കസബ വിവാദം കത്തുന്നു, സൂപ്പര്‍ താരങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെ ചോദ്യം ചെയ്ത് രേവതി!
റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിട്ട മമ്മൂട്ടി ചിത്രം കസബ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഐഎഫ്എഫ്‌കെയിലെ ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വ്വതി ചിത്രത്തേക്കുറിച്ചും അതിലെ നായകനായ മമ്മൂട്ടിയേക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായി മാറിയിരിക്കുന്നത്.
പാര്‍വ്വതിയുടെ പരാമര്‍ശങ്ങളെ പിന്തുണച്ചും എതിര്‍ത്തും നിരവധിപ്പേര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്കെതിരെ ശക്തമായ ആക്ഷേപങ്ങളും അധിക്ഷേപങ്ങളുമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍വ്വതിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ രേവതി.

സ്ത്രീകളുടെ അഭിപ്രായത്തിന് വിലയില്ല
മറ്റ് രാജ്യങ്ങളേക്കാള്‍ വ്യക്തി സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോള്‍ തന്നെ സ്ത്രീകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തെല്ലും വില കല്പിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീ ദൈവങ്ങളെ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന രാജ്യത്ത് പോലും സ്ത്രീകളുടെ അഭിപ്രായത്തിന് വിലയില്ലെന്നത് ഖേദകരമാണെന്ന് രേവതി പറയുന്നു.

താരങ്ങളെ വ്യക്തി ഹത്യ ചെയ്യുന്നു
പാര്‍വ്വതി തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ തികച്ചും മോശമായ വാക്കുകള്‍ പറയുകയും സഭ്യതയുടെ സ്പര്‍ശമില്ലാത്ത തരംതാണ രീതിയില്‍ പാര്‍വ്വതിയെ ട്രോളാനും വ്യക്തിഹത്യ ചെയ്യാനും ആളുകള്‍ ശ്രമിക്കുന്നു എന്നത് ഏറെ പരിതാപകരമാണ്. സമൂഹ മാധ്യത്തില്‍ താരങ്ങളെ വ്യക്തി ഹത്യ ചെയ്യുന്നത് ഒരു ട്രെന്‍ഡായി മാറിയിക്കുകയാണെന്നും രേവതി പറഞ്ഞു.

പാര്‍വ്വതി പറഞ്ഞത്
നടന്മാരിലെ സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ആരാധകരുടെ ചിന്താതലങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നും അതുകൊണ്ട് മോശമായ വാക്കുകള്‍ പറയുകയോ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന രംഗങ്ങളില്‍ അഭിനയിക്കുകയോ ചെയ്യരുതെന്നായിരുന്നു പാര്‍വതി ആവശ്യപ്പെട്ടത്.
താരങ്ങള്‍ ഇപ്പോള്‍ തന്നെ സാമൂഹിക മാന്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചെന്നും അതിന്റെ ഫലം അനുഭവിക്കുന്നത് ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളും കുട്ടികളുമാണെന്നാണ് പാര്‍വ്വതി പറഞ്ഞതെന്നും രേവതി പറഞ്ഞു.

സൂപ്പര്‍ താരങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധത വേണ്ടേ?
സമൂഹത്തില്‍ നിലയും വിലയും നേടിയ താരങ്ങള്‍ക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? സിനിമ വിനോദത്തിനാണെന്നത് സത്യം തന്നെ. പക്ഷെ, എന്തിനാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും പാട്ടുകളും? അതോ ഇത്തരം പാട്ടുകളും സംഭാഷണങ്ങളും വിനോദം തന്നെയാണോ?, രേവതി ചോദിക്കുന്നു.


Click it and Unblock the Notifications











