ആ സ്റ്റേജ് ഷോയ്ക്ക് അതിജീവിതയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഞാനാണ്; റൂമിൽ വന്നപ്പോൾ അവർ കരയുന്നു; രഞ്ജു രഞ്ജിമാർ
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. കേരളത്തിലെ സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് തന്റേതായ സ്ഥാനം കൈവരിച്ച രഞ്ജുവിനെ പക്ഷെ അടുത്ത കാലത്ത് മലയാള സിനിമാ രംഗത്ത് കാണാറില്ല. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും തിരക്കേറിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു രഞ്ജു. എന്നാൽ പിന്നീട് അവസരങ്ങൾ കുറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ ഇതിന്റെ കാരണത്തെക്കുറിച്ചും രഞ്ജു സംസാരിക്കുകയുണ്ടായി.
നടിയെ ആക്രമിച്ച കേസിൽ മാെഴി നൽകിയ ശേഷമാണ് തനിക്ക് അവസരങ്ങൾ കുറഞ്ഞതെന്ന് രഞ്ജു പറയുന്നു. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ താൻ മൊഴി നൽകാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാർ. കേസ് വിസ്താരം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും സാക്ഷി പട്ടികയിൽ വരുന്നത്. അതിന് കാരണമുണ്ടെന്ന് രഞ്ജു പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

ഞാനും മറ്റൊരു നടിയും തമ്മിലുള്ള ഫോൺ സംഭാഷണം പൊലീസുകാർക്ക് കിട്ടി. ഇവരുടെ ഫോൺ ടാപ്പ് ചെയ്തതാണോ പിടിച്ച് വാങ്ങിയപ്പോൾ കിട്ടിയതാണോ എന്നറിയില്ല. ഞാനപ്പോൾ ഹൈദരബാദിൽ ഒരു സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നു. എന്നെ തുടരെ വിളിക്കുന്നുണ്ട്. ഒന്ന് കാണണം എന്ന് പറഞ്ഞു. നാട്ടിലെത്തി കുറേ നാളുകൾക്ക് ശേഷമാണ് ആലുവ പൊലീസ് ക്വാട്ടേഴ്സിൽ വരണമെന്ന് പറയുന്നത്.
അവിടെ ചെന്നപ്പോൾ അവർ എനിക്ക് ഈ വോയ്സ് മെസേജ് കേൾപ്പിച്ച് തന്നു. ഇത് നിങ്ങളാണോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ. വേറൊരു വോയ്സ് കേൾപ്പിച്ച് ഇത് ആ നടിയാണോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ പറഞ്ഞു. എന്താണ് സംഭവമെന്ന് ചോദിച്ചപ്പോൾ ഞാൻ കാര്യം പറഞ്ഞു. ആ നടിയുടെ അച്ഛൻ മരിച്ച ദിവസം നടന്ന സംഭാഷണമാണ്. 2013 ൽ നടന്ന അമ്മ ഷോയിൽ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു.

ആ സമയത്ത് ഞാനുണ്ട്. ഞാനാണ് ആ നടിക്ക് മേക്കപ്പ് ചെയ്യുന്നത്. ഏകദേശം മൂന്നോ നാലോ നടിമാർക്ക് ഞാനാണ് അന്ന് മേക്കപ്പ് ചെയ്യുന്നത്. കുറേ മേക്കപ്പ് സാധനങ്ങൾ പോയി വാങ്ങി വരുമ്പോൾ അവിടെ റിഹേഴ്സൽ നടക്കുകയാണ്. ഞാൻ ഈ നടിയെ ചോദിച്ചപ്പോൾ റൂമിലുണ്ടെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോൾ ഈ കുട്ടി കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ മറ്റുള്ള നടിമാരാണ് ഇക്കാര്യം പറഞ്ഞത്. ഇത് മാത്രമേ തനിക്ക് അറിയൂ എന്നും ഇക്കാര്യങ്ങളാണ് താൻ കോടതിയിൽ പറഞ്ഞതെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട വാർത്തയറിഞ്ഞ് അവരെ കാണാൻ എനിക്ക് മാനസിക ബുദ്ധിമുട്ടായി. ഈ സംഭവം നടക്കുന്ന സമയത്ത് ഓപ്പോസിറ്റ് സൈഡിലൂടെ ഞാൻ പോകുന്നുണ്ട്. എന്നെയൊന്ന് വിളിക്കാൻ പറ്റിയിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാൻ പറ്റിയേനെ എന്ന് ആലോചിച്ചു. 2017 ൽ ഒരു ഫോട്ടോഷൂട്ടിന്റെ സമയത്താണ് താൻ അതിജീവിതയെ കാണുന്നതെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.


Click it and Unblock the Notifications