ഞെട്ടിക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ച, റോന്ത് പ്രതീക്ഷ തെറ്റിച്ചോ? പ്രേക്ഷക പ്രതികരണങ്ങളിങ്ങനെ
ദിലീഷ് പോത്തനും റോഷൻ മാത്യുവും പ്രധാന വേഷങ്ങളിലെത്തിയ റോന്ത് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഷാഹി കബീറാണ് റോന്തിന്റെ സംവിധായകൻ. നെെറ്റ് പട്രോളിംഗിന് നിയോഗിച്ച രണ്ട് പൊലീസുദ്യോഗസ്ഥരായാണ് റോഷനും ദിലീഷ് പോത്തനും പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. റോന്ത് കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. എൻഗേജിംഗ് ആയ പൊലീസ് സ്റ്റോറിയാണ് റോന്ത് എന്ന് പ്രേക്ഷകർ പറയുന്നു. പതിഞ്ഞ താളത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ റോന്തിന്റെ കഥാഗതിക്ക് കഴിയുന്നെന്നും അഭിപ്രായങ്ങളുണ്ട്.
ദിലീഷ് പോത്തന്റെയും റോഷൻ മാത്യുവിന്റെയും പെർഫോമൻസിനെ പ്രശംസിക്കുന്നവരും ഏറെയാണ്. ഇല വീഴാ പൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീറിന്റെ മറ്റൊരു മികച്ച സിനിമയാണ് റോന്തെന്നും അഭിപ്രായങ്ങളുണ്ട്. ഷാഹി കബീറിൽ പ്രതീക്ഷ വെക്കാൻ അദ്ദേഹം മുൻപ് ചെയ്ത സിനിമകൾ തന്നെ ധാരാളമാണ്. ആ പ്രതീക്ഷയോടെ തന്നെയാണ് ഇന്ന് റോന്ത് കാണാനായി കയറിയത്. പേരിനോട് 100 % നീതി പുലർത്തുന്ന പടമാണ് റോന്ത്. ഒരു രാത്രിയിൽ നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല ഞെട്ടിക്കുന്ന സംഭവങ്ങളുടെയും നേർക്കാഴ്ച്ചയാണ് ഈ പടം. ക്വാളിറ്റിയുടെ കാര്യത്തിൽ ഇത്തവണയും ഷാഹി കബീർ പതിവ് തെറ്റിച്ചിട്ടില്ല. പിന്നെ എടുത്തു പറയേണ്ടത് ദിലീഷ് പോത്തനെയാണ്.

അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചു വച്ചേക്കുവാ. അമ്മാതിരി കിടിലൻ പെർഫോമൻസായിരുന്നു സ്‌ക്രീനിൽ. പടം കഴിയുമ്പോ നെഞ്ചിനകത്ത് ഒരു വിങ്ങലോടെയല്ലാതെ നമുക്ക് തിയേറ്ററിൽ നിന്നും പടിയിറങ്ങാൻ പറ്റില്ല, ദ സിനിഫിലെ എന്ന സിനിമാഗ്രൂപ്പിൽ വന്ന അഭിപ്രായമിങ്ങനെ. ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ ഒക്കെ മലയാളികൾക്ക് സമ്മാനിച്ച ഷാഹി കബീറിൽ നിന്നും ഇതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് മറ്റൊരു സിനിമാ ആസ്വാദകന്റെ അഭിപ്രായം. രണ്ട് പൊലീസുകാരുടെ ഒരു വെെകുന്നേരം മുതൽ പിറ്റേ ദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത് പറയുന്നത്. യോഹന്നാൻ, ദിൻനാഥ് എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ദിലീഷ് പോത്തനും റോഷൻ മാത്യവും അവതരിപ്പിക്കുന്നത്.
ഷാഹി കബീർ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് റോന്ത്. തിരക്കഥാകൃത്തെന്ന നിലയിൽ മലയാളത്തിൽ പുരസ്കാരങ്ങളും പ്രേക്ഷക പ്രശംസയും നേടിയ ആളാണ് ഷാഹി കബീർ. ഓഫീസർ ഓൺ ഡ്യൂട്ടി, ജോസഫ്, നായാട്ട് തുടങ്ങിയ സിനിമകളുടെ തിരക്കഥ രചിച്ചത് ഷാഹി കബീറാണ്. നായാട്ടിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ടെെംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ സിനിമാ നിർമാണ കമ്പനിയായ ജംഗ്ലീ പിക്ചേർസും കേരളത്തിൽ നിന്നുള്ള നിർമാണ കമ്പനിയായ ഫെസ്റ്റിവർ സിനിമാസും ചേർന്നാണ് റോന്ത് നിർമ്മിച്ചത്. ഇരിട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. തന്റെ പൊലീസ് ഔദ്യോഗിക കാലത്തെ അനുഭവങ്ങൾ മുൻ ചിത്രങ്ങളേക്കാൾ റോന്തിൽ കൂടുതലാണെന്ന് ഷാഹി കബീർ നേരത്തെ വ്യക്തമാക്കിയതാണ്. ചിത്രം ത്രില്ലർ അല്ലെന്നും ഇമോഷണൽ ഡ്രാമ എന്ന ഗണത്തിലാണ് വരികയെന്നും സംവിധായകൻ വ്യക്തമാക്കിയതാണ്. കേരളത്തിൽ 150 ഓളം തിയറ്ററുകളിലാണ് റോന്ത് റിലീസ് ചെയ്തത്.
സുധി കോപ്പ, അരുൺ ചെറുകാവിൽ, കൃഷ കുറുപ്പ്, നന്ദനുണ്ണി, ലക്ഷ്മി മേനോൻ, ബേബി നന്ദൂട്ടി എന്നിവരാണ് റോന്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. മനേഷ് മാധവനാണ് സിനിമാട്ടോഗ്രാഫർ. എഡിറ്റർ പ്രവീൺ മംഗലത്ത്. അനിൽ ജോൺസൺ ആണ് മ്യൂസിക് കംപോഷിൻ ചെയ്തത്. ഫെെനൽ സൗണ്ട് മിക്സിംഗ് ചെയ്തത് സിനോയ് ജോസഫാണ്. അരുൺ അശോക്, സോനു കെപി എന്നിവരാണ് സിങ്ക് സൗണ്ട് ആന്റ് ഡിസെെൻ.


Click it and Unblock the Notifications