പറ്റില്ലെങ്കില്‍ നോ പറയണം, കാസ്റ്റിങ് കൗച്ച് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി രമ്യ നമ്പീശന്‍!
കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഇന്നും സിനിമാലോകത്ത് നടക്കുന്നുണ്ടെന്ന് ഓരോ സംഭവവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭാഷാഭേദമില്ലാതെ എല്ലായിടത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. യുവഅഭിനേത്രിയായ ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിന് ശേഷമുള്ള ഞെട്ടലില്‍ നിന്നും തെലുങ്ക് സിനിമ ഇതുവരെ മുക്തരായിട്ടില്ല. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമാലോകം ഒന്നടങ്കം നടുങ്ങിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഹോളിവുഡ് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ ഹാര്‍വി വെയിന്‍സ്റ്റനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നിരവധി താരങ്ങളായിരുന്നു രംഗത്ത് വന്നത്. ഈ സംഭവത്തിന് ശേഷമാണ് അദ്ദേഹത്തെ സിനിമയില്‍ നിന്നും വിലക്കിയത്. തങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരിക്കാനും അതേക്കുറിച്ച് തുറന്നുപറയാനും ഇപ്പോള്‍ അഭിനേത്രികള്‍ തയ്യാറായിട്ടുണ്ട്. ഇത് നല്ല കാര്യമാണെന്നാണ് രമ്യ നമ്പീശന്റെ അഭിപ്രായം. അടുത്തിടെ താരം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഇല്ലെന്ന് പറയാനാവില്ല
സിനിമയില്‍ കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം പ്രവണതകള്‍ ഉന്നും തുടരുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി കൂടുതല്‍ അഭിനേത്രികള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് രമ്യ നമ്പീശന്‍ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തുവന്നിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്. ഇത്തരത്തിലുള്ള വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും താരം പ്രതികരിച്ചിരുന്നു.

നോ പറയാന്‍ അറിയാം
സിനിമയുമായി ബന്ധപ്പെട്ട ദുരനുഭവങ്ങള്‍ വ്യക്തമാക്കി രംഗത്ത് വന്ന സുഹൃത്തുക്കളെ അറിയാം. ഇതുവരെ അത്തരത്തിലുള്ള ഒരു മോശം കാര്യവും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും രമ്യ പറയുന്നു. പറ്റാത്ത കാര്യങ്ങളോട് കൃത്യമായി നോ പറയാന്‍ തനിക്ക് സാധിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

മോശം പ്രവണതകള്‍ പുറത്തുവരണം
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അവരവര്‍ക്ക് നേരിടേണ്ടി വന്ന ദുരനുവത്തെക്കുറിച്ച് തുറന്നു പറയുന്നതിലൂടെ സിനിമയിലെ മോശം പ്രവണതകളെക്കുറിച്ച് എല്ലാവരും അറിയും. ഇത്തരത്തില്‍ മോശം കാര്യത്തെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരാകേണ്ടതുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്

തുറന്നുപറയാന്‍ ആര്‍ജ്ജവം കാണിക്കണം
ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയാന്‍ ശ്രമിക്കണം. സുഹൃത്തുക്കള്‍ക്ക് കടന്നുപോവേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെയും വേദനിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് തുറന്നു സംസാരിക്കാന്‍ എല്ലാവരും തയ്യാറാവണം. എല്ലാ തൊഴില്‍ മേഖലകളിലും സമാനമായ പ്രശ്‌നങ്ങളുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications