എല്ലാം നന്നായി വരട്ടെയേന്ന് പ്രാര്‍ത്ഥിക്കുവാന്‍ മാത്രമേ എനിക്ക് സാധിക്കൂ: സംവൃത സുനില്‍
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെട്ട നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹ ശേഷം സിനിമകളില്‍ നിന്ന് മാറിയെങ്കിലും നടിയുടെ തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും നായികയായി തിളങ്ങിയ നടി കൂടിയാണ് സംവൃത സുനില്‍. നായികയായും സഹനടിയായും അതിഥി വേഷങ്ങളിലും നടി സിനിമകളില്‍ അഭിനയിച്ചിരുന്നു.
വിവാഹ ശേഷമുളള തിരിച്ചുവരവില്‍ ചാനല്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായിട്ടാണ് നടി എത്തിയിരുന്നത്. തുടര്‍ന്ന് ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലും നടി അഭിനയിച്ചു. സിനിമ ഇന്നാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

സംവൃതയുടെ തിരിച്ചുവരവ്
വിവാഹ ശേഷവും മലയാളത്തിലേക്ക് തിരിച്ചെത്തിയ നായികമാര്‍ നിരവധിയാണ്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരുന്ന നായികമാരുടെ തിരിച്ചുവരവ് ശ്രദ്ധേയമായി മാറുകയും ചെയ്തിരുന്നു. തിരിച്ചുവരവില്‍ തിളങ്ങാനാണ് സംവൃത സുനിലും പുതിയ ചിത്രവുമായി എത്തിയിരിക്കുന്നത്. എഴ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവൃത വീണ്ടും മലയാളത്തിലേക്ക് എത്തിയിരിക്കുന്നത്. സിനിമയില്‍ ബിജു മേനോനൊപ്പം നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രത്തെ തന്നെയാണ് സംവൃത അവതരിപ്പിക്കുന്നത്.

നടി പറഞ്ഞത്
സിനിമ ഇന്ന് റിലീസ് ചെയ്തപ്പോള്‍ അമേരിക്കയില്‍ ഭര്‍ത്താവിനും മകനുമൊപ്പമാണ് സംവൃതയുളളത്. സത്യം പറഞ്ഞാ വിശ്വസിക്കുവോ സിനിമയുടെ റിലീസ് ദിനം ചിത്രത്തെക്കുറിച്ചുളള പ്രതീക്ഷകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നത്. സിനിമയില്‍ ഗീത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഗീത എന്ന കഥാപാത്രത്തെക്കുറിച്ചുളള പ്രതീക്ഷകളും നടി തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നു.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമുളള കഥാപാത്രം
ഇത് ഗീതയുടെ ആദ്യത്തെ സെല്‍ഫിയാണ്. ഏറെ ഇഷ്ടത്തോടെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അവതരിപ്പിച്ച കഥാപാത്രം ഇന്ന് തിയ്യേറ്ററുകളില്‍ എത്തുകയാണ്. ലോകത്തിന്റെ മറ്റൊരു ഭാഗത്തുനിന്നും, വീട്ടിലെ സാധാരണ ജോലികള്‍ ചെയ്യുന്നതിനിടെ, എല്ലാം നന്നാവട്ടെയെന്നും ഞങ്ങളുടെ കൊച്ച് സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകരണം ലഭിക്കട്ടെയെന്നും പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. സംവൃത സുനില്‍ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബിജു മേനോന്റെ നായിക
ബിജു മേനോന്റെ നായികയായി സംവൃത സുനില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്ത സിനിമയില്‍ തനി നാട്ടിന്‍ പുറത്തുകാരിയായ ഭാര്യയുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ സജീവ് പാഴൂരാണ് സിനിമയ്ക്ക് വേണ്ടിയും കഥയെഴുതിയിരിക്കുന്നത്.

പാട്ടുകള്‍ക്കും ടീസറിനും
സത്യം പറഞ്ഞാ വിശ്വസിക്കുവോയുടെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ബിജു മേനോനും സംവൃതയ്ക്കും പുറമെ അലന്‍സിയര്‍. സുധി കോപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ എത്തുന്നുണ്ട്. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു. ഗ്രീന്‍ ടിവി എന്റര്‍ടെയ്നേഴ്സും ഉര്‍വ്വഴി തിയ്യേറ്റേഴ്സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.


Click it and Unblock the Notifications











