കഥാപാത്രം കുറേനാള്‍ വേട്ടയാടി! ആ സീന്‍ ചെയ്യേണ്ടായിരുന്നുവെന്ന് തോന്നിയെന്നും സൈജു കുറുപ്പ്
മയൂഖമെന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ നായകനായ സൈജു കുറുപ്പിനെ മറന്നിരിക്കാനിടയില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ച അഭിനേതാക്കളിലൊരാളാണ് സൈജുവും. കോമഡിയായാലും വില്ലത്തരമായാലും അത് തന്നില്‍ സുരക്ഷിതമായിരിക്കുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. 14 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ തനിക്ക് മറക്കാന്‍ പറ്റാത്ത, മനസ്സില്‍ നിന്നും മായാത്ത കഥാപാത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖമെന്ന സിനിമയിലൂടെയായിരുന്നു സൈജു കുറുപ്പ് തുടക്കം കുറിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഈ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായുള്ള നായകനായിരുന്നു ചിത്രത്തിലേത്. മംമ്ത മോഹന്‍ദാസിനൊപ്പമുള്ള കെമിസ്ട്രിക്ക് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം മനോഹരമായിരുന്നു. നായകനായാണ് തുടങ്ങിയതെങ്കിലും പിന്നീട് എല്ലാവിധ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചായിരുന്നു താരം മുന്നേറിയത്.

കുടുംബത്തിന്റെ ശക്തമായ പിന്തുണയാണ് തന്നെ നയിക്കുന്നത്. വളരെ അച്ചടക്കമുള്ള ജീവിതമാണ്. അനാവശ്യമായ സമ്മര്‍ദ്ദങ്ങളൊന്നും കുടുംബത്തില്‍ നിന്നുമില്ല. താന്‍ ജോലിയിലായിരിക്കുമ്പോള്‍ അവരാരും ശല്യം ചെയ്യാറില്ല. ഭാര്യ അനു എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുന്നയാളാണ്. തന്നെ അറിയിക്കാതെ കാര്യങ്ങളെല്ലാം കൃത്യമായി അവള്‍ ചെയ്യാറുണ്ടെന്നും സൈജു കുറുപ്പ് പറഞ്ഞിരുന്നു.

കുറേനാള്‍ ആ കഥാപാത്രം തന്നെ വേട്ടയാടിയിരുന്നുവെന്നും ആ ചിത്രത്തില്‍ അഭിനയിക്കേണ്ടിയില്ലായിരുന്നുവെന്ന് തോന്നിയെന്നും താരം പറയുന്നു. വികെ പ്രകാശ് സംവിധാനം ചെയ്ത താങ്ക് യു എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചായിരുന്നു താരം ഇങ്ങനെ പറഞ്ഞത്. സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷവും നാളുകളോളം ആ കഥാപാത്രം മനസ്സിനെ വേട്ടയാടിയിരുന്നു.

താന്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രത്തിന്റെ മകളെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഉപദ്രവിക്കുകയും മകള്‍ കൊല്ലപ്പെടുകയും ചെയ്യുന്ന രംഗവുമുണ്ടായിരുന്നു ആ ചിത്രത്തില്‍. മകളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്ന രംഗമുണ്ടായിരുന്നു. ആ സീന്‍ വല്ലാതെ വേദനിപ്പിച്ചു, താനും ഒരച്ഛനായതിനാലാവാം, ആ സീന്‍ ചെയ്യേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

സിനിമയിലെ തുടക്കകാലത്ത് പലരും അത്ര നല്ല അനുഭവങ്ങളായിരുന്നില്ല തനിക്ക് സമ്മാനിച്ചതെന്ന് വ്യക്തമാക്കി നേരത്തെ താരം എത്തിയിരുന്നു. പൊതുവെ ആരേയും വേദനിപ്പിക്കാത്ത പ്രകൃതക്കാരനായിരുന്നിട്ട്കൂടി അത്ര നല്ല അനുഭവങ്ങളായിരുന്നില്ല തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നായകനില്‍ നിന്നും ഹാസ്യനടനിലേക്ക് ചുവടുമാറ്റിയപ്പോഴും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും താരത്തിന്റെ ആരാധകപിന്തുണയെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല.


Click it and Unblock the Notifications