കൊച്ചുണ്ണിയെയും ഇത്തിക്കരപ്പക്കിയെയും മഹത്വവല്‍ക്കരിക്കാനല്ല സിനിമയെടുത്തത്! തുറന്നുപറഞ്ഞ് റോഷന്‍
മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം റിലീസുകളിലൊന്നാണ് കായംകുളം കൊച്ചുണ്ണി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മിക്കുന്നത്. നിവിന്‍ പോളി നായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയിട്ടുളള റോഷന്‍ ആന്‍ഡ്രൂസാണ് കായംകുളം കൊച്ചുണ്ണിയുമായി എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമ മികച്ച നിലവാരം പുലര്‍ത്തുമെന്ന് തന്നെയാണ് സിനിമ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ കായംകുളം കൊച്ചുണ്ണിയുടെ പിന്നാമ്പുറ കഥകള്‍ പങ്കുവെച്ച് റോഷന്‍ ആന്‍ഡ്രൂസ് എത്തിയിരുന്നു. കായംകുളം കൊച്ചുണ്ണിയെ മഹത്വവല്‍ക്കരിക്കാനുളള ശ്രമം ചിത്രത്തില്‍ നടന്നിട്ടില്ലെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് തുറന്നുപറഞ്ഞിരിക്കുന്നത്.

കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും
പ്രഖ്യാപന വേള മുതല്‍ക്കു തന്നെ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും എത്തിയതോടെയായിരുന്നു പ്രേക്ഷക പ്രതീക്ഷകള്‍ കൂടിയത്. കായംകുളം കൊച്ചുണ്ണിയുടെ രക്ഷകനായി എത്തുന്ന ഇത്തിക്കരപ്പക്കിയായാണ് ലാലേട്ടന്‍ എത്തുന്നത്. ഇരുതാരങ്ങളും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളിയുടെയും മോഹന്‍ലാലിന്റെയും സാന്നിദ്ധ്യം തന്നെയായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറുക.

ചിത്രത്തിന്റെ നിര്‍മ്മാണം
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്. 40കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം കൂറ്റന്‍ സെറ്റുകളുടെ സഹായത്തോടെയായിരുന്നു നേരത്തെ ചിത്രീകരിച്ചിരുന്നത്.

മറ്റു പ്രധാന താരങ്ങള്‍
തെന്നിന്ത്യന്‍ സിനിമകളിലൂടെ തിളങ്ങിയ നടി പ്രിയാ ആനന്ദാണ് ചിത്രത്തില്‍ നിവിന്റെ നായികവേഷത്തിലെത്തുന്നത്. കൂടാതെ സണ്ണി വെയ്ന്‍, ബാബു ആന്റണി,ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി,സുദേവ് നായര്‍,മണികണ്ഠന്‍ ആചാരി,സുധീര്‍ കരമന,തെസ്‌നി ഖാന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രാധാന്യമുളള കഥാപാത്രങ്ങളായാണ് താരങ്ങളെല്ലാം തന്നെയും ചിത്രത്തില്‍ എത്തുന്നത്.

ചരിത്ര സിനിമയുമായി റോഷന്‍ ആന്‍ഡ്രൂസ്
മലയാളത്തില്‍ ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. ഉദയനാണ് താരം ചിത്രത്തിലൂടെ തുടങ്ങിയ റോഷന്‍ മികച്ച പ്രമേയം പറയുന്ന സിനിമകളുമായാണ് എത്താറുളളത്. ഇത്തവണ ഒരു ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയുമായാണ് റോഷന്‍ എത്തുന്നത്. 161 ദിവസം കൊണ്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് റോഷന്‍ പൂര്‍ത്തിയാക്കിയത്. നിവിന്‍ പോളിക്കൊപ്പം റോഷന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. റോഷന്റെ പതിവ് സിനിമകള്‍ പോലെ കായംകുളം കൊച്ചുണ്ണിയും മികച്ച നിലവാരം പുലര്‍ത്തുമെന്നുമാണ് സിനിമാ പ്രേമികള്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

ആരെയും മഹത്വവല്‍ക്കരിക്കുന്നില്ലെന്ന് റോഷന്‍
അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കായംകുളം കൊച്ചുണ്ണി സിനിമയെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് സംസാരിച്ചത്. ചിത്രത്തില്‍ കൊച്ചുണ്ണിയെയോ ഇത്തിക്കരപ്പക്കിയെയോ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് റോഷന്‍ പറയുന്നു. "കൊച്ചുണ്ണിയുടെയും ഇത്തിക്കരപ്പക്കിയുടെയും ചെയ്തികളെ പുകഴ്ത്താനായി ശ്രമിക്കുന്നില്ല. ജനിക്കുമ്പോള്‍ അവര്‍ നല്ലയാളുകളോ ചീത്തയാളുകളോ ആയിരുന്നില്ല. വളര്‍ന്നുവന്ന സാഹചര്യങ്ങളും സമൂഹവുമാണ് അവരെ അത്തരക്കാരാക്കി മാറ്റിയത്. സിനിമയുടെ ഫോക്കസ് ഇതിലേക്കാണ്. റോഷന്‍ ആന്‍ഡൂസ് പറയുന്നു

പലതരത്തിലുളള കഥകള്‍
കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് പലതരത്തിലുളള കഥകളുണ്ട്. കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും അക്കാലത്തെ സൂപ്പര്‍ഹീറോകളായിരുന്നു. എന്നാല്‍ റോള്‍ മോഡലുകളാണെന്ന് ഞാന്‍ പറയുന്നില്ല. റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. 150 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന കൊച്ചുണ്ണിയുടെ ജീവിതത്തെക്കുറിച്ച് മനസിലാക്കാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല മാത്രമേ ഉണ്ടായിരുന്നുളളൂവെന്നും അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞു.


Click it and Unblock the Notifications











