ്രഖ്യാപനത്തില്‍ ആശങ്ക പൂണ്ടു നില്‍ക്കുകയാണ് രാജ്യത്തെ വന്‍കിട മാളുകളും ഫുഡ് കോര്‍ട്ടുകളും. തിങ്കളാഴ്ച്ച കമ്പനിയുടെ 42 -മത് വാർഷിക പൊതുസമ്മേളനത്തിലാണ് പുതിയ 'സിനിമാ' പദ്ധതിയെ കുറിച്ച് റിലയൻസ് മേധാവി, മുകേഷ് അംബാനി സൂചന നൽകിയത്. അടുത്ത കാലത്തായി തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന പതിവ് റിലയന്‍സിനുണ്ട്.

ടെലികോം രംഗത്തു റിലയന്‍സ് ജിയോ നടത്തിയ വിപ്ലവം ആരും മറന്നിട്ടില്ല. കുത്തനെ കുതിച്ച ഇന്റര്‍നെറ്റ്, കോള്‍ നിരക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ ജിയോയ്ക്ക് കഴിഞ്ഞു. ഇനിയിപ്പോള്‍ ബ്രോഡ്ബാന്‍ഡ് സേവന രംഗത്തു ജിഗാഫൈബറിലൂടെ പിടിമുറുക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 700 രൂപ മുതല്‍ ആരംഭിക്കുന്ന ജിഗാഫൈബര്‍ പ്ലാനില്‍ ഇന്റര്‍നെറ്റും ടിവിയും ഫോണ്‍ കണക്ഷനുമെല്ലാം റിലയന്‍സ് ലഭ്യമാക്കും.

ഇതോടെ നിലവിലെ ഡിടിഎച്ച് സേവനദാതാക്കള്‍ക്കും തിയേറ്ററുകള്‍ക്കുമാണ് പ്രധാന ഭീഷണി. കാരണം, ജിഗാഫൈബര്‍ ഉപയോക്താക്കള്‍ക്ക് റിലയന്‍സ് HD മികവാര്‍ന്ന ടിവി നല്‍കും, സെറ്റ്‌ടോപ്പ് ബോക്‌സ് നല്‍കും, പിന്നെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആനുകൂല്യവും.
പേര് സൂചിപ്പിക്കുന്നതുപോലെ പുത്തന്‍ പടങ്ങള്‍ ജിഗാഫൈബര്‍ ഉപയോക്താക്കളില്‍ എത്തിക്കുന്ന റിലയന്‍സിന്റെ പദ്ധതിയാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. തിയേറ്ററില്‍ ആദ്യ ദിവസം പ്രദര്‍ശനത്തിനെത്തുമ്പോള്‍ത്തന്നെ സിനിമ വീട്ടിലിരുന്ന് കാണാനുള്ള സൗകര്യം ജിഗാഫൈബര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

മാളുകളെയും ഫുഡ് കോര്‍ട്ടുകളെയുമാണ് ഈ നീക്കം കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ പദ്ധതി റിലയന്‍സ് കൊണ്ടുവന്നാല്‍ ഫുഡ് കോര്‍ട്ടുകളിലെ വില്‍പ്പന പത്തു ശതമാനത്തോളം ഇടിയുമെന്നാണ് വിലയിരുത്തല്‍. കാരണം മാളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫുഡ് കോര്‍ട്ടുകളില്‍ വലിയ സിനിമാ റിലീസുകളുടെ സമയത്ത് വമ്പന്‍ കച്ചവടമാണ് നടക്കാറ്.

ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സൗകര്യമൊരുങ്ങിയാല്‍ മാളുകളില്‍ ചെന്ന് സിനിമ കാണുന്നവരുടെ എണ്ണം കുറയും; മള്‍ട്ടിപ്ലക്‌സുകളുടെയും ഫുഡ് കോര്‍ട്ടുകളുടെയും കാര്യം അവതാളത്തിലാവും. എന്തായാലും ഏതെല്ലാം പടങ്ങള്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയില്‍ റിലയന്‍സിന് കിട്ടുമെന്ന കാര്യം മുന്‍നിര്‍ത്തിയാകും തിയേറ്ററില്‍ പോകണമോ, വേണ്ടയോ എന്ന കാര്യം ആളുകള്‍ നിശ്ചയിക്കുക. ഒപ്പം, ജിഗാഫൈബര്‍ സേവനങ്ങള്‍ക്ക് കമ്പനി നിശ്ചയിക്കുന്ന നിരക്കും ജനങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കും.


Click it and Unblock the Notifications











