മൂത്തോനില്‍ നിന്നും റോഷന്‍ മാത്യു ബോളിവുഡിലേക്ക്! അരങ്ങേറ്റം അനുരാഗ് കശ്യപ് ചിത്രത്തില്‍
ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ താരമാണ് റോഷന്‍ മാത്യു. മമ്മൂട്ടിയുടെ പുതിയ നിയമം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയായിരുന്നു നടന്‍ തുടങ്ങിയത്. നായകനായും സഹനടനായും നെഗറ്റീവ് റോളിലുമൊക്കെ തിളങ്ങിനില്‍ക്കുകയാണ് റോഷന്‍. എറ്റവുമൊടുവിലായി വിനായകന്റെ തൊട്ടപ്പന്‍ എന്ന ചിത്രത്തിലും നടന്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
ഇപ്പോഴിതാ തൊട്ടപ്പനു പിന്നാലെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് റോഷന്‍. സംവിധായിക ഗീതു മോഹന്‍ദാസായിരുന്നു ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ അനുരാഗ് കശ്യപിന്റെ ചിത്രത്തില്‍ അഭിനയിക്കാനുളള അവസരമാണ് റോഷന്‍ മാത്യൂവിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് മുംബൈയില്‍ ആരംഭിക്കും.

റോഷന് ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു ഗീതു മോഹന്‍ദാസിന്റെ പോസ്റ്റ് വന്നത്. സംവിധായികയുടെ മൂത്തോന്‍ എന്ന പുതിയ ചിത്രത്തില്‍ റോഷന്‍ അഭിനയിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ മൂത്തോന്‍ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. നിവിന്‍ പോളി നായകവേഷത്തില്‍ എത്തുന്ന സിനിമ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്.



Click it and Unblock the Notifications











