twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റീമേക്ക്‌ ചിത്രങ്ങള്‍ ചെയ്യുന്നത്‌ റിസ്‌ക്ക്‌; പ്രിയന്‍

    By Staff
    |

    റീമേക്ക്‌ ചിത്രങ്ങളിലൊരു റിസ്‌ക്കുണ്ട്‌. അതെനിക്കിഷ്ടവുമാണ്‌. പറയുന്നത്‌ വേറാരുമല്ല ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ റീമേക്ക്‌ സിനിമകളുടെ തലതൊട്ടപ്പനായ പ്രിയദര്‍ശന്‍ തന്നെ. വിവിധ ഭാഷകളിലായി ഒട്ടേറെ റീമേയ്‌ക്ക്‌ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത പ്രിയന്‍ അവയില്‍ നിന്ന്‌ ഒട്ടേറെ വിജയങ്ങളും കൊയ്‌തു.

    സ്ലാപ്പ്‌ സ്‌റ്റിക്ക്‌ കോമഡി ചിത്രങ്ങളിലൂടെ കരിയര്‍ തുടങ്ങിയ പ്രിയന്റെ ബോളിവുഡിലെ അതികായകന്‍മാരിലേക്കുള്ള വളര്‍ച്ചെ പെട്ടെന്നൊരു ദിവസം സംഭവിച്ചതായിരുന്നില്ല. മലയാളത്തില്‍ 36 ചിത്രങ്ങള്‍ക്ക്‌ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്‌ത പ്രിയന്റെ ആദ്യത്തെ മൂന്ന്‌ ബോളിവുഡ്‌ ചിത്രങ്ങളും വമ്പന്‍ പരാജയങ്ങളായിരുന്നു.

    മലയാളത്തില്‍ വമ്പന്‍ വിജയം നേടിയ കീരിടം പോലുള്ള ചിത്രങ്ങള്‍ ഗര്‍ദ്ദിഷ്‌ എന്ന പേരില്‍ പുറത്തിറക്കിയപ്പോള്‍ പ്രിയനെ കാത്തിരുന്നത്‌ പരാജയമായിരുന്നു. പിന്നീട്‌ തമിഴില്‍ കമല്‍ഹാസന്‍ രചിച്ച തേവര്‍ മകനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ നിര്‍മിച്ച വിരാസത്തിന്റെ വിജയത്തോടെയാണ്‌ പ്രിയന്‍ ബോളിവുഡില്‍ തന്റെ ആദ്യ വിജയം കൊയ്യുന്നത്.

    ഓരോ ഭാഷയ്‌ക്കും അതാതിന്റെതായ സംസ്‌ക്കാരിക പശ്ചാത്തലമുണ്ട്‌. അത്‌ മറ്റൊരു ഭാഷയിലേക്ക്‌ മാറ്റുമ്പോള്‍ അതുമായി പൊരുത്തപ്പെടണം. അല്ലെങ്കില്‍ പരാജയമായിരിക്കും ഫലം പ്രിയന്‍ പറയുന്നു. ഇതിനാല്‍ തന്നെ പലപ്പോഴും കഥയുടെ സാരാശം മാത്രമെടുത്ത്‌ പുതിയ തിരക്കഥ തന്നെ രചിയ്‌ക്കേണ്ടി വരും.

    തമിഴില്‍ നിന്ന്‌ ഹിന്ദിയിലേക്ക്‌ പോയ പല ചിത്രങ്ങളും പരാജയപ്പെടാന്‍ കാരണമതായിരുന്നു. അതെ സമയം മലയാളത്തില്‍ നിന്നും റീമേക്ക്‌ ചെയ്‌ത ചന്ദ്രമുഖി വിജയിക്കാന്‍ കാരണം രജിനിയെന്ന താരത്തിന്റെ സാമീപ്യം മാത്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    ബോളിവുഡ്‌ നടന്‍മാരുടെ സിനിമയോടുള്ള സമീപനവും ഈ സംവിധായകന്‍ മാറ്റി മറിച്ചു കഴിഞ്ഞു. മുന്‍ കാലങ്ങളില്‍ ബോളിവുഡില്‍ ഒരു ചിത്രം പൂര്‍ത്തിയാകുന്നതിന്‌ ചുരുങ്ങിയത്‌ രണ്ട്‌ വര്‍ഷമെങ്കിലും വേണമായിരുന്നു. ഒരൊറ്റ നടന്‍ പോലും ഉച്ചയ്‌ക്ക്‌ ഒരു മണിയ്‌ക്ക്‌ ശേഷമല്ലാതെ സെറ്റുകളിലെത്തുമായിരുന്നില്ല. എന്നാല്‍ ഒറ്റ ഷെഡ്യൂളില്‍ ചിത്രങ്ങള്‍ തീര്‍ക്കുകയെന്ന പ്രിയന്‍ ശൈലി കാര്യങ്ങളാകെ മാറ്റി മറിച്ചു. തുടക്കത്തില്‍ കുറെ കല്ലുകടിയുണ്ടായെങ്കിലും പിന്നീട്‌ നടന്‍മാര്‍ കൃത്യസമയത്ത്‌ എത്തി തുടങ്ങി.

    വന്‍ സാമ്പത്തിക ലാഭം നേടിത്തരുന്ന ഈ പ്രിയന്‍ ശൈലി ബോളിവുഡിലെ മറ്റു സംവിധായകരും ഇപ്പോള്‍ പിന്തുടര്‍ന്ന്‌ കൊണ്ടിരിയ്‌ക്കുകയാണ്‌. ഹിന്ദിയില്‍ വന്‍ ബഡ്‌ജറ്റുകളുള്ള ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഹിന്ദി സിനിമകള്‍ ഭൂരിപക്ഷവും റിയലിസ്റ്റിക്കല്ല എന്ന പരാതിയുണ്ട്‌ പ്രിയനുണ്ട്‌. ഹിന്ദിയില്‍ താനൊഴിച്ച്‌ മണിരത്‌നം മാത്രമാണ്‌ റിയലിസ്റ്റിക്‌ ചിത്രങ്ങളൊരുക്കുന്നതെന്നും അദ്ദേഹം പറയുന്നു.

    പ്രയന്റെ പുതിയ ചിത്രമായ കാഞ്ചീവരം തികച്ചും റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. ഇതു വരെയുള്ള എന്റെ എല്ലാ ചിത്രങ്ങളും എന്റെ ചിന്തയില്‍ നിന്നും രൂപം കൊണ്ടവയാണ്. എന്നാല്‍ കാഞ്ചീപുരം എന്റെ ഹൃദയത്തില്‍ ഉരുത്തിരിഞ്ഞതാണ് കാഞ്ചീവരത്തെ പ്രിയന്‍ വിശേഷിപ്പിയ്ക്കുന്നത് അങ്ങനെയാണ്. ഒരു നീണ്ട കാല സ്വപ്നമാണ് ഈ ചിത്രത്തിലൂടെ പൂര്‍ത്തിയാകുന്നത്.വളരെ യാഥാര്‍ഥ്യ ബോധത്തോടെ ഒരുക്കിയ കാഞ്ചീപുരം തികച്ചും പേഴ്സണല്‍ സിനിമയാണെന്നും റീമേക്ക് ചിത്രങ്ങളുടെ വിജയഫോര്‍മുല ഹൃദസ്ഥമാക്കിയ സംവിധായകന്‍ പറയുന്നു.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X