»   » മോളിവുഡില്‍ കോപ്പിയടിയുടെ പൂക്കാലം

മോളിവുഡില്‍ കോപ്പിയടിയുടെ പൂക്കാലം

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്കിത് കോപ്പിയടിയുടെ പൂക്കാലമാണ്. ഹോളിവുഡ് ചിത്രമായ 'ദ പ്രപ്പോസല്‍' കോപ്പിയടിച്ചുണ്ടാക്കിയ മൈ ബോസ് വമ്പന്‍ വിജയം നേടുന്നതിന് പിന്നാലെ ഇതേ ശ്രേണിയില്‍ ഒരുപിടി സിനിമകള്‍ അണിയറയിലൊരുങ്ങുകയാണ്.

Mollywood Remakes

ഈ സിനിമകള്‍ കോപ്പിയടിയാണെന്ന് ഇപ്പോള്‍ ഉറപ്പിയ്ക്കാനാവില്ല. എന്നാല്‍ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഈയൊരു സാധ്യതയിലേക്ക് തന്നെ. ഈ സിനിമകളുടെ പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല. അവ ഏതൊക്കെയാണെന്ന് നിങ്ങള്‍ തന്നെ ഊഹിയ്ക്കൂ..

രണ്ട് യുവതാരങ്ങള്‍ പള്ളി വികാരികളായി വേഷമിടുന്ന സിനിമ 1989ലെ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രമായ വി ആര്‍ നോ ഏയ്ഞ്ചല്‍സിന്റെ പകര്‍പ്പാണെന്നാണ് ചലച്ചിത്രരംഗത്തെ സംസാരം. സീന്‍ പെ്‌നും റോബര്‍ട്ട് ഡീ നിറോയുമായിരുന്നു ഈ ചിത്രത്തിലെ നായകന്മാര്‍.

ക്രിസ്മസിന് തിയറ്ററുകളിലെത്തുന്ന ഒരു സൂപ്പര്‍താരചിത്രവും ഇത്തരത്തില്‍ കോപ്പിയടിച്ചതാണെന്നാണ് അറിയുന്നത്. 2008ല്‍ പുറത്തിറങ്ങിയ ലിയാം നീസന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ടേക്കണും ഡെന്‍സില്‍ വാഷിങ്ടണിന്റെ മാന്‍ ഓണ്‍ ഫയറും സമാസമം ചേര്‍ത്താണ് സൂപ്പര്‍താര ചിത്രം പടച്ചിരിയ്ക്കുന്നതെന്ന് പറയപ്പെടുന്നു. ടേക്കണിന്റെ രണ്ടാംഭാഗം തിയറ്ററുകളിലെത്തിയതിന് പിന്നാലെയാണ് ഇതിന്റെ കോപ്പിയും റിലീസിന് തയാറായിരിക്കുന്നത്. ഒരു തട്ടിക്കൊണ്ടു പോകലും അന്വേഷണവുമൊക്കെയാണ് ഈ സിനിമയുടെ പ്രമേയം.

2010ല്‍ റിലീസായ ലിസ കോലെന്‍ഡെങ്കോയുടെ ദ കിഡ്‌സ് ആര്‍ ഓള്‍റൈറ്റ് എന്ന ചിത്രം മലയാളത്തില്‍ വൈകാതെ കാണാന്‍ ഭാഗ്യമുണ്ടാവുമെന്നാണ് അറിയുന്നത്. ഇതിനൊക്കെ പുറമെ ഒരുപിടി ഹോളിവുഡ് സിനിമകള്‍ വെട്ടിക്കീറി പടമെടുക്കാന്‍ ന്യൂജനറേഷന്‍ സംവിധായകര്‍ പ്ലാനിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കോപ്പിയടിയാണോയെന്ന് ഉറപ്പിച്ചു പറയാന്‍ ഈ സിനിമകള്‍ തിയറ്ററുകളിലെത്തുന്നത് വരെ ക്ഷമിച്ചേ മതിയാകൂ. അല്ലെങ്കിലും ആരും മുന്‍കൂട്ടി പറഞ്ഞ് മോഷണം നടത്താറില്ലല്ലോ!!

English summary
The industry rumours have it that quite a few films at various stages of completion are straightforward rip offs from foreign movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X