മിനിമോളുടെ അച്ഛനും സൂപ്പര്‍ ഹിറ്റിലേക്ക്?
കൊച്ചി: സ്വയം പ്രഖ്യാപിത സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ മൂന്നാമത്തെ ചിത്രമായ മിനിമോളുടെ അച്ഛനും തീയറ്ററുകളില്‍ വന്‍ സ്വീകരണമെന്ന് റിപ്പോര്‍ട്ട്. സന്തോഷ് പണ്ഡിറ്റിനെയും പണ്ഡിറ്റിന്റെ സിനിമാ പരീക്ഷണങ്ങളെയും എതിര്‍ക്കുന്നവര്‍ പോലും മിനിമോളുടെ അച്ഛന്‍ കാണാന്‍ ക്യൂ നില്‍ക്കുന്നുണ്ട് എന്നാണ് വിവരം. ബി ക്ലാസ് തീയറ്ററുകളില്‍ രണ്ട് ഷോയുമായി തുടങ്ങിയ പല സ്ഥലങ്ങളിലും മിനിമോളുടെ അച്ഛന്‍ മൂന്ന് ഷോയായി കൂടിയിട്ടുണ്ടത്രെ.
പതിവുപോലെ എട്ട് നായികമാരും എട്ട് പാട്ടുകളും സംഘട്ടനങ്ങളും കുത്തിനിറച്ചാണ് സന്തോഷ് പണ്ഡിറ്റ് മിനിമോളുടെ അച്ഛന്‍ സംവിധാനം ചെയ്തിരിക്കുന്നത്. കൃഷ്ണനും രാധയും, സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്നീ ചിത്രങ്ങളിലേത് പോലെ തന്നെ സംവിധാനത്തിന് പുറമേ നിര്‍മാണം, ഗാനരചന, സംഗീതം, ആലാപനം, നൃത്തം, വസ്ത്രാലങ്കാരം തുടങ്ങിയ തന്ത്രപ്രധാന വിഭാഗങ്ങളും സന്തോഷ് പണ്ഡിറ്റ് തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

പതിവുപോലെ സന്തോഷ് പണ്ഡിറ്റ് എന്ന് എഴുതി കയ്യൊപ്പിട്ട സൂപ്പര്‍ ഡയലോഗുകളാണ് മിനിമോളുടെ അച്ഛന്റെയും ഹൈലൈറ്റ്. 'ആടിനെ കെട്ടാന്‍ ആനയുടെ ചങ്ങല ആവശ്യമില്ല' എന്ന് സ്വതസിദ്ധമായ ശൈലിയില്‍ സന്തോഷ് പണ്ഡിറ്റ് പഞ്ച് ഡയലോഗ് പറയുമ്പോള്‍ തീയറ്ററുകളില്‍ കയ്യടിയുടെ പൂരം. ബൗദ്ധിക ജാഡകളൊന്നുമില്ലാതെ പടമെടുക്കുന്ന പണ്ഡിറ്റിനെ കാണാന്‍ വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ആളുകള്‍ തീയറ്ററിലെത്തുന്നത്.
കുറച്ച് നേരം അര്‍മാദിച്ച് ചിരിക്കാനും ബഹളം വെക്കാനും തീയറ്ററിലെത്തുന്നവരാണ് പണ്ഡിറ്റ് സിനിമകളെ വിജയിപ്പിക്കുന്നത്. ടി വി ഇന്റര്‍വ്യൂകളില്‍ തുടര്‍ച്ചയായി അവഹേളിക്കപ്പെടുന്ന പണ്ഡിറ്റിനോട് ആളുകള്‍ക്ക് സഹതാപത്തില്‍ പൊതിഞ്ഞ ഇഷ്ടവും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. സൂര്യ ടി വിയില്‍ സംപ്രേക്ഷണം ചെയ്ത മലയാളി ഹൗസും സന്തോഷ് പണ്ഡിറ്റിന്റെ ഇമേജ് മെച്ചപ്പെടുത്തിയിരുന്നു. ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിലാണ് സന്തോഷ് പണ്ഡിറ്റ് മിനിമോളുടെ അച്ഛന്‍ നിര്‍മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











