എസ് ദുര്‍ഗയ്ക്കു ശേഷം ഉന്മാദിയുടെ മരണവുമായി സനല്‍കുമാര്‍ ശശിധരന്‍! ഫസ്റ്റ്‌ലുക്ക് കാണാം
കലാമൂല്യമുളള സിനിമകള്‍ ഒരുക്കിയതിലൂടെ സിനിമാ പ്രേമികളുടെ ഒന്നടങ്കം ഇഷ്ടം പിടിച്ചു പറ്റിയ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍. പ്രകാശ് ബാരെ നായകനായെത്തിയ ഒരാള്‍പ്പൊക്കം ആയിരുന്നു സനല്‍കുമാര്‍ ശശിധരന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം. 2014ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ അദ്ദേഹം മികച്ച സംവിധായകനുളള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. കാഴ്ച ചലച്ചിത്ര വേദിയൊരുക്കിയ ഈ ചിത്രം വിവിധ ഫിലിം ഫെസ്റ്റിവലുകളിലും മറ്റും പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഒരാള്‍പ്പൊക്കത്തിനു ശേഷം ഒഴിവു ദിവസത്തെ കളി എന്ന ചിത്രമായിരുന്നു സനല്‍ സംവിധാനം ചെയ്തിരുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ഉണ്ണി ആറിന്റെ ചെറുകഥയെ ആധാരമാക്കിയായിരുന്നു സനല്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.

പുതുമുഖ നടന്‍മാരായിരുന്നു ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തിയിരുന്നത്. കലാമൂല്യ പരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രം ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നടന്‍ ആഷിക്ക് അബുവായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ വിതരണത്തിനെത്തിച്ചിരുന്നത്. ഒഴിവു ദിവസത്തെ കളിക്ക് ശേഷം സനലൊരുക്കിയ എസ് ദുര്‍ഗ ഏറെ വിവാദങ്ങളില്‍പ്പെട്ടൊരു ചിത്രമായിരുന്നു. സെക്‌സി ദുര്‍ഗ എന്ന് ആദ്യം പേരിട്ട ചിത്രത്തിന് പിന്നീട് എസ് ദുര്‍ഗ എന്ന പേര് നല്‍കുകയായിരുന്നു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്ന് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയതോടെയാണ് പേര് മാറ്റാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായത്.
സെക്‌സി ദുര്‍ഗയ്ക്കു ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉന്മാദിയുടെ മരണം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സനല്‍കുമാര്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. എസ് ദുര്‍ഗയ്ക്കു ശേഷമുളള പുതിയ ചിത്രവും മികവുറ്റതായിരിക്കുമെന്നാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നും വ്യക്തമാവുന്നത്. ഡെത്ത് ഓഫ് ഇന്‍സെയ്ന്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. രാജശ്രീ പാണ്ഡെ,കണ്ണന്‍ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. ലൂസിനാഹ് ഹൊവാന്‍ഷ്യനാണ് ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നത്. നടന്‍ മുരളി ഗോപിയും ചിത്രത്തിന്റെയൊരു ഭാഗമായി എത്തുന്നുണ്ട്. എസ് ദുര്‍ഗയ്ക്ക് ശേഷമിറങ്ങുന്ന ചിത്രമെന്ന നിലയില്‍ ഉന്മാദിയുടെ മരണം എന്ന ചിത്രവും മികച്ചതാകുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications











