ദിലീപും മൂന്ന് പെണ്‍കുട്ടികളും
മനുകൃഷ്ണന്‍ ഒരു കലാംകുടുംബത്തിലെ അംഗമാണ്. സംഗീതം ആഴത്തില്‍ പഠിച്ചിട്ടുള്ള നല്ലൊരു ഗായകനാണ് അയാള്‍. പക്ഷേ ഒരു ആയുര്‍വേദ ഹെരിറ്റേജ് കേന്ദ്രത്തിലെ മെയില്‍ നഴ്സായാണ് അയാള്‍ ജോലി ചെയ്യുന്നത്. ഇതേ കുറിച്ച് മനു പറയുന്നതിങ്ങനെ- ജീവിക്കാന്‍ സംഗീതവും കലയും മാത്രം പോര. അതിന് സ്ഥിരവരുമാനമുള്ള ഒരു ജോലി ആവശ്യമാണ്.
ഏത് പെണ്‍കുട്ടിയുമായും പരിചയത്തിലായാല്‍ അത് പ്രണയത്തില്‍ കലാശിക്കുന്നുവെന്നതാണ് മനു നേരിടുന്ന പ്രശ്നം. ഇത്തരം പ്രണയക്കുടുക്കുകളില്‍ പെട്ട് വലഞ്ഞിരിക്കുകയാണ് അയാള്‍. എന്തൊക്കെ മുന്‍കരുതലുകളെടുത്താലും പെണ്‍കുട്ടികള്‍ പിന്നെയും അയാളുടെ ജീവിതത്തിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. ഇപ്പോള്‍ മൂന്ന് പെണ്‍കുട്ടികളുമായുള്ള ബന്ധങ്ങളില്‍ പെട്ടിരിക്കുകയാണ് അയാള്‍. ഡോ.പ്രിയ, ഗായികമാരായ ലീന, ഭാമ എന്നിവരാണവര്‍. അവരുമായുള്ള ബന്ധങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നറിയാതെ കുഴങ്ങുകയാണ് മനു.
റോമിയോ എന്ന ചിത്രത്തിലെ മനു എന്ന കഥാപാത്രമായി അഭിനയിക്കുന്നത് ദിലീപാണ്. ഡോ.പ്രിയയായി വിമലാ രാമനും ലീനയായി സംവൃതയും അഭിനയിക്കുന്നു. ഭാമയാവുന്നത് ഒരു പുതുമുഖമാണ്.
അശോകന്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, റിസബാവ, സുരാജ് വെഞ്ഞാറമ്മൂട്, ഭീമന്‍ രഘു, മുരളി മോഹന്‍, ടി.പി.മാധവന്‍, കലാഭവന്‍ ഹനീഫ്, ബിന്ദു പണിക്കര്‍, മല്ലികാ സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖതാരങ്ങള്‍.
രാജസേനന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് റാഫി മെക്കാര്‍ട്ടിനാണ്. ശരത് ചന്ദ്ര വര്‍മയുടെ ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം കെ.പി.നമ്പ്യാതിരി.


Click it and Unblock the Notifications