ദുല്‍ഖറിന്റെ സംസാരം ആരോഗ്യത്തിന് ഹാനീകരം
നേരത്തിന് ശേഷം മറ്റൊരു ചിത്രം കൂടെ തമിഴിലും മലയാളത്തിലും ഒന്നിച്ചൊരുക്കുന്നു. നേരത്തില്‍ നിവിന്‍ പോളിയും നസ്‌റിയ നസീമുമാണ് ജോഡികളായതെങ്കില്‍ പുതിയ ചിത്രത്തില്‍ നസ്‌റിയ നസീമും ദുല്‍ഖര്‍ സല്‍മാനുമാണ് താരങ്ങള്‍. നേരം നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം എന്ന പോലെ ഈ ചിത്രം ദുല്‍ഖറിന്റെയും ആദ്യ തമിഴ് ചിത്രമായിരിക്കും.
വായ് മൂടി പേസുവോം എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്. മലയാളത്തിലെത്തുമ്പോള്‍ അത് 'സംസാരം ആരോഗ്യത്തിന് ഹാനീകരം' എന്നാകുന്നു. സലാല മൊബൈല്‍സിന് ശേഷം നസ്‌റിയ നസീമും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ജോഡി ചേരുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

കാതലില്‍ സൊതപ്പുവത് എപ്പടി എന്ന ചിത്രത്തിന് ശേഷം ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ബാലാജി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതും. ദുല്‍ഖറിനും നസ്‌റിയയ്ക്കും പുറമെ ആദ്യകാല നായിക മധുപാലയും ചിത്രത്തിലെത്തുന്നുണ്ട്. അനിരുദ്ധന്റെ പാട്ടാണ് മറ്റൊരു പ്രതീക്ഷ.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലാണ് ദുല്‍ഖറും നസ്‌റിയയും ഇപ്പോള്‍ അഭിനിയച്ചുകൊണ്ടിരിക്കുന്നത്. യുവതാരങ്ങളെ അണിനിരത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇവരെക്കൂടാതെ ഫഹദ് ഫാസില്‍, നിവിന്‍ പോളി, ഇഷ തല്‍വര്‍, നിത്യാ മോനോന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











