ടെറര്‍ മോഡില്‍ നില്‍ക്കുന്ന വിനായകന്‍ ചേട്ടനൊപ്പമാണ്; മമ്മൂട്ടി ചിത്രത്തിലെ സര്‍പ്രൈസിനെ കുറിച്ച് ആർ ജെ സൂരജ്
ഒരൊറ്റ പോസ്റ്റര്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെക്കാറുള്ളത്. ഏറ്റവും ഒടുവില്‍ 'കളങ്കാവല്‍' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്.
മമ്മൂട്ടി വില്ലന്‍ ലുക്കിലെത്തുന്ന സിനിമയാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. നടന്‍ വിനായകനും പ്രധാനപ്പെട്ട റോളില്‍ എത്തുന്ന സിനിമയെ കുറിച്ചറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഈ ചിത്രത്തെക്കുറിച്ച് തനിക്ക് ചിലത് പറയാനുണ്ടെന്ന് സൂചിപ്പിച്ചാണ് ബിഗ് ബോസ് താരവും ആര്‍ജെ യുമായ സൂരജ് എത്തിയിരിക്കുന്നത്. സൂരജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'സിനിമയില്‍ അഭിനയിക്കണം എന്നത് എന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു.. മെല്ലെമെല്ലെ ആ ആഗ്രഹത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.. പ്രിയപ്പെട്ട സുഹൃത്ത് സമദ് ട്രൂത്ത് പ്രൊഡ്യൂസ് ചെയ്ത My Name is അഴകന്‍ ആയിരുന്നു ഞാന്‍ ആദ്യമായി ഒരു ഡയലോഗ് പറഞ്ഞ സിനിമ.
ആ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന ദിവസം ഒരേ ഒരാളോട് മാത്രമേ അനുഗ്രഹിക്കണം എന്ന് പറഞ്ഞുള്ളൂ. പ്രിയപ്പെട്ട മമ്മൂക്ക! അദ്ദേഹം 'ഓള്‍ ദി ബെസ്റ്റ്' പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്. എന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഈ അഭിനയം നമ്മളെ കൊണ്ട് പറ്റുന്ന കാര്യം ആണെന്ന് സ്വയം ഒരു ധൈര്യം കിട്ടി. അതോടെ അത്യാഗ്രഹം കേറി. കുറച്ച് ദിവസം കഴിഞ്ഞ് മമ്മൂക്കയ്ക്ക് പിന്നേം മെസേജ് ഇട്ടു.
''ഇക്കാടെ പടത്തില്‍ ചെറിയൊരു വേഷം വന്നാല്‍..''
''നോക്കാം.. റീമൈന്‍ഡ് ജോര്‍ജ്'
പക്ഷെ എനിക്ക് സാധ്യതയുള്ളതൊന്നും വന്നില്ല. കാത്തിരുന്നു... ഇടയില്‍ കഴിഞ്ഞ വര്‍ഷം വികെ പ്രകാശ് സാറിന്റെ അപ്രതീക്ഷിതമായ ഒരു വിളി. ''എടാ മോനെ ഞാന്‍ ചെയ്യുന്ന പാലും പഴവും സിനിമയില്‍ മീര ജാസ്മിന്റെ കൂടെ നിനക്ക് നല്ലൊരു റോള്‍ ഉണ്ട്'
അങ്ങനെ അടുത്ത വര്‍ഷം ഞാന്‍ ഒരു സിനിമയില്‍ കൂടി അഭിനയിച്ചപ്പോള്‍ ചിലര്‍ ചോദിച്ചു നിങ്ങളുടെ അടുത്ത പടം ഏതാണെന്ന്?
അപ്പൊ ഞാന്‍ പറയും ഞാനും ഷാരൂഖ് ഖാനും ഒക്കെ വര്‍ഷത്തില്‍ ഒരു പടമേ ചെയ്യാറുള്ളു എന്ന്.
അപ്പോഴും മമ്മൂക്കക്കും ജോര്‍ജട്ടനും ആന്റോ ചേട്ടനും സുനിലേട്ടനും തുടങ്ങി മമ്മൂട്ടി കമ്പനിയിലേക്ക് എന്റെ റിക്വസ്റ്റുകള്‍ പൊയ്‌ക്കൊണ്ടേ ഇരുന്നു. കൂടെ സമദ്ക മമ്മൂക്കയെ കാണാന്‍ പോകുമ്പോള്‍ പുള്ളിയും ഓര്‍മിപ്പിച്ചു. നാട്ടില്‍ ലൊക്കേഷനുകളില്‍ പോയി ഹമീദ് എന്ന സുഹൃത്തും എന്റെ ആഗ്രഹത്തിനു കൂടെ കട്ടക്ക് നിന്നു.

അങ്ങനെ മാസങ്ങള്‍ക്ക് മുന്‍പ് കാത്തിരുന്ന ആ അവസരം വന്നു. മമ്മൂട്ടി കമ്പനിയുടെ അടുത്ത പടത്തില്‍ ''ചെറിയൊരു വേഷം''എനിക്കുമുണ്ട്. ആ സിനിമയുടെ ടൈറ്റില്‍ ഇന്ന് റിലീസ് ചെയ്തു ''കളങ്കാവല്‍''.
ആ സിനിമയില്‍ ഞാന്‍ ചെയ്ത സീന്‍ ടെറര്‍ മോഡില്‍ നില്‍ക്കുന്ന വിനായകന്‍ ചേട്ടനൊപ്പം. ഷൂട്ട് കഴിഞ്ഞപ്പോള്‍ പുതിയ രണ്ട് സുഹൃത്തുക്കളെ കൂടെ കിട്ടി. ഡയറക്ടര്‍ ജിതിന്‍ ബ്രോയും എന്റെ കൂടെ അഭിനയിച്ച ജിബിന്‍ ചേട്ടനും. ജിതിന്‍ ബ്രോ നിങ്ങളെ പോലെ തന്നെ നിങ്ങളുടെ സിനിമയും ഏവര്‍ക്കും പ്രിയപ്പെട്ടതാവട്ടെ... ഇനി പടം തീയറ്ററില്‍ എത്താനുള്ള കാത്തിരിപ്പാണ്.
അപ്പോള്‍ പറഞ്ഞ പോലെ, 2025 ലെ എന്റെ റിലീസ് ഇതാണ് ''കളങ്കാവല്‍''. എല്ലാ കാലത്തും കൂടെ നില്‍ക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ നന്ദി.. സ്‌നേഹം...' എന്നുമാണ് സൂരജ് പറയുന്നത്.
മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനില്‍ എത്തുന്ന പുതിയ സിനിമയാണ് കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ ജോസ് ആണ് സംവിധാനം. കുറുപ്പ് ഓശാന എന്നീ സിനിമകളുടെ എഴുത്തുകാരനാണ് ജിതിന്‍.


Click it and Unblock the Notifications