96ന്റെ തെലുങ്ക് പതിപ്പില്‍ സാമന്തയും ഷര്‍വാനന്ദും! സിനിമ പ്രഖ്യാപിച്ചു! ഷൂട്ടിംഗ് ഉടന്‍
വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 അടുത്തിടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സിനിമകളിലൊന്നായിരുന്നു. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ചു പഠിച്ച രണ്ടു പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.
സി പ്രേംകുമാറായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. സിനിമയിലെ റാം,ജാനു എന്നീ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തിരുന്നു. അടുത്തിടെയായിരുന്നു ചിത്രത്തിന് തെലുങ്കിലും റിമേക്ക് വരുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സാമന്തയും നാനിയും പ്രധാന വേഷങ്ങളിലെത്തുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴിതാ തെലുങ്കിലെ യുവതാരം ഷര്‍വാനന്ദും സാമന്തയുമാകും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുകയെന്ന് സ്ഥിരീകരണം വന്നിരിക്കുകയാണ്. സി പ്രേംകുമാര്‍ തന്നെയാണ് സിനിമ തെലുങ്കിലും സംവിധാനം ചെയ്യുന്നത്.
ശ്രീ വെങ്കിടേശ്വര മൂവീസിന്റെ ബാനറില്‍ ദില്‍ രാജു ചിത്രം നിര്‍മ്മിക്കുന്നു. സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. അടുത്തിടെ 96ന്റെ കന്നഡ റീമേക്കും പ്രഖ്യാപിച്ചിരുന്നു. 99 എന്നു പേരിട്ട ചിത്രത്തില്‍ കന്നഡത്തിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും ഭാവനയുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്.


Click it and Unblock the Notifications