മമ്മൂട്ടി ഇനിയെന്നാണ് ഓട്ടോക്കാരനാവുക?
എം.പത്മകുമാര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് റിക്ഷക്കാരന്‍. തിരക്കഥ രചിക്കുന്നത് ടി.എ.റസാഖ്. ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും ടി.എ.റസാഖാണ്. ചിത്രത്തെ കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു.
ബസ് കണ്ടക്ടര്‍ എന്ന സിനിമയിലെ 'കണ്ടക്ടര്‍ മാഹാത്മ്യ'ത്തിന്റെ വികാരഭരിതമായ രംഗങ്ങള്‍ പോലെ ഈ സിനിമയിലും റസാഖ് അതിനാടകീയതയില്‍ പൊലിപ്പിച്ചെടുത്ത രംഗങ്ങള്‍ കുത്തിനിറക്കുമെന്നുറപ്പ്. ഓട്ടോക്കാരന്‍ മാഹാത്മ്യത്തിന്റെ കഥ പറയുന്ന ചിത്രം കേരളത്തിലെ മുഴുവന്‍ ഓട്ടോക്കാരും കാണുമെന്നുറപ്പ്. അതോടെ സിനിമ സൂപ്പര്‍ഹിറ്റാവുമെന്നുറപ്പ്.
പക്ഷേ സിനിമ തുടങ്ങുന്ന കാര്യത്തില്‍ മാത്രമിപ്പോളുറപ്പില്ല. കാരണം മമ്മൂട്ടിയുടെ ഓട്ടോക്കാരനെ പൃഥ്വിരാജ് തട്ടിക്കൊണ്ടുപോയി.
റിക്ഷക്കാരന്‍ സിനിമയുടെ ആലോചനകള്‍ നടക്കുന്നതിനിടയിലാണ് പൃഥ്വിരാജ് നായകനായ കങ്കാരു പുറത്തിറങ്ങിയത്. പൃഥ്വിരാജ് ഓട്ടോഡ്രൈവറായാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഒരു ടി.എ.റസാഖ് ചിത്രം പോലെ ഇതിലുമുണ്ട് വികാരമൊഴുകുന്ന രംഗങ്ങളും കണ്ണീരും കിനാവും പാട്ടുമൊക്കെ. സിനിമ ഹിറ്റുമായി.
വീണ്ടുമൊരു ഓട്ടോക്കാരന്‍ സിനിമ ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ അത് പ്രേക്ഷകര്‍ക്ക്, ഓട്ടോ ഡ്രൈവര്‍മാരായ പ്രേക്ഷകര്‍ക്ക് പോലും അത് ആവര്‍ത്തനവിരസതയുടെ കല്ലുകടിയാവില്ലേ? ഇങ്ങനെയൊരു ചോദ്യമുയര്‍ന്നതോടെ മമ്മൂട്ടി റിക്ഷക്കാരനെ തത്കാലം മാറ്റിവച്ചു. മമ്മൂട്ടിയുടെ ഡേറ്റ് നഷ്ടമാവാതിരിക്കാന്‍ മറ്റൊരു തിരക്കഥ യുദ്ധകാലാടിസ്ഥാനത്തില്‍ എഴുതിക്കൂട്ടുകയാണ് ടി.എ.റസാഖ്. മമ്മൂട്ടി ഇനിയെന്നാണ് ഓട്ടോക്കാരനാവുക?
മുന്‍ പേജ് -


Click it and Unblock the Notifications