അഞ്ച് മാസത്തിനു ശേഷം ഒരു ദിലീപ് ചിത്രം!
ഈ വര്‍ഷം ഏറ്റവുമൊടുവിലായി റിലീസ് ചെയ്ത ദിലീപ് ചിത്രം ജൂലൈ നാലാണ്. ജൂലൈ അഞ്ചിനാണ് ആ ചിത്രം റിലീസ് ചെയ്തത്. ജൂലൈ നാലിന് ശേഷം ഒരു ദിലീപ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത് ഡിസംബര്‍ 20ന് ആയിരിക്കും. രണ്ട് ദിലീപ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനിടയിലെ ഇടവേള അഞ്ചര മാസം!
ഈ വര്‍ഷം ഓണത്തിനും റംസാനും ദീപാവലിക്കുമൊന്നും ദിലീപിന് ചിത്രമുണ്ടായില്ല. ഇത്രയും നീണ്ട സമയം ഒരു സിനിമ റിലീസ് ചെയ്യാനാവാതെ പോവുന്ന അവസ്ഥ അടുത്ത കാലത്തൊന്നും ദിലീപിനുണ്ടായിട്ടില്ല.
അഞ്ചര മാസത്തോളം ഒരു ദിലീപ് ചിത്രമിറങ്ങാതെ പോയതിന് കാരണം ദിലീപിന്റെ പല പദ്ധതികളെയും വട്ടം ചുറ്റിച്ചുകൊണ്ട് കല്‍ക്കത്താ ന്യൂസിന്റെ ചിത്രീകരണം അന്തമില്ലാതെ നീണ്ടുപോയതാണ്. ദിലീപിന്റെ ഓണച്ചിത്രമെന്നും ആ സമയത്ത് റിലീസ് നടക്കാതെ വന്നപ്പോള്‍ റംസാന‍് ചിത്രമെന്നും ദീപാവലി ചിത്രമെന്നും മാറി മാറി അനൗണ്‍സ് ചെയ്യപ്പെട്ട ചിത്രമാണ് കല്‍ക്കത്താ ന്യൂസ്. ഒടുവില്‍ ഈ വര്‍ഷത്തെ ദിലീപിന്റെ ക്രിസ്മസ് ചിത്രമായിരിക്കും കല്‍ക്കത്താ ന്യൂസ് എന്നായി തിരുത്ത്. പക്ഷേ ഡിസംബര്‍ 20ന് ദിലീപിന്റെ ക്രിസ്മസ് ചിത്രമായി റിലീസ് ചെയ്യുന്നത് കല്‍ക്കത്താ ന്യൂസല്ല! ജൂലൈയില് ചിത്രീകരണം തുടങ്ങിയ ആ ചിത്രം ഇതുവരെ പൂര്‍ത്തിയായിട്ടില്ല!!
രാജസേനന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം റോമിയോ ആണ് ഡിസംബര്‍ 20ന് റിലീസ് ചെയ്യുന്നത്. കല്‍ക്കത്താ ന്യൂസിന്റെ റിലീസിംഗ് എന്ന് യാഥാര്‍ത്ഥ്യമാവുമെന്ന് ദിലീപിന്റെ സംവിധായകന്‍ ബ്ലെസ്സിക്കോ നിര്‍മാതാക്കള്‍ക്കോ വിതരണക്കാര്‍ക്കോ നിശ്ചയമില്ല. ചിത്രീകരണം പൂര്‍ത്തിയാവാത്തതിന് പല കാരണങ്ങളാണ് പറഞ്ഞുകേള്‍ക്കുന്നത്.


Click it and Unblock the Notifications