'കതിരിൽ വളം വെച്ചിട്ടെന്തിനാ?, ആൺകുട്ടികളെ ചെറുപ്പം മുതൽ ഇവയെല്ലാം പഠിപ്പിക്കണം'; വീണ്ടും കുറിപ്പുമായി സാമന്ത!
നാഗചൈതന്യയുമായുള്ള വേർപിരിയലിന് ശേഷം തിരികെ ജീവിതത്തിലേക്ക് വരാനുള്ള ശ്രമത്തിലാണ് നടി സാമന്ത. സിനിമയിൽ വീണ്ടും സജീവമായി തുടങ്ങിയിരിക്കുകയാണ് താരം. നിരവധി സിനിമകളാണ് ഇപ്പോൾ സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നാഗചൈതന്യയുമായുള്ള വർഷങ്ങൾ നീണ്ട പ്രണയവും നാല് വർഷത്തെ വിവാഹ ജീവിതത്തിനും അവസാനം കുറിച്ചപ്പോൾ വലിയ ആഘാതം തനിക്കുണ്ടായതായി സാമന്ത തന്നെ പലപ്പോഴും പറഞ്ഞിരുന്നു. വിവാഹമോചന വാർത്ത സാമന്തയും നാഗചൈതന്യയും ഒരുമിച്ചാണ് സോഷ്യൽമീഡിയ വഴി അറിയിച്ചത്.

കഴിഞ്ഞ ദിവസം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉദ്ബോധിച്ച് കൊണ്ട് സാമന്ത പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. തനിക്ക് പറ്റിയ അബദ്ധം മറ്റൊരാൾക്കും സംഭവിക്കരുത് എന്ന തരത്തിലാണ് സാമന്ത കുറിപ്പ് പങ്കുവെച്ചത്. ഇപ്പോൾ ആൺകുട്ടികളെ ചെറുപ്പം മുതൽ ശീലിപ്പിക്കേണ്ട കാര്യങ്ങളെ കുറിച്ച് സാമന്ത പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. 'നിങ്ങളുടെ പെൺമക്കളെ ലൈംഗികബന്ധത്തിൽ ഏർപ്പെടരുതെന്ന് പഠിപ്പിക്കുന്നതിന് പകരം സ്ത്രീകളെ ലൈംഗിക ചുവയോടെ കാണരുത് എന്ന് നിങ്ങളുടെ ആൺമക്കളെ പഠിപ്പിക്കുക. നിങ്ങളുടെ പെൺ മകൾക്ക് ലൈംഗീകതയ്ക്കുള്ള അവകാശം നിഷേധിക്കുന്നത് അവളെ വസ്തുവൽക്കരിക്കുന്നതിന് തുല്യമാണ്' എന്നാണ് സാമന്ത കുറിച്ചത്.
അടുത്തിടെയാണ് സാമന്ത അക്കിനേനി ഏറ്റവും പുതിയ സിനിമയായ യശോദയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. മലയാളി താരം ഉണ്ണി മുകുന്ദനും യശോദയിൽ അഭിനയിച്ചിട്ടുണ്ട്. യശോദ സംവിധാനം ചെയ്യുന്നത് ഹരിയും ഹരീഷും ചേർന്നാണ്. സിനിമ സാമന്തയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ പറയുക എന്നാണ് റിപ്പോർട്ട്. കൂടാതെ വിഘ്നേഷ് ശിവൻ സിനിമ കാത്തുവാക്ക്ലെ രണ്ട കാതലിലും സാമന്ത അഭിനയിച്ചിട്ടുണ്ട്. വിജയ് സേതുപതി നായകനായ സിനിമയിൽ നയൻതാരയാണ് മറ്റൊരു നായിക. സിനിമയുടെ റിലീസ് അടുത്ത വർഷം ഉണ്ടായേക്കും. ശാകുന്തളമാണ് സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ.
സാമന്ത ഏറ്റവും അവസാനം അഭിനയിച്ചത് അല്ലു അർജുൻ സിനിമ പുഷ്പയിലാണ്. ചിത്രത്തിലെ ഒരു ഐറ്റം ഡാൻസിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സാമന്തയുടെ ആ നൃത്ത രംഗങ്ങൾ വൈറലായിരുന്നു. അല്ലു അർജുൻ നായകനായെത്തി തീയേറ്ററുകളെ ഇളക്കി മറിച്ച ചിത്രമാണ് പുഷ്പ. ഡിസംബർ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രവുമായിരുന്നു. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രമിറങ്ങി 2 ദിവസം കൊണ്ടു തന്നെ 116 കോടി രൂപ കളക്ഷൻ നേടിയ ചിത്രം ഇതുവരെ 275 കോടിയാണ് കളക്ട് ചെയ്തതെന്നാണ് ചിത്രത്തിന്റെ നിർമാതാവ് അറിയിച്ചിരിക്കുന്നത്. ജനുവരി 6നുള്ളിൽ തന്നെ 325-350 കോടി ചിത്രം നേടുമെന്നും അദ്ദേഹം പറഞ്ഞു. സാമന്ത ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ ന്യൂ ഇയർ ആഘോഷത്തിലാണ്.


Click it and Unblock the Notifications