ദിലീപ് നായകനാകുന്ന റണ്‍ ഗോപാല റണ്‍ ജൂലായില്‍ തുടങ്ങും
മാസങ്ങളുടെ ഇടവേളയ്‌ക്കു ശേഷം ഒരു ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്‌ക്കുന്നു. 'റണ്‍ ഗോപാല റണ്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ജൂലായില്‍ ആരംഭിയ്‌ക്കുക.
അമ്മ നിര്‍മ്മിയ്‌ക്കുന്ന ട്വന്റി ട്വന്റിയില്‍ പ്രധാന വേഷമവതരിപ്പിയ്‌ക്കുന്നതിനു പുറമെ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ചുമതലയും വഹിയ്‌ക്കുന്ന ദിലീപ് ഈ തിരക്കുകള്‍ കൊണ്ടു തന്നെ സ്വന്തം ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും മാറി നില്‌ക്കുകയായിരുന്നു.
മലയാള സിനിമാ സാങ്കേതിക വിദഗ്‌ദ്ധര്‍ രണ്ടു ചേരിയായി വിഭജിച്ച സാഹചര്യത്തില്‍ ചിത്രത്തിന്റെ നിര്‍മാണത്തെ ഏവരും ആകാംക്ഷയോടെയാണ് കാണുന്നത്.
ചലച്ചിത്ര രംഗത്ത് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളുടെ മൂല കാരണമെന്ന് മാക്ട പക്ഷം ആരോപിയ്‌ക്കുന്ന ദിലീപ് നായകനാകുന്ന ഈ ചിത്രത്തിന് വിവാദവുമായി നേരിട്ട് ബന്ധമുണ്ട്.
തുളസീദാസ് ദിലീപിനെ നായകനാക്കി നിര്‍മ്മിയ്‌ക്കാനിരുന്ന കുട്ടനാടന്‍ എക്‌സ്‌പ്രസിന്റെ നിര്‍മാതാവായ ശശി അയ്യഞ്ചിറയാണ് റണ്‍ ഗോപാല റണ്ണിന്റെയും നിര്‍മാതാവ്.
ഒരു മുഴു നീള ഹാസ്യ ചിത്രമായി റണ്‍ ഗോപാല റണ്‍ ഒരുക്കുന്നത് നടി സുചിത്രയുടെ സഹോദരന്‍ ദീപു കരുണാകരനാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications