താരപ്പൊലിമയില്‍ എന്തിരിക്കുന്നു, ഇതാണ് വിജയം
പേരിനൊപ്പം സൂപ്പര്‍താരപ്പൊലിമയും ഉണ്ടെങ്കില്‍ മാത്രമേ സിനിമകള്‍ തിയേറ്റര്‍ കയറുകയുള്ളൂ എന്ന മലയാളി പ്രേക്ഷകരുടെ കാഴ്ച്ചപ്പാടുകളെ മാറ്റി മറിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഒന്ന് രണ്ടാഴ്ചകളായി തിയേറ്ററില്‍ കണ്ടുകൊണ്ടിരിക്കുന്നത്. യാതൊരു താരപ്പൊലിമയുമില്ലാതെ വന്ന വെള്ളിമൂങ്ങ, ഹോംലി മീല്‍സ്, ഇതിഹാസ എന്നീ ചിത്രങ്ങളാണ് മികച്ച അഭിപ്രായത്തിനൊപ്പം മികച്ച കളക്ഷനും നേടി പ്രദര്‍ശനം തുടരുന്നത്.
ജിബു ജേക്കബ് എന്ന ക്യാമറമാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'വെള്ളിമൂങ്ങ'. ബിജു മേനോനാണ് നായകനെന്ന് പറഞ്ഞപ്പോള്‍ കൈയ്യൊഴിഞ്ഞ നായികമാരും നിര്‍മ്മാതാക്കളും ഇതൊന്ന് കേട്ട് ഞെട്ടണം. ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ഈ വര്‍ഷത്തെ മെഗാഹിറ്റ് പട്ടികയില്‍, 'ബാംഗ്ലൂര്‍ ഡെയ്‌സി'ന് ശേഷം രണ്ടാമത് ഇടം പിടിച്ചിരിക്കുകയാണ്. ബിജുവിനൊപ്പം അജുവും നിക്കി ഗില്‍റാണിയുമൊക്കെ തകര്‍ത്തഭിനയിച്ചു.

'ജവാന്‍ ഓഫ് വെള്ളിമല' എന്ന ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഹോംലി മീല്‍സ്'. പൂര്‍ണമായും പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് സിനിമയെടുത്തിരിക്കുന്നത്. ശ്രീനിവാസനും ബാലചന്ദ്രമേനോനുമൊക്കെ ശേഷം, തിരക്കഥാകൃത്ത് തന്നെ നായകനുമാകുന്ന ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു ഹോംലി മീല്‍സ് വിപിന്‍ അറ്റലിയിലൂടെ. എല്‍ജെ ഫിലിംസ് അവതരിപ്പിച്ച ചിത്രം രണ്ടാഴ്ച പിന്നിടുമ്പോള്‍ ആദ്യം റിലീസ് ചെയ്യാന്‍ തയ്യാറാകാത്ത 20 ല്‍ അധികം തിയേറ്ററുകളും ഏറ്റെടുത്തു കഴിഞ്ഞു.
ഇതിഹാസം സൃഷ്ടിച്ചുകൊണ്ടാണ് 'ഇതിഹാസ' പ്രദര്‍ശനം തുടരുന്നത്. സിനിമയുമായി നേരത്തെ യാതൊരു അടുപ്പവും ഇല്ലാത്ത ഒരുകൂട്ടം യുവാക്കള്‍ ഷൈന്‍ ടോം ചാക്കോ, അനുശ്രീ,ബാലു എന്നീ യുവതാരങ്ങളെ നായകരാക്കി ഒരുക്കിയതാണ് ഇതിഹാസ. വെള്ളിയാഴ്ച ആദ്യ ഷോക്ക് പതിവ് പോലെ തീരെ ആളില്ലാതിരുന്ന ചിത്രം പിന്നീട് രണ്ടു ദിവസം പിന്നിടുമ്പോള്‍ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം ഹൗസ് ഫുള്‍ ബോര്‍ഡ് തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഈ സിനിമകള്‍ വിജയമാകുമ്പോള്‍ പ്രധാനമായി അഭിനന്ദിക്കപ്പെടേണ്ടത് ഈ സിനിമയുടെ നിര്‍മാതാക്കളാണ്. സാറ്റ് ലൈറ്റ് പോലും വിറ്റുപോകാതെയാണ് ഈ മൂന്നു ചിത്രങ്ങളും തിയേറ്ററില്‍ എത്തിയത്. യാതൊരു വിധ ഗ്യാരണ്ടിയും ഇല്ലാതെ സിനിമയോടുള്ള വിശ്വാസവും, സ്‌നേഹവും കൊണ്ട് മാത്രം കോടികള്‍ മുടക്കിയവര്‍. നല്ല സിനിമകളെ സ്‌നേഹിക്കുന്നവരാണ് ഇവരെപ്പോലുള്ളവരുടെ വിശ്വാസത്തിന് അടിസ്ഥാനം.


Click it and Unblock the Notifications











