മമ്മൂട്ടിയും രഞ്ജി പണിക്കരും ഒന്നിയ്ക്കുന്ന തേരാളി
തീപ്പൊരിചിതറുന്ന പേനയാണ് തന്റേതെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട് രഞ്ജി പണിക്കര്‍ എന്ന തിരക്കഥാകൃത്ത്. എത്രയെത്ര കഥാപാത്രങ്ങളാണ് രഞ്ജിയുടെ തൂലികയില്‍ പിറന്നത്. എത്രയെത്ര ഡയലോഗുകളാണ് ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നത്. തിരക്കഥാരചനയ്‌ക്കൊപ്പം സംവിധാനത്തില്‍ക്കൂടി പരീക്ഷണം നടത്തിയപ്പോഴും രഞ്ജിയ്ക്ക് പിഴച്ചില്ല. സുരേഷ് ഗോപിയെ നായകനാക്കിയെടുത്ത ഭരത്ചന്ദ്രന്‍ ഐപിഎസും മമ്മൂട്ടിയെ നായകനാക്കി രൗദ്രമെന്ന ചിത്രവുമെടുത്ത് വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഇപ്പോഴിതാ വീണ്ടും സംവിധായകക്കുപ്പായത്തിലേയ്ക്ക് മാറുകയാണ് രഞ്ജി പണിക്കര്‍. മമ്മൂട്ടിതന്നെയാണ് രണ്ടാമത്തെ ചിത്രത്തിലും നായകനാകുന്നത്. തേരാളിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെയാകുമെന്നാണ് സൂചന.

തേരാളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രഞ്ജിയോ ചിത്രവുമായി ബന്ധപ്പെട്ടവരോ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന് തിരക്കഥയെഴുതുന്നത് മാധ്യമപ്രവര്‍ത്തകനായ മനു പ്രസാദ് ആണെന്നാണ് അറിയുന്നത്. ഇതാദ്യമായിട്ടാണ് രഞ്ജിയുടെ ചിത്രത്തിന് വേണ്ടി മറ്റൊരാള്‍ തിരക്കഥയെഴുതുന്നത്.
രൗദ്രം പോലെതന്നെ മികച്ചൊരു ചിത്രമായിരിക്കും മമ്മൂട്ടി-രഞ്ജി ടീമില്‍ നിന്നും ഇനിയും ലഭിയ്ക്കാന്‍ പോകുന്നതെന്ന് പ്രതീക്ഷിയ്ക്കാം. 2014ല്‍ ഇറങ്ങുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ മറ്റൊരു ആക്ഷന്‍ ചിത്രമായിരിക്കുമിത്. ആഷിക് അബു പ്രഖ്യാപിച്ച ഗ്യാങ്സ്റ്ററും ഒരു അധോലോക ആക്ഷന്‍ ത്രില്ലറായിട്ടാണ് ഒരുക്കുന്നത്.


Click it and Unblock the Notifications











