മഞ്ജു വാര്യര്‍ക്കൊപ്പം ജാക്ക് ആന്‍ഡ് ജില്ലില്‍ പൃഥ്വിരാജും! സസ്‌പെന്‍സ് പരസ്യമാക്കി സംവിധായകന്‍
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ജാക്ക് ആന്‍ഡ് ജില്‍. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. കാളിദാസ് ജയറാമിനും സൗബിന്‍ ഷാഹിറിനുമൊപ്പം പുത്തന്‍ ലുക്കില്‍ മഞ്ജു വാര്യരെത്തിയപ്പോള്‍ ആരാധകരും ആ ഫോട്ടോ ഏറ്റെടുക്കുകയായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട സുപ്രധാന വിവരവുമായെത്തിയിരിക്കുകയാണ് സംവിധായകനായ സന്തോഷ് ശിവന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ചിത്രത്തില്‍ പൃഥ്വിരാജും സഹകരിച്ചിരുന്നുവെന്നായിരുന്നു സന്തോഷ് ശിവന്‍ വെളിപ്പെടുത്തിയത്. സിനിമയുടെ വിവരണം നല്‍കാനായാണ് അദ്ദേഹം എത്തിയത്. പൃഥ്വിയുടെ ഭാഗങ്ങളുടെ റെക്കോര്‍ഡിംഗെല്ലാം ഇതിനകം തന്നെ പൂര്‍ത്തിയാക്കിയതാണ്. സിനിമയുടെ ഗ്രേഡിംഗ് ഉള്‍പ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കും പൂര്‍ത്തിയായെന്നും അദ്ദേഹം പറയുന്നു.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരുവിന്റെ വിവരണവും പൃഥ്വിയുടെ ശബ്ദത്തിലായിരുന്നു ചിത്രത്തില്‍ അതിഥി താരമായും പൃഥ്വി എത്തിയിരുന്നു. അതിനാല്‍ത്തന്നെ ജാക്ക് ആന്‍ഡ് ജില്ലില്‍ അതിഥിയായി താരമുണ്ടോയെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

സന്തോഷ് ശിവനുമായി വര്‍ഷങ്ങളായുള്ള പരിചയമാണ് പൃഥ്വിരാജിനുള്ളത്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രണ്ട് സിനിമകളില്‍ നായകനായെത്തിയത് താരമായിരുന്നു. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളായി മാറിയിരുന്നു അനന്തഭദ്രവും ഉറുമിയും. ആഗസ്റ്റ് സിനിമാസസിന്‍രെ പാര്‍ട്‌നണര്‍മാരായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ച് താരം പറഞ്ഞതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് രൂപീകരിച്ചതും.
സംവിധാനം മാത്രമല്ല ജാക്ക് ആന്‍ഡ് ജില്ലിന്റെ ഛായാഗ്രാഹണവും സന്തോഷ് ശിവന്‍ തന്നെയാണ്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മഞ്ജു വാര്യരും സന്തോഷ് ശിവനും ആദ്യമായൊരുമിക്കുന്ന സിനിമയെന്ന നിലയില്‍ ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്ക് വന്‍പ്രതീക്ഷയാണ്.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ രമേഷ് പിഷാരടി, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
പൃഥ്വിരാജും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ചെത്തുമോയെന്ന തരത്തിലുള്ള ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ താരമായിരിക്കുമോ നായികയെന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. ഇതിനിടയിലാണ് ജാക്ക് ആന്‍ഡ് ജില്ലുമായി പൃഥ്വിയും സഹകരിക്കുന്നുണ്ടെന്ന വിവരമെത്തിയത്.


Click it and Unblock the Notifications











