കോവിഡ് നെഗറ്റീവ് ആയ ശേഷം ആറാട്ട് ലൊക്കേഷനില്‍, ചിത്രത്തെ കുറിച്ച് സന്തോഷ് കീഴാറ്റൂര്‍
സഹനടനായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സന്തോഷ് കീഴാറ്റൂര്‍. നാടകരംഗത്തുനിന്നും സിനിമയിലെത്തിയ നടന്‍ സൂപ്പര്‍താര സിനിമകളിലെല്ലാം പ്രാധാന്യമുളള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലാല്‍ ജോസ് ചിത്രം വിക്രമാദിത്യനിലൂടെയാണ് നടന്‍ സിനിമയില്‍ സജീവമായത്. ചിത്രത്തില്‍ കുഞ്ഞുണ്ണി മേനോന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു താരം. മോഹന്‍ലാലിന്റെ പുലിമുരുകന്‍ പോലുളള സിനിമകളിലെ നടന്‌റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം സന്തോഷ് കീഴാറ്റൂരിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് വെെറലായിരുന്നു.

കോവിഡ് നെഗറ്റീവായ വിവരം പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്തിയത്. ഒപ്പം കോവിഡ് ഭേദമായ ശേഷം മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ അഭിനയിക്കാന്‍ പോവുന്നതിന്‌റെ സന്തോഷവും നടന്‍ പങ്കുവെച്ചു. സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകളിലേക്ക്: എപ്പഴും പോസിറ്റീവ് ആകണം എന്നു തന്നെയാ ചിന്ത....രണ്ട് ദിവസം പനിച്ചു. പിറ്റേന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ് (കോവിഡ്), കുഴപ്പം പിടിച്ച പോസിറ്റീവ്, പിന്നെ പത്ത് ദിവസം ഒരേ ചിന്ത എത്രയും വേഗം നെഗറ്റീവ് ആകണം. കൃത്യം പത്താമത്തെ ദിവസം നെഗറ്റീവ്.
നെഗറ്റീവ് ആയതിന് ശേഷം (റിവേഴ്‌സ് ക്വാറന്റേനു ശേഷം ) വീണ്ടും പോസിറ്റീവ് ആകാന്‍ ( കോവിഡ് പോസിറ്റീവ് അല്ല ) ശ്രമം തുടങ്ങി....അങ്ങിനെ ആറാട്ട് ലൊക്കേഷനില്‍ എത്തപ്പെട്ടു. നെയ്യാറ്റിന്‍കര ഗോപന്റെ ( നമ്മുടെ ലാലേട്ടന്റെ) ഒന്നൊന്നര ആറാട്ട് കുറച്ച് ദിവസം നേരിട്ട് കാണുവാനും, ആറാട്ടില്‍ പങ്കാളിയാവാനും ഭാഗ്യം ലഭിച്ചപ്പോള്‍ ഒന്നൊന്നര പോസിറ്റീവ് എനര്‍ജി കിട്ടി.
Recommended Video
കാത്തിരിക്കാം തീയേറ്ററുകള്‍ പൂരപറമ്പാക്കുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിനായി..ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ്. മഹാനടനാണ്, ഈ രോഗകാലത്ത് നിങ്ങള്‍ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്ക് , സ്‌നേഹത്തിന് മുന്നില്‍. ബിഗ് സല്യൂട്ട്, സന്തോഷ് കീഴാറ്റൂര്‍ കുറിച്ചു. മണിയറയിലെ അശോകനാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‌റെ പിതാവിന്റെ വേഷത്തിലാണ് നടന്‍ എത്തിയത്.


Click it and Unblock the Notifications











