twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോമിയോ ദിലീപിന് ബ്രേക്കാവുമോ?

    By Staff
    |

    ദിലീപിന്റെ കരിയറില്‍ റാഫി മെക്കാര്‍ട്ടിന്‍ ചിത്രങ്ങള്‍ക്ക് വലിയൊരു സ്ഥാനമുണ്ട്. ദിലീപിന് ബ്രേക്ക് നല്‍കിയ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തത് റാഫി മെക്കാര്‍ട്ടിനാണ്. ഈ ചിത്രങ്ങളിലൂടെയാണ് ദിലീപ് ജനപ്രിയ നായകനെന്ന സ്ഥാനമുറപ്പിച്ചത്.

    റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ദിലീപിന്റെ കരിയറില്‍ വളര്‍ച്ചയുടെ അധ്യായങ്ങളായിരുന്നു. ദിലീപ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമെന്ന നിലയില്‍ പഞ്ചാബി ഹൗസ് ദിലീപിന് വലിയ ബ്രേക്കാണ് നല്‍കിയത്. തെങ്കാശിപ്പട്ടണത്തില്‍ നായകന്‍ സുരേഷ് ഗോപിയാണെങ്കിലും ചിരിയുടെ അമിട്ടുകള്‍ക്ക് തിരികൊളുത്തുന്ന ഒട്ടേറെ രംഗങ്ങളിലൂടെ ആ ചിത്രത്തില്‍ നിറഞ്ഞുനിന്നത് ദിലീപാണ്. താരങ്ങളില്‍ ദിലീപിന്റെ പ്രകടനമാണ് തെങ്കാശിപ്പട്ടണത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

    തെങ്കാശിപ്പട്ടണത്തിനു ശേഷം ദിലീപിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ചതിയന്‍ ചന്തു. എന്നാല്‍ ആ സമയത്ത് പ്രിയദര്‍ശന്റെ വെട്ടത്തില്‍ അഭിനയിക്കുന്നതിനാല്‍ ദിലീപ് ചതിയന്‍ ചന്തുവിന്റെ ചിത്രീകരണം മാറ്റിവയ്ക്കാന്‍ റാഫി മെക്കാര്‍ട്ടിനോട് ആവശ്യപ്പെട്ടു. ദിലീപിന്റെ താത്പര്യത്തിന് വഴങ്ങി ചിത്രം മാറ്റിവയ്ക്കാന്‍ അവര്‍ തയ്യാറായില്ല. തിരക്കഥയില്‍ ചില മാറ്റങ്ങളോടെ ചതിക്കാത്ത ചന്തു എന്ന പേരില്‍ ജയസൂര്യയെ നായകനാക്കി അവര്‍ ആ ചിത്രം സംവിധാനം ചെയ്തു.

    പ്രിയദര്‍ശന്റെ വെട്ടത്തില്‍ അഭിനയിച്ചതു കൊണ്ട് ദിലീപിനോ ജയസൂര്യയെ നായകനാക്കി ചതിയന്‍ ചന്തു ചതിക്കാത്ത ചന്തുവായി പുറത്തിറക്കിയതു കൊണ്ട് റാഫി മെക്കാര്‍ട്ടിനോ വലിയ ഗുണമുണ്ടായില്ല. രണ്ടു ചിത്രങ്ങളും വലിയ വിജയങ്ങളായില്ല.

    പഴയ പിണക്കം മറന്ന് റാഫി മെക്കാര്‍ട്ടിനും ദിലീപും താമസിയാതെ വീണ്ടും ഒന്നിച്ചു. പാണ്ടിപ്പട എന്ന ചിത്രമൊരുക്കിയത് തെങ്കാശിപ്പട്ടണത്തിന്റെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷകളോടെയായിരുന്നു. പക്ഷേ പാണ്ടിപ്പടയും വലിയ വിജയമായില്ല.

    ചതിക്കാത്ത ചന്തുവും പാണ്ടിപ്പടയും വലിയ വിജയങ്ങളായില്ലെങ്കിലും 2007 റാഫി മെക്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതിയ മമ്മൂട്ടി ചിത്രം മായാവി സൂപ്പര്‍ഹിറ്റായി. റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മോഹന്‍ലാല്‍ ചിത്രം ഹലോ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി.

    രണ്ട് സൂപ്പര്‍വിജയങ്ങളുമായി കരിയറില്‍ കൂടുതല്‍ തിളക്കത്തോടെ തിരിച്ചുവരവ് നടത്തിയ വേളയിലാണ് റാഫി മെക്കാര്‍ട്ടിന്‍ ദിലീപുമായി വീണ്ടും ഒന്നിക്കുന്നത്- റോമിയോ എന്ന ചിത്രത്തിലൂടെ. ഇത്തവണ ഇവര്‍ തിരക്കഥ രചിക്കുക മാത്രമേ ചെയ്യുന്നൂള്ളൂ. സംവിധാനം രാജസേനനാണ്. ഹലോയും മായാവിയും പോലൊരു സൂപ്പര്‍ഹിറ്റായിരിക്കും ഈ ചിത്രവുമെന്ന പ്രതീക്ഷയിലാണ് ദിലീപ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X